ക്ഷേമ പദ്ധതികളുടെ തിളക്കം കെടുത്തിയ വിവാദങ്ങള്‍; വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആറ് മാസങ്ങള്‍

ഭരണത്തില്‍ ഉലച്ചിലുണ്ടാകുമെന്ന ആശങ്കയില്ലാതെ ഭരിക്കാന്‍ കഴിയുന്ന 102 സീറ്റ് എന്ന മാന്ത്രിക സംഖ്യയിലേക്ക് കാല്‍നൂറ്റാണ്ടിന് ശേഷമായിരുന്നു യുഡിഎഫ് എത്തിയത്

ക്ഷേമ പദ്ധതികളുടെ തിളക്കം കെടുത്തിയ വിവാദങ്ങള്‍; വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആറ് മാസങ്ങള്‍
dot image

വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ച ചെയ്യപ്പെട്ട ആറ് മാസമാണ് കടന്ന് പോയത്. ചരിത്രത്തിലാദ്യമായി തുടര്‍ഭരണം നേടി പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ഇടതുപക്ഷത്തെ 35 സീറ്റിലൊതുക്കി ഒരു രാജീകീയ വിജയമാണ് യുഡിഎഫിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയത്. ഭരണത്തില്‍ ഉലച്ചിലുണ്ടാകുമെന്ന ആശങ്കയില്ലാതെ ഭരിക്കാന്‍ കഴിയുന്ന 102 സീറ്റ് എന്ന മാന്ത്രിക സംഖ്യയിലേക്ക് കാല്‍നൂറ്റാണ്ടിന് ശേഷമായിരുന്നു യുഡിഎഫ് എത്തിയത്. പത്ത് വര്‍ഷം കഴിഞ്ഞ് അധികാരത്തിലെത്തുന്ന മുന്നണിക്ക് സ്വാഭാവികമായും നല്‍കേണ്ട ഹണിമൂണ്‍ കാലമെല്ലാം കഴിഞ്ഞ് സര്‍ക്കാര്‍ ഇന്ന് ആറ് മാസം പിന്നിടുകയാണ്.സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് തന്നെ വിവാദ വഴിയിലേക്ക് കോണ്‍ഗ്രസിനെ വലിച്ചിട്ട മുഖ്യമന്ത്രി തര്‍ക്കം മുതല്‍ ഇങ്ങോട്ട് വിവാദങ്ങളുടെ ഒരു വിസ്‌ഫോടനം തന്നെ 180 ദിവസത്തില്‍ സര്‍ക്കാരിന് ഏല്‍ക്കേണ്ടിവന്നു എന്ന് പറഞ്ഞാല്‍ അധികമാകില്ല.

രാഹുല്‍ ഗാന്ധി കേരളത്തിലെ ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച അഞ്ച് പദ്ധതികള്‍ അടക്കം മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി തയ്യാറാക്കി നടപ്പിലാക്കാനാണ് ലക്ഷ്യം എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റ പ്രഖ്യാപനം. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ഒരുക്കുമെന്ന് പ്രഖ്യാപനം അധികാരത്തിലെത്തി ഒരു മാസത്തിനിപ്പുറം നടപ്പിലാക്കാന്‍ സാധിച്ചത് നേട്ടമായി തന്നെ സര്‍ക്കാരിന് എടുത്ത് കാട്ടാനാകും. ഓര്‍ഡിനറി ബസുകളില്‍ മത്രം സൗജന്യമൊരുക്കി പറ്റിച്ചു എന്ന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയെങ്കിലും ആകെ ഫ്രീബീസ് ആക്കി മാറ്റുന്ന പദ്ധതി സംസ്ഥാനത്തിന് ഗുണകരമാകില്ല എന്ന ചര്‍ച്ചകള്‍ അതില്‍ കൂടുതല്‍ പ്രസക്തമാണെന്ന് കരുതേണ്ടി വരും. എന്നാല്‍ 'പ്രിയദര്‍ശിനി' സ്വകാര്യ ബസുകള്‍ക്ക് പ്രതിസന്ധിയായാത് സര്‍ക്കാരിന് വല്ലാത്ത തലവേദന നല്‍കുന്നുണ്ട്. ഓര്‍ഡിനറി റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ സര്‍വീസുകള്‍ എല്ലാം വലിയ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന സാഹചര്യമുണ്ടായി. പല ബസ് മുതലാളിമാരും ഈ ആറ് മാസത്തില്‍ സര്‍വീസ് അവസാനിപ്പിച്ചു എന്നതും പ്രധാനമാണ്. സ്വകാര്യ മേഖലയെ കൈവിടില്ലെന്ന് സര്‍ക്കാരും വകുപ്പ് മന്ത്രിയും ആവര്‍ത്തിച്ച് പറയുമ്പോഴും എന്താണ് അതിന് പരിഹാരം എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Inauguration of the Priyadarshini Project
പ്രിയദർശിനി പദ്ധതി ഉദ്ഘാടനം

രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ രൂപീകരിച്ച നേട്ടവും വി ഡി സതീശന്‍ സര്‍ക്കാരിന് അവകാശപ്പെടാം. അതിനായി വകുപ്പ് രൂപീകരിക്കപ്പെട്ടതും സര്‍ക്കാരിന്റെ ജനകീയ പ്രഖ്യാപനത്തിന്റെ സാക്ഷാത്കാരമായി തന്നെ വിലയിരുത്താം. എന്നാല്‍ വകുപ്പ് രൂപീകരണത്തിന് അപ്പുറത്തേക്കുള്ള ആക്ഷന്‍ പ്ലാനുകളും ഗൗരവമായി ചര്‍ച്ചയാകുന്നുണ്ടോ എന്നതും സര്‍ക്കാര്‍ ഗൗരവമായി പരിഗണിഗണിക്കേണ്ടതുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് വീഴ്ത്തിയ ആശാ സമരത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനവും കേരളം ഉറ്റുനോക്കിയിരുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ ആശാ വര്‍ക്കാര്‍മാരുടെ ഓണറേറിയം 3,000 രൂപ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ അവരുടെ പ്രതീക്ഷയെ നെഞ്ചിലേറ്റിയത് പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ അടിസ്ഥാന വേതനം 21,000 രൂപ ആക്കണമെന്ന പ്രധാന ആവശ്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ആറ് മാസം ആകുമ്പോഴും അനുകൂല തീരുമാനം ഉണ്ടാകാത്തത് ആശമാരെ വീണ്ടും തെരുവില്‍ ഇറക്കിയിരിക്കുകയാണ്. കൂടാതെ ഇന്‍സെന്റീവ് കുടിശികയിലും മെഡിക്കല്‍ ലീവ് ആനുകൂല്യങ്ങളിലും ആശമാരുടെ ആവശ്യം പ്രഖ്യാപനത്തിനപ്പുറം പരിഗണിക്കപ്പെട്ടിട്ടില്ല.

ലഹരി തുടച്ചു നീക്കാനായി ഒപ്പറേഷന്‍ തൂഫാന്‍ ആഞ്ഞടിച്ചതാണ് സര്‍ക്കാരിന് അഭിമാനമായി എടുത്ത് കാട്ടാനാകുന്ന മറ്റൊരു പദ്ധതി. കേരള പൊലീസ് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ 2026 നവംബര്‍ 13-ലെ ഔദ്യോഗിക കണക്ക് പ്രകാരം 14,995 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 16,203 പേര്‍ അറസ്റ്റിലായി. 29.86 കിലോ എംഡിഎംഎ, 2,022.686 കിലോ കഞ്ചാവ്, 732.6 ഗ്രാം ഹെറോയിന്‍ എന്നിവ പിടിച്ചെടുത്തിട്ടുമുണ്ട്. രാഷ്ട്രീയ ബന്ധമുള്ളവര്‍ പിടിക്കപ്പെടുമ്പോള്‍ നടപടിയില്‍ ആഭ്യന്തര വകുപ്പ് വിമുഖത കാണിക്കുന്നെന്ന പ്രതിപക്ഷ വിമര്‍ശനവും സമാന്തരമായി നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്ന് ആവകാശപ്പെടുന്ന ആള്‍ ഉള്‍പ്പെടെ ലഹരിയുമായി പിടിയിലായത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതും 400 കോടി രൂപയുടെ മിഷന്‍ സമുദ്ര പദ്ധതിയും സര്‍ക്കാരിന് പൊന്‍തൂവലാണ്. 10,000 പുതിയ MSME സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ലക്ഷ്യവും തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ / ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് രൂപരേഖ എന്നിവയും ഈ കാലളവില്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ മിഷന്‍ സമുദ്ര അടക്കമുള്ളവയില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നു എന്ന് പ്രതിപക്ഷം ആവര്‍ത്തിക്കുകയാണ്.

