

ചെന്നൈ: തമിഴ്നാട്ടില്‍ വിജയ് നേതൃത്വം നല്കുന്ന ടിവികെ സര്‍ക്കാര്‍ ഒരു കാരണവശാലും താഴെ വീഴില്ലെന്ന് വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ) അധ്യക്ഷന്‍ തോല് തിരുമാവളവന്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ സഖ്യകക്ഷികള്‍ വിജയ്ക്കുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് തങ്ങള്‍ ടിവികെയെ അറിയിച്ചതായും മാധ്യമങ്ങളോട് സംസാരിക്കവെ തിരുമാവളവന് കൂട്ടിച്ചേര്‍ത്തു.

'സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളെല്ലാം തന്നെ ആ പിന്തുണ തുടരുമെന്ന് ഉറപ്പിച്ചുപറയുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം എങ്ങനെയുണ്ടാകുമെന്ന് എനിക്ക് അറിയില്ല,' അദ്ദേഹം പറഞ്ഞു.
ടിവികെ എംഎല്‍എമാരെ പ്രലോഭിപ്പിക്കാനായി 70 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നു എന്ന മന്ത്രി സി ടി ആര് നിര്‍മല്‍ കുമാറിന്റെ ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഈ തന്ത്രങ്ങളൊന്നും വിലപ്പോകില്ലെന്നും, ഇത്തരം പ്രലോഭനങ്ങളില്‍ വീഴാന്‍ മാത്രം ദുര്‍ബലരാണ് ടിവികെ എംഎല്‍എമാര്‍ എന്ന് താന്‍ കരുതുന്നില്ലെന്നും തിരുമാവളവന് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശുചീകരണ തൊഴിലാളികള്‍ക്ക് നല്കുന്ന ഭക്ഷണം മോശമാണെന്ന പരാതികള്‍ ഗൗരവപൂര്‍ണമായി കാണണമെന്നും മികച്ച നിലവാരത്തിലുള്ള ഭക്ഷണം നല്‍കുന്നുണ്ടെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വിസികെ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
ദീപാവലി ആഘോഷ വേളയില്‍ തടസ്സരഹിതമായ യാത്ര ഉറപ്പാക്കുന്നതിന് ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. 'വെട്രി പയണം' പദ്ധതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കവെ, യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കുറവുണ്ടാകുന്നത് സംബന്ധിച്ച് ഓട്ടോ ഡ്രൈവര്‍മാരും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും ഉന്നയിക്കുന്ന ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോള്‍ സര്‍ക്കാരിനെതിരെ വോട്ട് രേഖപ്പെടുത്താന്‍ ഡിഎംകെയും അണ്ണാ ഡിഎംകെയും തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് മധുരൈ സെന്‍ട്രല്‍ എംഎല്‍എ മദര്‍ ബദറുദീന്‍ പറഞ്ഞിരുന്നു. തനിക്ക് 15 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് പറഞ്ഞ ബദറുദീന്‍, എന്നാല്‍ ആരൊക്കെയാണ് തന്നെ സമീപിച്ചതെന്ന കാര്യം വ്യക്തമാക്കിയില്ല. കുതിരക്കച്ചവടത്തിലൂടെ ഡിഎംകെയും അണ്ണാ ഡിഎംകെയും സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Viduthalai Chiruthaigal Katchi (VCK) president Thol Thirumavalavan said that the TVK government led by Vijay in Tamil Nadu would not collapse under any circumstances. He stated that alliance partners, including the Congress, Left parties, VCK and the Muslim League, would not withdraw their support for Vijay. Thirumavalavan added that they had informed TVK of their decision to continue supporting the government while speaking to the media.