

യുപി: 2027 ലെ യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ച് സ്ഥാനാർത്ഥികളെ സമാജ്വാദി പാർട്ടി പ്രഖ്യാപിച്ചു. ആഷു മാലികാണ് സഹാറൻപൂറിൽ നിന്ന് മത്സരിക്കുന്നത്. കൈരാനയിൽ നിന്ന് നഹിദ് ഹസൻ, അംറോഹയിൽ നിന്നും മെഹബൂബ് അലി, ലളിത്പൂറിൽ നിന്നും ജ്യോതി ലോധിയും ബെഹത്തിൽ നിന്ന് ഉമർ അലി ഖാനുമാണ് മത്സരിക്കുന്നത്. സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസുമായുള്ള ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളും നടക്കുമ്പോഴാണ് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുന്നത്. സീറ്റ് വിഭജന ചർച്ചകളുടെ തുടക്കത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്ന രണ്ട് മണ്ഡലങ്ങളും പ്രഖ്യാപിത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
സഹാറൻപൂരിൽ സമാജ്വാദി പാർട്ടിക്കെതിരെ കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് വാർത്തകൾ വരുന്നുണ്ട്. സഹാറൻപൂർ, ബെഹാത് എന്നീ മണ്ഡലങ്ങളിൽ കോൺഗ്രസ് നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ തങ്ങളുടെ സിറ്റിംഗ് സീറ്റുകളിൽ അവിടുത്തെ തന്നെ എംഎൽഎമാരെയാണ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത് എന്നാണ് സമാജ്വാദി പാർട്ടി അറിയിച്ചത്. സീറ്റ് വിഭജനത്തെക്കുറിച്ച് കോൺഗ്രസുമായി നടത്തിയ രണ്ടാം ഘട്ട ചർച്ചകൾക്ക് പിന്നാലെയാണ് സമാജ്വാദി പാർട്ടി തങ്ങളുടെ അഞ്ച് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയത്.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അദ്ദേഹത്തിൻ്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പങ്കുവച്ചു. ബിജെപിയെ പരാജയപ്പെടുത്താനും, രാജ്യം തെറ്റായ കൈകളിലേക്ക് പോകാതെ സംരക്ഷിക്കാനും ഇരു മതേതര പാർട്ടികൾക്കും മുന്നിൽ ഒരു ചരിത്രപരമായ അവസരം ഉണ്ട് എന്ന് അഖിലേഷ് പറഞ്ഞു. 403 അംഗങ്ങളുള്ള ഉത്തർപ്രദേശ് നിയമസഭയിൽ ഏകദേശം 130 മണ്ഡലങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് പട്ടിക സമർപ്പിച്ചത്. എന്നാൽ 26 സീറ്റുകൾ നൽകാമെന്നാണ് സീറ്റ് വിഭജന ചർച്ചകൾക്കിടയിൽ സമാജ്വാദി പാർട്ടി പറഞ്ഞിരുന്നത്.
Content Highlights: The Samajwadi Party has announced five candidates for the upcoming elections in Uttar Pradesh. The announcement marks the party's latest step in preparing for the electoral contest.