Operation Tufan
ഓപ്പറേഷന്‍ തൂഫാന്‍

വിവാദങ്ങളുടെ വേലിയേറ്റമുണ്ടായ ആറ് മാസങ്ങള്‍കൂടിയായിരുന്നു കടന്നു പോയത്. മുഖ്യമന്ത്രി കസേരക്കായി വി ഡി സതീശനും രമേശ് ചെന്നിത്തലും കെ സി വേണുഗോപാലും തമ്മില്‍ ഉണ്ടായ പിടിവലികള്‍ വോട്ട് ചെയ്ത ജനങ്ങളില്‍ അലോസരമുണ്ടാക്കിയിരുന്നു എന്നതില്‍ സംശയമില്ല. മൂന്ന് നേതാക്കള്‍ക്കും വേണ്ടിയുള്ള പോര്‍വിളി സമൂഹമാധ്യമങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ തെരുവുകളിലേക്കും പടരുന്ന സാഹചര്യമുണ്ടായി. ഒടുവില്‍ പ്രതിപക്ഷത്തെ നയിച്ച പരിഗണനയും ജനങ്ങള്‍ വോട്ട് നല്‍കിയത് വി ഡി സതീശന് വേണ്ടിയായിരുന്ന എന്ന ചര്‍ച്ചയും ലീഗിന്റെ പിന്തുണയും സതീശനെ തുണച്ചു. എന്നാല്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ സ്വയം വിവാദ നായകനായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കാണാനായത്. സ്‌പോണ്‍സര്‍ ആരെന്ന് വ്യക്തമാക്കാത്ത ചാര്‍ട്ടേഡ് വിമാന യാത്രയും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട ജിഎന്‍എ വൈദ്യുതി കരാറിലെ യുടേണും ഇതില്‍ പ്രധാനമാണ്. കോടികളുടെ അഴിമതിക്ക് വഴിയൊരുക്കാവുന്ന ജിഎന്‍എ കരാറില്‍ നിന്ന് സര്‍ക്കാരിന്റെ പിന്നോട്ട് പോക്ക് പ്രതിപക്ഷത്തിന് ഊര്‍ജ്ജം പകരും എന്നതില്‍ സംശയമില്ല.

നിയമനങ്ങളില്‍ തന്നെ നിരന്തരം വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായി. ശബരിമല സ്വര്‍ണപ്പാളി കവര്‍ച്ച കേസില്‍ ചെന്നൈ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിക്കുവേണ്ടി ഹാജരായ കെ ബി പ്രദീപിനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ ആയി നിയമിക്കാനുള്ള തീരുമാനമായിരുന്നു ഇതില്‍ ആദ്യം. സംഭവം വിവാദമായതോടെ ശബരിമല സ്വര്‍ണക്കൊള്ള പ്രചാരണായുധമാക്കിയ മുന്നണിയുടെ ഉദ്ദേശ ശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെട്ടു. പിന്നാലെ ആണ് ആറ് മാസത്തിനിടയിലെ ആദ്യ യു ടേണ്‍ വി ഡി സതീശന്‍ സര്‍ക്കാരിന് എടുക്കേണ്ടിവരുന്നത്. മുന്‍ എസ്എഫ്‌ഐ ബന്ധവും സംഘപരിവാര്‍ ബന്ധവും ആരോപിക്കപ്പെട്ട എന്‍ ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെ പട ഒരുങ്ങിയത് പാളയത്തില്‍ തന്നെയായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് വിവാദം കടുപ്പിച്ചെങ്കിലും ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കസേരയില്‍ അവരോധിക്കപ്പെട്ടു. സര്‍ക്കാര്‍ പ്ലീഡര്‍ഡമാരുടെ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കെഎസ്‌യുവുമായും കൊമ്പുകോര്‍ത്തു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നിഷേധിച്ചതടക്കം സതീശന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അലോസരങ്ങള്‍ക്ക് അരങ്ങൊരുക്കി.

