

ബഹ്റൈൻ പ്രതിഭ സൽമാബാദ് മേഖല സിത്ര യൂണിറ്റിന്റെ നേതൃത്വത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച 'സമ്പൂർണ്ണ പ്രമേഹ ആരോഗ്യ മെഡിക്കൽ ക്യാമ്പ്' വിപുലമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൽമാനിയയിലെ ബഹ്റൈൻ പ്രതിഭ സെന്ററിൽ നടന്ന ക്യാമ്പിൽ 200-ലധികം പ്രവാസികൾ വിവിധ ആരോഗ്യപരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും പ്രയോജനപ്പെടുത്തി.
പ്രമേഹം മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും പ്രമേഹം വരാനുള്ള സാധ്യതയുള്ളവർക്കും രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, തുടർപരിചരണം എന്നിവ സംബന്ധിച്ച് അവബോധം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കിയത്. പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നൽകുന്നതിനൊപ്പം സാധാരണക്കാർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ക്യാമ്പിലൂടെ സാധിച്ചു.
പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മാത്രമല്ല, കാഴ്ചശക്തി, പല്ലുകളുടെ ആരോഗ്യം, പാദങ്ങൾ തുടങ്ങി ശരീരത്തിലെ വിവിധ ഭാഗങ്ങളെയും ബാധിക്കാമെന്ന തിരിച്ചറിവ് നൽകുന്നതിന് ക്യാമ്പ് പ്രത്യേക ഊന്നൽ നൽകി. പ്രമേഹവുമായി ബന്ധപ്പെട്ട കണ്ണ്, പല്ല്, പാദങ്ങളിലെ ഞരമ്പുകൾ എന്നിവയുടെ വിശദമായ പരിശോധനകൾ ക്യാമ്പിൽ നടന്നു. രോഗം മൂലമുണ്ടാകാവുന്ന സങ്കീർണതകൾ നേരത്തേ കണ്ടെത്തേണ്ടതിന്റെയും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടതിന്റെയും ആവശ്യകത വിദഗ്ധർ പങ്കുവെച്ചു.
പ്രമേഹനിയന്ത്രണത്തിൽ ഭക്ഷണക്രമത്തിനുള്ള പ്രാധാന്യം മുൻനിർത്തി പ്രത്യേക ഭക്ഷണ ബോധവത്ക്കരണവും സംഘടിപ്പിച്ചു. പ്രമേഹരോഗികൾ പിന്തുടരേണ്ട ദൈനംദിന ഭക്ഷണശീലങ്ങൾ, സമീകൃതാഹാരം, ഭക്ഷണത്തിന്റെ അളവും സമയവും, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ച് ഭക്ഷണ വിദഗ്ധയുടെ നേതൃത്വത്തിൽ മാർഗനിർദേശങ്ങൾ നൽകി. പ്രമേഹസാധ്യത കുറയ്ക്കാനുള്ള മുൻകരുതലുകളെക്കുറിച്ചും വിശദീകരിച്ചു.
അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടറും ആന്തരിക അവയവ രോഗ വിദഗ്ധനുമായ ഡോ. എഡ്വിൻ രത്നരാജ്, ഡോ. ബാബു രാമചന്ദ്രൻ, ജനറൽ ഫിസിഷ്യൻ ഡോ. ചാമു, നേത്രരോഗ വിദഗ്ധൻ ഡോ. മനോജ് കുര്യൻ, ദന്തരോഗ വിദഗ്ധൻ ഡോ. കൽവാ പവൻകുമാർ, പാദ പരിശോധനാ വിഭാഗത്തിലെ സിസ്റ്റർ ദീപ, ഭക്ഷണ വിദഗ്ധ ശ്രുതി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകളും ബോധവൽക്കരണവും. ആശുപത്രിയിലെ നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും സജീവമായി പങ്കെടുത്തു.
പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധ ബോധവത്ക്കരണത്തിനും പ്രാധാന്യം നൽകുന്ന സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടി, ആരോഗ്യസേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധേയമായ മാതൃകയായി മാറി.
Content Highlights: Bahrain Prathibha organised a diabetes awareness programme and medical camp in collaboration with Al Hilal Medical Center. The initiative focused on educating participants about diabetes prevention, blood sugar monitoring and the importance of regular health check-ups. The programme also provided medical screening services to members of the expatriate community.