

ന്യൂഡൽഹി: പൊതു കമ്പ്യൂട്ടറുകളിലോ മറ്റുള്ളവർ ഉപയോഗിക്കുന്ന ഉപകരണങ്ങളിലോ വാട്സ്ആപ്പ് വെബ് ലോഗിൻ ചെയ്ത ശേഷം ലോഗ്ഔട്ട് ചെയ്യാതെ വിടുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബർ കുറ്റവാളികൾ ഇത്തരം അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് സ്വകാര്യ വിവരങ്ങൾ ചോർത്താനും സൈബർ തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ടെന്ന് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ വ്യക്തമാക്കി. വെറും ബ്രൗസർ വിൻഡോ ക്ലോസ് ചെയ്തതുകൊണ്ട് മാത്രം സുരക്ഷ ഉറപ്പാക്കാനാകില്ലെന്നും, ഉപയോഗത്തിന് ശേഷം നിർബന്ധമായും മാനുവലായി ലോഗ്ഔട്ട് ചെയ്യണമെന്നും 'സേഫ് യൂസ് ഓഫ് വാട്സ്ആപ്പ് വെബ്' എന്ന പേരിൽ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർക്ക് സമാനമായ സുരക്ഷാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ ഇടപെടൽ. പാകിസ്ഥാൻ ആസ്ഥാനമായുള്ള രഹസ്യാന്വേഷണ ഏജൻസികൾ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇന്ത്യൻ പ്രതിരോധ, അർദ്ധസൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് സൈബർ ചാരവൃത്തി നടത്താൻ ശ്രമിക്കുന്നതായി ബി.ആർ.ഒ കണ്ടെത്തിയിരുന്നു. ചോർന്ന ഇന്ത്യൻ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിശബ്ദ അംഗങ്ങളായി നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്താനാണ് ചാരന്മാർ ശ്രമിക്കുന്നത്.
അടുത്തിടെ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞ 'സോണിയ' എന്ന വ്യാജപേരിൽ എത്തിയ ചാരന്റെ കെണിയിൽപ്പെട്ട് ഒരു ബി.ആർ.ഒ സിവിൽ ജീവനക്കാരൻ പണത്തിന് വേണ്ടി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ കൈമാറിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. 'ഓൾ ഇന്ത്യ ഡിഫൻസ് സിവിലിയൻ മ്യൂച്വൽ ട്രാൻസ്ഫർ പോസ്റ്റിംഗ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാൾ ചാരനുമായി ബന്ധപ്പെട്ടത്. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഉദ്യോഗസ്ഥരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
ഓഫീസ് കമ്പ്യൂട്ടറുകൾ, സൈബർ കഫേകൾ, ഹോട്ടൽ ബിസിനസ് സെന്ററുകൾ എന്നിവിടങ്ങളിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ 'ഇൻകോഗ്നിറ്റോ' അഥവാ പ്രൈവറ്റ് ബ്രൗസിംഗ് മോഡ് മാത്രം ഉപയോഗിക്കുക. ഔദ്യോഗികമോ സാമ്പത്തികമോ ആയ രഹസ്യ വിവരങ്ങൾ വാട്സ്ആപ്പ് വെബ് വഴി കൈമാറരുതെന്നും, അക്കൗണ്ടിൽ അസ്വാഭാവികമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടിയെടുക്കണമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
Content Highlights: India's Ministry of Home Affairs has issued a cybersecurity warning against leaving WhatsApp Web logged in on public or shared computers. The Indian Cyber Crime Coordination Centre warns that cybercriminals could misuse unattended accounts to steal private information and carry out online fraud.