

അടിമാലി: റിസര്‍വ് ഭൂമിയില്‍ നിന്ന് മരങ്ങള്‍ പിഴുതതിന്റെ പേരില്‍ വനംവകുപ്പിന് നഷ്ടം വന്നു എന്ന് കാണിച്ച് കേസെടുത്തതോടെ തകര്‍ന്നത് ഒരു യുവാവിന്റെ സ്വപ്‌നം. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ അജീഷിനായിരുന്നു ഈ ദുരവസ്ഥ. വ്യാഴാഴ്ച വനംവകുപ്പ് ഓഫീസിലെത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. അഞ്ച് വര്‍ഷമായി അജീഷിന്റെ ജെസിബി വനംവകുപ്പിന്റെ കസ്റ്റഡിയില്‍ ആണ്. കാടുകയറിയ നിലയിലാണ് വാഹനം. പതിനഞ്ച് ദിവസത്തിനുള്ളില്‍ വണ്ടി തിരികെ നല്‍കാമെന്നാണ് പറഞ്ഞതെന്നും ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച് വാഹനം ഹാജരാക്കുകയായിരുന്നുവെന്നും അജീഷ് പറഞ്ഞു. കോഫി വിത്ത് അരുണിലായിരുന്നു അജീഷിന്റെ പ്രതികരണം.
തനിക്കെതിരായ പരാതി എന്താണെന്ന് പോലും തനിക്ക് അറിയില്ല. അഞ്ഞൂറ് രൂപയുടെ പിഴയുടെ പേരില്‍ 35 ലക്ഷത്തിന്റെ വണ്ടി അഞ്ച് വര്‍ഷമായി പിടിച്ചിട്ടിരിക്കുകയാണെന്നും അജീഷ് പറഞ്ഞു. ഇന്ന് തരാം നാളെ തരാം എന്ന് പറഞ്ഞ് പറ്റിക്കുകയാണ്. 49,951 രൂപ വീതം മാസം അടയ്ക്കുകയാണ്. ഭാര്യയും മക്കളുമുണ്ട്. പണിയെടുത്ത് മാസം പണം അടയ്ക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്നും അജീഷ് ചോദിച്ചു. ആഗ്രഹംകൊണ്ടും വരുമാനം എന്ന നിലയ്ക്കുമാണ് വണ്ടിയെടുത്തത്. റിസര്‍വ് വനത്തില്‍ കയറി താന്‍ ഇതുവരെ ജോലി ചെയ്തിട്ടില്ല. വനം ആണോ എന്ന് തനിക്കറിയാം. അങ്ങനെ ചെയ്തിട്ടില്ലെന്നും അജീഷ് പറഞ്ഞു. ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല. അഞ്ച് വര്‍ഷം കാത്തിരുന്നു. അവര്‍ പറഞ്ഞ വാക്ക് വിശ്വസിച്ച് വണ്ടി കൊടുക്കുകയായിരുന്നു. വണ്ടി വിട്ടുതരാം എന്ന് പറഞ്ഞ് പറ്റിച്ചു. പിന്നീട് വണ്ടി വിട്ടുതരാം എന്ന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞവര്‍ തന്നെയാണ് കോടതിയില്‍ പോയത്. വാക്കിന് അന്തസ്സുണ്ടോയെന്ന് അജീഷ് ചോദിച്ചു. കണ്ടവര്‍ ഷോ കാണിക്കുന്നതിനെല്ലാം താന്‍ പ്രതികരിക്കണോ എന്ന് അനൗദ്യോഗികമായി പ്രതികരിച്ച വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പിന്നീട് സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ ഇടപെട്ടു. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2020 ജൂലൈ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ഞിക്കുഴി സ്വദേശിയായ സല്‍മോന്റെ ഭൂമിയിലായിരുന്നു ജെസിബി ഉപയോഗിച്ച് അജീഷ് വീടിന് തറയൊരുക്കുന്നത്. ഇതിനിടെ സമീപത്തുനിന്ന മരങ്ങള്‍ പിഴുതുവെന്നും ഇതിലൂടെ സര്‍ക്കാരിന് അഞ്ഞൂറ് രൂപ നഷ്ടം വന്നുവെന്നുമായിരുന്നു കേസ്. 2021 ഡിസംബറില്‍ വാഹനം ഹാജരാക്കാന്‍ അജീഷിനോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. നഗരംപാറ ഫോറസ്റ്റ് ഓഫീസില്‍ വാഹനം ഹാജരാക്കി. ആദ്യം രണ്ട് ദിവസത്തിനകം വാഹനം തിരികെ നല്‍കുമെന്നാണ് പറഞ്ഞത്. പിന്നീടത് അഞ്ച് വർഷമാവുകയായിരുന്നു.
Content Highlights- Idukki native Ajish alleged that the Forest Department had promised to return his vehicle within two days, but five years later he is still paying a monthly amount of Rs 49,951