N. Seshadrinathan & K. B. Pradeep
എൻ ശേഷാദ്രിനാഥൻ & കെ ബി പ്രദീപ്

നിയമഭാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച് രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആക്കിയത് വിവാദമായിരുന്നു. ബന്ധുനിയമനങ്ങളിലും ആറ് മാസത്തിനിടെ സര്‍ക്കാരിന് യു ടേണ്‍ അടിക്കേണ്ടി വന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഭാര്യാസഹോദരന്‍ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായി. പിന്നാലെ ബെന്നി തോമസ് സ്ഥാനം രാജിവെച്ചു. മന്ത്രി ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവിന്റെ അടുത്ത ബന്ധുവായ വി എല്‍ ഹരിയെ മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതും വിവാദമായി. കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷഫീറിന്റെ ഭാര്യയുടെ സീമാറ്റിലെ നിയമനവും വിവാദമായതിന് പിന്നാലെ രാജിവെക്കേണ്ടി വന്നു. എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരം സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുമെന്നതില്‍ തര്‍ക്കമില്ല. പ്രതിപക്ഷ നേതാവായിരിക്കെ സമര വേദിയിലെത്തി നല്‍കിയ വാഗ്ദാനങ്ങളെ പരിഗണിക്കാതെയാണ് സതീശന്‍ മുന്നോട്ട് പോകുന്നതെന്ന് റാങ്ക് ഹോള്‍ഡര്‍മാര്‍ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ആവശ്യങ്ങള്‍ പുരിഗണിക്കാതിരിക്കുന്നതോടൊപ്പം പ്രതിഷേധക്കാര്‍ക്കെതിരെ നിരന്തരം കേസുകള്‍ എടുക്കുന്നതും സമര വേദി പൊളിച്ചുനീക്കിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

സംഘപരിവാറിന് അനുകൂലമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവും സതീശന്‍ സര്‍ക്കാരിന്‍റെ തലയില്‍ നിഴലിച്ച് നില്‍ക്കുന്നുണ്ട്. സത്യപ്രതിജ്ഞ വേദിയില്‍ വന്ദേമാതരം പൂര്‍ണമായി പാടിയത് മുതല്‍ വിവാദം കുത്തൊഴുക്കായി തന്നെ സര്‍ക്കാരിന് നേരെ വന്നടിച്ചിരുന്നു. അറബിക്കടലില്‍ എറിയാനായി മാറ്റിവെച്ചിരുന്ന പിഎംശ്രീ, എന്നാല്‍ പിന്നെ കളയണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതും സര്‍ക്കാര്‍ നിയമിച്ച ഉപസമിതിക്ക് കൃത്യമായ തീരുമാനം പറയാനാകാത്തതും ഗവണ്‍മെന്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. വഖഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമന ചര്‍ച്ചകളും ഇക്കൂട്ടത്തില്‍പ്പെടുന്നു. വിദ്യാഭ്യസ ഉന്നത വിദ്യാഭ്യാസ മേഖളകളിലെ ആര്‍എസ്എസ് ഇടപെടലാണ് ഇതില്‍ ഏറ്റവും പ്രധാനം. കരിക്കുലം കമ്മിറ്റിയിലെ സംഘപരിവാര്‍ നേതാവിന്റെ നിയമനം, എംജി സര്‍വകലാശാലയിലെ വി സി നിമനം, കാലിക്കറ്റ് സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം എല്ലാം സര്‍ക്കാരിന്റെ സംഘപരിവാര്‍ പ്രീണന നിലപാടായി പ്രതിപക്ഷം എടുത്തുകാട്ടുന്നു. കാസര്‍കോട് വിദ്യാഭ്യാസ വകുപ്പ് നടത്തിയ ക്വിസില്‍ വി ഡി സവര്‍ക്കറ പ്രകീര്‍ത്തിക്കുന്ന ചോദ്യം വന്നതും സംഘപരിവാര്‍ പ്രസിദ്ധീകരണമായി മയിൽപ്പീലിക്ക് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് അനുമതി നല്‍കിതും വിശദീകരിക്കാന്‍ മന്ത്രി എന്‍ ഷംസുദ്ദീന്‍ ഏറെ പാടുപെടുന്നുണ്ട്.

