

അഹമ്മദാബാദ്: 2027ൽ അസംബ്ലി ഇലക്ഷൻ നടക്കാനിരിക്കെ ഗുജറാത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള പോര് കടുപ്പമാകുന്നു. 182 സീറ്റുകൾ നേടി വിജയിക്കുക എന്ന ബി.ജെ.പിയുടെ ലക്ഷ്യത്തിന് 'സംവിധാൻ രക്ഷാ മാർച്ചിലൂടെ' തടയിടാൻ ഒരുങ്ങുകുകയാണ് കോൺഗ്രസ്. ഭരണഘടനാ ദിനത്തിനു മുന്നോടിയായി ബുധനാഴ്ചയാണ് മാർച്ച് നടത്താൻ തെരഞ്ഞെടുത്തിരിക്കുന്നത്. അഹമ്മദാബാദിലെ കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഗാന്ധി ഭവനിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളും വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും മാർച്ചിൻ്റെ ഭാഗമാകും.
വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നതിനും ജനാധിപത്യ മൂല്യങ്ങൾ അടിച്ചമർത്തുന്നതിനെതിരെയുമായി നടത്തുന്ന മാർച്ച് ബിജെപിക്കെതിരെ കോൺഗ്രസിൻ്റെ ശക്തമായ ആയുധമാണ്. ഭരണഘടനാ അവകാശങ്ങൾ ഇല്ലാതാക്കുന്ന ബിജെപി നടപടികൾക്കെതിരെയുള്ള പ്രതിഷേധമാണ് ഈ മാർച്ച്. രക്ഷാ മാർച്ച് ഒരു ദിവസം കൊണ്ട് അവസാനിക്കുന്നില്ലെന്നും, ഇതൊരു തുടർച്ചയായ രാഷ്ട്രീയ പ്രചാരണമാണെന്നും കോൺഗ്രസ് വക്താവ് ഹിരൺ ബാങ്കർ വ്യക്തമാക്കി. ഗുജറാത്തിലെ എഐസിസിയുടെ അധ്യക്ഷനായ റന്ദീപ് സർജേവാലയുടെ സാന്നിധ്യത്തിലായിരിക്കും മാർച്ച് ആരംഭിക്കുകയെന്നും ഹിരൺ പറഞ്ഞു. കോൺഗ്രസിൻ്റെ സംവിധാൻ രക്ഷാ മാർച്ചിനെതിരെ ശക്തമായി തിരിച്ചടിക്കാൻ ഒരുങ്ങുകയാണ് ബിജെപി. ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക എന്ന പ്രചാരണവുമായി മുന്നോട്ടു പോകാനൊരുങ്ങുകയാണ് ബിജെപി. കഴിഞ്ഞ തവണത്തേക്കാൾ ഒരുപടി മുമ്പിൽ 182 സീറ്റുകളുടെ വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും 50000 വോട്ടുകളുടെ ലീഡ് നേടാനായി താഴെത്തട്ടിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഓരോ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഒരു മുതിർന്ന ഇൻ ചാർജിനെ നിയമിക്കും. ഭൂപേന്ദ്ര പട്ടേൽ സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കും.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും കേന്ദ്ര മന്ത്രിമാരെയും മറ്റു മുഖ്യ ബിജെപി പ്രവർത്തകരെയും അണിനിരത്തിയാണ് ബിജെപി അങ്കത്തിനൊരുങ്ങുന്നത്. ഇരുപക്ഷവും തിരഞ്ഞെടുപ്പ് യുദ്ധത്തിനൊരുങ്ങുമ്പോൾ ഭരണഘടനാ ദിനം രാഷ്ട്രീയ ശക്തിപ്രകടനത്തിനായി ഒരുങ്ങുകയാണ്.
Content Highlights: Congress and the BJP have intensified their political activities in Gujarat ahead of the upcoming Assembly elections. Both parties are stepping up their campaigns and political outreach as they prepare for the electoral contest.