

ആഫ്രിക്കൻ ഫുട്ബോളിലെ വിവാദങ്ങൾക്ക് ഒടുവിൽ അന്തിമ തീരുമാനം. 2025ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സെനഗലിന് തന്നെ നൽകാൻ വിധി. മൊറോക്കോയ്‌ക്കെതിരായ ഫൈനലിൽ നേടിയ വിജയം റദ്ദാക്കി കിരീടം നഷ്ടപ്പെടുത്തിയ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (CAF) തീരുമാനം അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി (CAS) അസാധുവാക്കി.
ഇതോടെ ജനുവരിയിൽ നടന്ന ഫൈനലിൽ മൊറോക്കോയെ അധികസമയത്ത് 1-0ന് തോൽപ്പിച്ച് സെനഗൽ നേടിയ കിരീടം ഔദ്യോഗികമായി പുനഃസ്ഥാപിക്കപ്പെട്ടു.
റബാത്തിൽ നടന്ന ഫൈനലിന്റെ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു വിവാദങ്ങളുടെ തുടക്കം. സെനഗലിനെതിരെ പെനാൽറ്റി അനുവദിച്ചതിൽ പ്രതിഷേധിച്ച് താരങ്ങൾ കളം വിട്ടതോടെയാണ് മത്സരം നാടകീയമായത്.
പിന്നീട് താരങ്ങൾ മൈതാനത്ത് തിരിച്ചെത്തിയതോടെ മത്സരം പുനരാരംഭിക്കുകയും സെനഗൽ വിജയിക്കുകയും ചെയ്തു.
എന്നാൽ മത്സരച്ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഏകദേശം രണ്ട് മാസത്തിന് ശേഷം CAF അപ്പീൽ ബോർഡ് സെനഗലിന്റെ വിജയം റദ്ദാക്കി മൊറോക്കോയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെയാണ് സെനഗൽ ഫുട്ബോൾ ഫെഡറേഷൻ CASനെ സമീപിച്ചത്. ഇതിലാണ് ഒടുവിൽ തീർപ്പുവന്നിരിക്കുന്നത്.
content highlights: senegal reinstated 2025 afcon champions cas overturns caf ruling