ലീഗ് നോമിനിയായ ആസിഫ് കെ യൂസഫ് ഐഎഎസിനെ ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷനില്‍ നിന്ന് മാറ്റിയത് സംഘപരിവാര്‍ നേതാവിന്റെ പരാതിയിലാണെന്ന വാര്‍ത്തയും ഒടുവില്‍ പുറത്ത് വന്നിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാടുകളും ഇതിനോടകം ചോദ്യമുനയിലാണ്. കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരെ വിസി സിസ തോമസിന്റെ നിലപാടിനോട് അനുഭാവം പുലര്‍ത്തുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ നിലപാടും സംഘപരിവാര്‍ വിധേയത്വമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. ഗവര്‍ണറോട് പുലര്‍ത്തുന്ന മൃദു സമീപനവും സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങളില്‍ പ്രധാനമാണ്. എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് വിഭിന്നമായി കേന്ദ്രത്തോട് കലഹിക്കാതെ മുന്നോട്ട് പോകണമെന്ന് വി ഡി സതീശന്റെ പ്രഖ്യാപിത നിലപാടിന്റെ തുടര്‍ച്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സീമകളില്ലാതെ ഇടപെടാനും കാവി വല്‍ക്കരണം നടപ്പിലാക്കാനുമുള്ള വഴിയൊരുക്കുകയാണ് സതീശന്‍ സര്‍ക്കാര്‍ എന്ന പ്രതിപക്ഷം വിമര്‍ശനവും ഗൗരവാമായി ചര്‍ച്ച ചെയ്യപ്പെടണം.

V. D. Satheesan with former Governor Rajendra Arlekar
വി ഡി സതീശൻ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറോടൊപ്പം

മറ്റ് കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ നിന്ന് വ്യത്യതമായി കുറച്ച് നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ സര്‍ക്കാരിനെതിരെ പടയൊരുക്കമുണ്ടായി എന്ന പ്രത്യേകതയും വി ഡി സതീശന്‍ സര്‍ക്കാരിന് അവകാശപ്പെടാം. സര്‍ക്കാര്‍ തീരുമാനങ്ങള്‍ എല്ലാം മാധ്യമ വാര്‍ത്തകളിലൂടെ അറിയേണ്ടി വരുന്നു എന്ന വിലാപം കെപിസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് സാക്ഷാല്‍ യുഡിഎഫ് കണ്‍വീനര്‍ക്ക് പറയേണ്ടി വന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. സര്‍ക്കാരും പാര്‍ട്ടിയും ഏകോപനത്തോടെ പോകണമെന്ന നിലപാടിനെ അട്ടിമറിച്ചാണ് സതീശന്‍ ഇടപെടുന്നതെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. അടൂര്‍ പ്രകാശിന്റെ വിമര്‍ശനമുണ്ടായി നാളുകള്‍ പിന്നിട്ടിട്ടും അതേ വിമര്‍ശനത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുന്നുണ്ട് എന്ന് ഇടനേരങ്ങളില്‍ നിരന്തരം പരാമര്‍ശങ്ങളുണ്ടാകുന്നത് സ്ഥിതിയില്‍ മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്ന വിളിച്ചുപറയലാണ്. മന്ത്രിമാരെ അറിയിക്കാതെ വകുപ്പുകളില്‍ നേരിട്ട് ഇടപെടുന്ന സൂപ്പര്‍ മിനിസ്റ്ററായി വി ഡി സതീശന്‍ മാറിയതും കഴിഞ്ഞ ആറ് മാസത്തെ കാഴ്ച്ചയാണ്. ജിഎന്‍എ വൈദ്യുതി കരാറിന് ഞാനാണ് അനുമതി നല്‍കാന്‍ പറഞ്ഞതെന്ന് വി ഡി സതീശന്‍ പറയുമ്പോള്‍ 'പിന്നെ എന്തിനാണ് മന്ത്രി' എന്ന പ്രതിപക്ഷ ചോദ്യവും പ്രസക്തമാകുന്നുണ്ട്. ചാര്‍ട്ടേഡ് വിമാന യാത്രയിലും മുന്നണിയില്‍ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിലും മുതിര്‍ന്ന നേതാക്കള്‍ കാലപക്കൊടി ഉയര്‍ത്തിയിരുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രശ്‌നവും അസ്ഥിരതയും ഗുരുതരമായതിന് പിന്നാലെ ഗ്രൂപ്പ് യോഗങ്ങളിലേക്ക് വരെ കാര്യങ്ങള്‍ എത്തി. മുന്‍ കാലങ്ങളിലെ പോലെ ഗ്രൂപ്പുകള്‍ ഹാലിളകി വരുന്നത് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയേക്കുമെന്നാണ് നിഗമനം.

