'അധികാരക്കൊതി മൂത്ത BJPക്ക് ആർക്കൊപ്പവും കൈകോർക്കാനാകും, AAPയുടെ സഖ്യം പഞ്ചാബിലെ ജനങ്ങളുമായി': കെജ്‌രിവാൾ

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ 700-ലധികം കര്‍ഷകര്‍ മരിച്ച കാര്യം പഞ്ചാബ് മറന്നിട്ടില്ലെന്നും, അകാലി ദള്‍ ഭരണകാലത്ത് നടന്ന അപമാന സംഭവങ്ങളെയും സംസ്ഥാനം നേരിട്ട ലഹരിമരുന്ന് ഉപയോഗത്തിന്റെ കാലഘട്ടത്തെയും അദ്ദേഹം ഓര്‍മിപ്പിച്ചു

'അധികാരക്കൊതി മൂത്ത BJPക്ക് ആർക്കൊപ്പവും കൈകോർക്കാനാകും, AAPയുടെ സഖ്യം പഞ്ചാബിലെ ജനങ്ങളുമായി': കെജ്‌രിവാൾ
അരവിന്ദ് കെജ്‌രിവാള്‍
dot image

ന്യൂദല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കൊപ്പം കൈകോര്‍ത്ത ശിരോമണി അകാലി ദളിന്റെ (എസ്എഡി) നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി നാഷണല്‍ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. അധികാരത്തിലേറണമെന്ന അത്യാഗ്രഹം കാരണം ബിജെപിക്ക് ആരുമായി വേണമെങ്കിലും സഖ്യമുണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു കെജ്‌രിവാളിന്റെ വിമര്‍ശനം. പഞ്ചാബിലെ സാധാരണക്കാരുമായാണ് ആം ആദ്മിയുടെ സഖ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങളുടെ സഖ്യം പഞ്ചാബിലെ ജനങ്ങളുമായാണ്, അല്ലാതെ അധികാരത്തിന് വേണ്ടിയല്ല. എഎപിയുടെ സഖ്യം പഞ്ചാബിലെ സ്ത്രീകള്‍, പട്ടികജാതി വിഭാഗം, കര്‍ഷകര്‍, വ്യാപാരികള്‍ എന്നിവരുമായാണ്,'എന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. ബിജെപിയും അകാലിദളും തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും അധികാരത്തിനും വേണ്ടി വീണ്ടും വീണ്ടും ഒന്നിക്കുകയും പിരിയുകയും ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Aravind Kejriwal
അരവിന്ദ് കെജ്‌രിവാള്‍

മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്തിന്റെ വികസനത്തിനും കഴിഞ്ഞ 70-75 വര്‍ഷത്തെ തകര്‍ച്ച പരിഹരിക്കാനും നിരന്തരം അധ്വാനിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ 700-ലധികം കര്‍ഷകര്‍ മരിച്ച കാര്യം പഞ്ചാബ് മറന്നിട്ടില്ലെന്നും, അകാലി ദള്‍ ഭരണകാലത്ത് നടന്ന അപമാന സംഭവങ്ങളെയും സംസ്ഥാനം നേരിട്ട ലഹരിമരുന്ന് ഉപയോഗത്തിന്റെ കാലഘട്ടത്തെയും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഗുരുനാനാക് ദേവിന്റെ ജന്മവാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന കെജ്‌രിവാള്‍, അവിടുത്തെ ജീവിതവും പഠനങ്ങളും പ്രയാസകരമായ ഘട്ടങ്ങളില്‍ നമുക്ക് മാര്‍ഗദര്‍ശനം നല്‍കുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. ബിജെപി-എസ്എഡി സഖ്യം പഞ്ചാബില്‍ യാതൊരു ചലനവും ഉണ്ടാക്കില്ലെന്നും 'രണ്ട് പൂജ്യങ്ങള്‍ ചേര്‍ന്നാല്‍ പൂജ്യം തന്നെയാണ്' എന്നും ഡല്‍ഹി എംഎല്‍എ ജര്‍നൈല്‍ സിങ് പരിഹസിച്ചു. എഎപി തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

