

സേതുമാധവൻ സമ്മാനിച്ച വിങ്ങലും ശൂന്യതയും ഇന്നും മലയാളി പ്രേക്ഷകരിൽ നിന്നും വിട്ടുമാഞ്ഞിട്ടുണ്ടാവില്ല. 37 വർഷങ്ങൾക്കിപ്പുറം 'കിരീടം' ബിഗ് സ്ക്രീനിൽ പുത്തൻ സാങ്കേതികവിദ്യയോടെ തിരിച്ചെത്തുകയാണ്. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ ടീമിന്റെ ക്ലാസിക് ചിത്രം വീണ്ടും ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ 1989 ല്‍ ചിത്രത്തിന്‍റെ ആദ്യ റിലീസിന്‍റെ സമയത്ത് ഫൈനല്‍ ഔട്ടില്‍ നിന്ന് ഒഴിവാക്കിയ മൂന്ന് രംഗങ്ങളെക്കുറിച്ച് പറയുകയാണ് സിബി മലയിൽ. ജഗതിയുടെ സീനുകളാണ് വെട്ടിയതെന്നും സിബി മലയിൽ സില്ലി മോങ്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഈ സിനിമയില്‍ നിന്ന് ഒരു മൂന്ന് സീന്‍ ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴല്ല, അന്ന്. വര്‍ക്ക് കഴിഞ്ഞ് ഫൈനല്‍ ഔട്ട് എടുത്ത് ഞങ്ങള്‍ മാത്രമായി ചെന്നൈയിലെ തിയറ്ററില്‍ അന്ന് ഫസ്റ്റ് കോപ്പി കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ലോഹിയോട് പറഞ്ഞു. ലോഹീ, ഇതിനകത്തുനിന്ന് ഒരു മൂന്ന് സീന്‍ മാറ്റിയാലും നമുക്ക് കുഴപ്പമില്ല. അത് ആവശ്യമില്ല. ജഗതിയുടെ ചേട്ടന്‍റെ ഒരു ക്യാരക്റ്റര്‍ ഉണ്ടായിരുന്നു. ചേട്ടന്‍റെ വീട്ടില്‍ ഇയാള്‍ ഭാര്യയുമായിട്ട് പോയി അവിടെനിന്ന് ഭക്ഷണം കഴിക്കുന്ന സീനൊക്കെ ഉണ്ടായിരുന്നു. ഈ ചേട്ടന് ഒരു ചായക്കടയുണ്ട്. ചേട്ടന്‍റെ വരുമാനത്തിന്‍റെ ഒരു പങ്കും പറ്റി ഇയാളുടെ സ്വന്തം ജോലി കളഞ്ഞിട്ട് ഇവിടെവന്ന് ഇങ്ങനെ പറ്റിക്കൂടി നില്‍ക്കുന്ന ഒരു മനുഷ്യനാണ്.
ചേട്ടന്‍റെ ചായക്കടയിലെ രണ്ട് മൂന്ന് സീനും വീട്ടിലെ ഒരു സീനും അങ്ങനെ മൂന്ന് സീന്‍ ഉണ്ടായിരുന്നു. സിനിമയുടെ ടോട്ടാലിറ്റിയില്‍ ഈ മൂന്ന് സീന്‍ ആവശ്യമില്ലെന്ന് ഫസ്റ്റ് കോപ്പി കാണുമ്പോഴാണ് തീരുമാനം എടുക്കുന്നത്. ഒരു തിരക്കഥയില്‍ നിന്ന് സാധാരണ എന്തെങ്കിലുമൊന്ന് എടുത്ത് മാറ്റിയാല്‍ അത് ചീട്ടുകൊട്ടാരം പോലെ വീഴാം. പക്ഷേ ഈ സീനുകള്‍ അതിന്‍റെ പ്രധാന ഘടനയെ ബാധിക്കാതെ മാറ്റിക്കൊണ്ടാണ് അത് ചെയ്തത്. പക്ഷേ മറ്റെവിടെയും തൊടാന്‍ പറ്റില്ല. എവിടെ തൊട്ടാലും ഇത് ചീട്ടുകൊട്ടാരമാണ്”, സിബി മലയില്‍ പറയുന്നു.
കൃപാ ഫിലിംസിന്റെ ബാനറില്‍ എന്‍. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിര്‍മിച്ചത്. മോഹന്‍ലാല്‍ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയര്‍ത്തിയ സിനിമ, കിരീടം എന്ന് കേള്‍ക്കുമ്പോള്‍ സേതുമാധവനെ ആദ്യവും ലാലിനെ പിന്നീടും ഓര്‍ക്കുന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിനിമ. മനുഷ്യരിലെ നിസഹായതയെ ആഴത്തില്‍ പ്രതിഫലിപ്പിക്കാനറിയുന്ന, ലോഹിതദാസ് എന്ന മനുഷ്യമനസിന്റെ ഉള്‍പ്പെരുപ്പറിയുന്ന മാസ്റ്റര്‍ സ്റ്റോറി ടെല്ലറുടെ, സിബി മലയില്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ, ജോണ്‍സണ്‍ എന്ന സംഗീത മാന്ത്രികന്റെ സിനിമ.സേതുമാധവനും അച്യുതന്‍ നായരുമായി മോഹന്‍ലാല്‍- തിലകന്‍ ഓണ്‍സ്‌ക്രീന്‍ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം ആണ് ലോഹിതദാസ് സിബി മലയില്‍ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്.
അത്രയേറെ പ്രാധാന്യമുള്ള ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേര്‍ന്ന മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്‌ക്രീനില്‍ എത്തുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, തിക്കുറിശ്ശി, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാന്‍ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസില്‍ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, പാര്‍വതി, മണിയന്‍പിള്ള രാജു, ഉഷ, യദു കൃഷ്ണന്‍, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്. ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
Content Highlights: Director Sibi Malayil has shared details about scenes that were removed from Kireedam during its original release. The Mohanlal starrer, released in 1989, remains one of Malayalam cinema’s most celebrated films and has returned in a restored version preserving its original visual quality.