Adoor Prakash
അടൂർ പ്രകാശ്

വികസന പദ്ധതികള്‍ക്ക് കളമൊരുക്കുമ്പോഴും അതിന് ചുവട്ടില്‍ തന്നെ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുന്ന പ്രതിസന്ധികളും സര്‍ക്കാരിനെ തേടിവന്ന ആറ് മാസമാണ് കടന്നു പോകുന്നത്. വി ഡി സതീശന്റെ നിലപാടുകള്‍ പ്രതിപക്ഷത്തെപ്പോലെ പാര്‍ട്ടിയിലും അലോസരമുണ്ടാക്കുന്നത് സര്‍ക്കാരിന്റെ മുന്നോട്ടുള്ള യാത്രയില്‍ പ്രതിഫലിക്കുമെന്നതില്‍ സംശമില്ല. അഴിമതി ആരോപണങ്ങള്‍ക്കപ്പുറം ഗുരുതരാമായി ഉയരുന്ന സംഘപരിവാര്‍ വിധേയത്വ വിമര്‍ശനങ്ങളെ ഗൗരവമായി കണ്ടില്ല എങ്കില്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ സര്‍ക്കാര്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. മന്ത്രിമാരുടെ വിവേചനാധികാരത്തില്‍ കൈകടത്തുന്നത് സര്‍ക്കാരിനുള്ളില്‍ അലോസരങ്ങള്‍ക്ക് വഴിവെക്കുമെന്നതിലും തര്‍ക്കമില്ല. കോണ്‍ഗ്രസിലെ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങളെ പരിഗണിക്കാതെയും വി ഡി സതീശന് മുന്നോട്ട് പോകുക എളുപ്പമാകില്ല. വസ്തുതയുടെ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങളെ വിശദീകരിക്കാനും രാഷ്ട്രീയത്തെ ബലി കൊടുക്കാതെയുള്ള നിലപാടെടുക്കാനും വി ഡി സതീശന്‍ തീരുമാനിക്കണമെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിഷയം. ഗ്രൂപ്പ് യോഗങ്ങള്‍ക്ക് കളമൊരുങ്ങിയ സാഹചര്യത്തില്‍ എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും പോലെ സമാധാനത്തോടെ ഭരിക്കാനാകാത്ത നില സതീശനും വരുമോ എന്നതാണ് ചോദ്യം.

Content Highlights: The UDF government has completed six months in office after securing 102 seats in the Kerala Assembly election and ending the LDF's decade-long tenure. The source describes the victory as a historic mandate that gave the coalition a comfortable majority. However, the government has faced a series of controversies during its first 180 days, beginning with disputes over the Chief Minister's selection even before the government was formed.

dot image
To advertise here,contact us
dot image