

പാചകം ചെയ്യുമ്പോഴും ജ്യൂസ് തയ്യാറാക്കുമ്പോഴും നാരങ്ങാനീര് ആവശ്യമായി വരാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ നാരങ്ങ പിഴിഞ്ഞാലും പ്രതീക്ഷിച്ചത്ര നീര് ലഭിക്കില്ല. പ്രത്യേകിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച നാരങ്ങ കട്ടിയുള്ളതാകുന്നതിനാല്‍ പിഴിയാനും പ്രയാസമാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായി പരീക്ഷിക്കാവുന്ന ഒരു ലളിതമായ മാര്‍ഗമാണ് നാരങ്ങ മൈക്രോവേവില്‍ ചെറുതായി ചൂടാക്കുന്നത്.

നാരങ്ങ നന്നായി കഴുകിയ ശേഷം മൈക്രോവേവില്‍ ഉപയോഗിക്കാനായി സുരക്ഷിതമായ ഒരു പാത്രത്തില്‍ വെച്ച് ഏകദേശം 10-15 സെക്കന്‍ഡ് ചൂടാക്കുക. (മൈക്രോവേവിന്റെ ശേഷിയും നാരങ്ങയുടെ വലുപ്പവും അനുസരിച്ച് സമയം വ്യത്യാസപ്പെടാം). ചൂടാക്കിയ നാരങ്ങ ഉടന്‍ കൈകൊണ്ട് എടുക്കുകയോ പിഴിയുകയോ ചെയ്യരുത്. അല്‍പനേരം തണുക്കാന്‍ അനുവദിച്ച ശേഷം വൃത്തിയുള്ള പ്രതലത്തില്‍ വെച്ച് കൈപ്പത്തി കൊണ്ട് പതുക്കെ അമര്‍ത്തി 15-20 സെക്കന്‍ഡ് മുന്നോട്ടും പിന്നോട്ടും ഉരുട്ടുക. തുടര്‍ന്ന് നാരങ്ങ മുറിച്ച് പിഴിഞ്ഞെടുക്കാം.

നാരങ്ങയ്ക്കുള്ളിലെ നീര് ചെറിയ അറകളിലാണ് അടങ്ങിയിരിക്കുന്നത്. ഈ അറകള്‍ക്ക് ചുറ്റുമുള്ള നേര്‍ത്ത പാളികള്‍ ചൂടാകുമ്പോള്‍ അല്‍പം മൃദുവാകാം. അതിനാല്‍ നാരങ്ങ എളുപ്പത്തില്‍ അമര്‍ത്തിപ്പിഴിയാന്‍ സാധിക്കും. എന്നാല്‍ മൈക്രോവേവില്‍ ചൂടാക്കുന്നതുകൊണ്ട് നാരങ്ങയ്ക്കുള്ളില്‍ പുതിയതായി കൂടുതല്‍ നീര് ഉണ്ടാകുന്നില്ല. നേരത്തേ ഉള്ള നീര് എളുപ്പത്തില്‍ പുറത്തെടുക്കാന്‍ സഹായിക്കുക മാത്രമാണ് ഈ രീതിയുടെ ലക്ഷ്യം.

നാരങ്ങ മുറിക്കുന്നതിന് മുമ്പ് കൈപ്പത്തി കൊണ്ട് പതുക്കെ അമര്‍ത്തി 15-20 സെക്കന്‍ഡ് ഏതെങ്കിലും പ്രതലത്തില്‍ ഉരുട്ടിയാലും മതി. ഇത് നാരങ്ങ മൃദുവാക്കാനും പിഴിയാന്‍ എളുപ്പമാക്കാനും സഹായിച്ചേക്കും.
എല്ലാ നാരങ്ങയിലും ഒരേ ഫലം ലഭിക്കണമെന്നില്ല. നാരങ്ങയുടെ പഴക്കം, വലുപ്പം, ഇനം, ഉള്ളിലെ നീരിന്റെ അളവ് എന്നിവയും ഫലത്തെ ബാധിക്കും. നാരങ്ങയില്‍ നീര് വളരെ കുറവാണെങ്കില്‍ ചൂടാക്കിയതുകൊണ്ട് മാത്രം കൂടുതല്‍ നീര് ലഭിക്കണമെന്നില്ല.
Content Highlights :The juice inside a lemon is contained within small sacs, which are surrounded by thin layers and plant cells