SD-BJP leaders during the announcement of their alliance
എസ്ഡി-ബിജെപി നേതാക്കള്‍ സഖ്യപ്രഖ്യാപനത്തിനിടെ

പഞ്ചാബിനെ ലഹരിമരുന്നിന്റെ പിടിയിലാക്കിയവര്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. 2007-2017 ലെ അകാലി ദള്‍-ബിജെപി ഭരണകാലത്ത് ലഹരിമരുന്ന് പഞ്ചാബിലെ ഓരോ ഗ്രാമത്തിലും വീട്ടിലും എത്തിച്ചേര്‍ന്നിരുന്നുവെന്നായിരുന്നു ആംആദ്മി പാര്‍ട്ടി ദേശീയ മീഡിയ ഇന്‍ ചാര്‍ജ് അരുരാധ ഗാന്ധയുടെ വിമര്‍ശനം.

അധികാരത്തോടുള്ള കൊതി ഒന്നുകൊണ്ട് മാത്രമാണ് ബിജെപിയും അകാലി ദളും ഒരിക്കല്‍ക്കൂടി സഖ്യത്തിലെത്തിയതെന്നും ഇതില്‍ യാതൊരു വികസന അജണ്ടയോ കൃത്യമായ റോഡ് മാപ്പോ ഇല്ലെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പര്‍ഗത് സിങ് കുറ്റപ്പെടുത്തി. മുന്‍പ് എന്‍ഡിഎ വിട്ടത് എന്തുകൊണ്ടാണെന്ന് എസ്എഡി അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ നിരാശാജനകമായ നീക്കമാണിതെന്നാണ് പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്വ വിമര്‍ശിച്ചത്.

Punjab
പഞ്ചാബ്

വ്യത്യസ്ത ആശയങ്ങളുള്ള പാര്‍ട്ടികള്‍ അധികാരത്തിന് വേണ്ടി മാത്രം കൈകോര്‍ക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് എസ്എഡി-ബിജെപി സഖ്യത്തെക്കുറിച്ച് ബികെയു അധ്യക്ഷനും കര്‍ഷക നേതാവുമായ ബല്‍ബീര്‍ സിങ് രാജേവാള്‍ പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നും അധികാരത്തില്‍ വരുന്നവര്‍ പഞ്ചാബിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.

ബിജെപിയുടെ ഹിന്ദുത്വ അജണ്ടയും പഞ്ചാബിന്റെ സഹോദര്യ പാരമ്പര്യവും തമ്മില്‍ ചേരില്ലെന്നും ഈ സഖ്യം പഞ്ചാബിന് ദോഷകരമാണെന്നും ജംഹൂരി കിസാന്‍ സഭയുടെ രഘ്ഭബീര്‍ സിങ് ബെനിപാലും വ്യക്തമാക്കിയിരുന്നു.

കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് 2020 സെപ്റ്റംബറിലാണ് എസ്എഡി കേന്ദ്ര മന്ത്രിസഭയില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും രാജി വെച്ച് സഖ്യം അവസാനിപ്പിച്ചത്. 24 വര്‍ഷത്തോളം നീണ്ട ഈ സഖ്യം 1997-2002, 2007-2017 കാലയളവിലായി 15 വര്‍ഷം പഞ്ചാബ് ഭരിച്ചിരുന്നു. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 117 സീറ്റുകളില്‍ 92 സീറ്റുകളും നേടി എഎപി അധികാരം പിടിച്ചെടുക്കുകയായിരുന്നു. അന്ന് കോണ്‍ഗ്രസ് 18, എസ്എഡി 3, ബിജെപി 2 എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയത്

Content Highlight: Arvind Kejriwal has criticised the BJP-Shiromani Akali Dal alliance ahead of the Punjab Assembly elections, accusing both parties of joining hands solely for political power. He said the AAP's alliance was with the people of Punjab, including farmers, women, Dalits and traders. The alliance has also drawn criticism from the Congress, farmers' organisations and other political leaders, who questioned its political intentions and recalled the parties' previous governance and the farmers' protests against the three agricultural laws.

dot image
To advertise here,contact us
dot image