

ചണ്ഡിഗഡ്: 2027ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സഖ്യം പുതുക്കി ബിജെപിയും ശിരോമണി അകാലിദളും. 2020ലായിരുന്നു വിവാദമായ കാർഷിക നിയമങ്ങളെച്ചൊല്ലി ഇരുപാർട്ടികളും 24 വർഷം നീണ്ട സഖ്യം അവസാനിപ്പിച്ചത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നത്.
ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്‌ബീർ സിങ് ബാദൽ എന്നിവരുടെ സാന്നിധ്യത്തിലാണ് സഖ്യപ്രഖ്യാപനം ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും എല്ലാ സീറ്റുകളിലും ഒരുമിച്ച് മത്സരിക്കുമെന്ന് ഷാ പത്രസമ്മേളനത്തിൽ പറഞ്ഞു. 2029 ഡിസംബർ 31 ഓടെ പഞ്ചാബിനെ മയക്കുമരുന്നിൽ നിന്ന് പൂർണ്ണമായും വിമുക്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. നിരവധി പ്രധാന വിഷയങ്ങൾ അഭിസംബോധന ചെയ്ത് പഞ്ചാബിനായി ഒരു പ്രകടന പത്രിക പുറത്തിറക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ 117 സീറ്റുകളിലും സഖ്യം ഒരുമിച്ച് മത്സരിക്കുമെന്നും 100 ലധികം സീറ്റുകൾ നേടുമെന്നും എസ്എഡി പ്രസിഡൻ്റ് സുഖ്ബീർ സിംഗ് ബാദൽ പത്രസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകളും പുരോഗമിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് 2020 സെപ്റ്റംബറിൽ ശിരോമണി അകാലിദൾ എൻഡിഎ സഖ്യം വിട്ടത്. ഇതിന് പിന്നാലെ അന്നത്തെ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്ന ഹർസിമ്രത് കൗർ ബാദൽ രാജിവെക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം ഡൽഹി സന്ദർശനത്തിനിടെയും നവംബർ ഒന്നിന് ചണ്ഡീഗഢിലെത്തിയപ്പോഴും 2027-ൽ പഞ്ചാബിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒഴികെയുള്ള, തങ്ങളുടെ ആശയങ്ങളോട് യോജിക്കുന്ന പാർട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്‌ബീർ സിങ് ബാദലും വ്യക്തമാക്കിയിരുന്നു.
2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിരോമണി അകാലിദളും ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. 117 അംഗ നിയമസഭയിൽ ബിജെപിക്ക് രണ്ട് സീറ്റുകളും എസ്എഡിക്ക് മൂന്ന് സീറ്റുകളുമായിരുന്നു അന്ന് ലഭിച്ചത്.
Content Highlights: BJP and Shiromani Akali Dal renew their alliance ahead of the 2027 Punjab Assembly elections, six years after splitting over the farm laws.