യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ

6.78 കോടി രൂപയുടെ വ്യാജനോട്ടുകളാണ് തെലങ്കാന പൊലീസ് പിടിച്ചെടുത്തത്

യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ
dot image

ഹൈദരാബാദ്: യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിക്കുകയും, ഈ നോട്ടുകൾ നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തി ഇടപാടുകാരെ പൊലീസ് വേഷത്തിലെത്തി കൊള്ളയടിക്കുകയും ചെയ്ത സംഘം ഹൈദരാബാദിൽ പിടിയിൽ. 6.78 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് തെലങ്കാന പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. എം കരുണാകർ, സി എച്ച് മാണിക്യ റെഡ്ഡി, സി എച്ച് രത്‌നാകർ റെഡ്ഡി, കെ അജയ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

നവംബർ ഒന്നിന് വിജയവാഡയിലേക്ക് കാറിൽ ചിലർ കള്ളനോട്ട് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻഎച്ച്-65ൽ രാമോജി ഫിലിം സിറ്റിക്ക് സമീപം പൊലീസ് വാഹനം തടയുകയായിരുന്നു. അബ്ദുള്ളപൂർമെട്ട് പൊലീസ് സ്റ്റേഷനിലെയും ഷാദ്‌നഗർ സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീമിലെയും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 8 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. തുടർന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കുന്തളൂരിലെ ഒരു വാടക വീട്ടിലാണ് കള്ളനോട്ട് അച്ചടി യൂണിറ്റ് പ്രവർത്തിക്കുന്നതെന്ന് വെളിപ്പെടുത്തിയതെന്ന് ഫ്യൂച്ചർ സിറ്റി പൊലീസ് കമ്മീഷണർ തരുൺ ജോഷി അറിയിച്ചു. ഇവിടെ നടത്തിയ റെയ്ഡിൽ പ്രിന്ററുകൾ, ലാപ്‌ടോപ്പ്, കറൻസി കട്ടിംഗ് മെഷീനുകൾ, കള്ളനോട്ടുകളുടെ കെട്ടുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. യഥാർത്ഥ 500 രൂപ നോട്ടുകൾ സ്കാൻ ചെയ്യാനും, ഫോട്ടോഷോപ്പ് ഉപയോഗിച്ച് അവ എഡിറ്റ് ചെയ്ത് വ്യാജ പതിപ്പുകൾ പ്രിന്റ് ചെയ്യാനും യൂട്യൂബ് വീഡിയോകളിലൂടെയാണ് കരുണാകർ എന്ന പ്രതി പഠിച്ചതെന്ന് പൊലീസ് പറഞ്ഞു.

തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പൊലീസിനെപ്പോലും ഞെട്ടിച്ച വിവരങ്ങൾ പുറത്തുവന്നത്. കള്ളനോട്ടിന് പകരം യഥാർത്ഥ പണം കൈമാറാൻ വരുന്നവരെ പൊലീസ് വേഷത്തിലെത്തി കൊള്ളയടിക്കുന്നതായിരുന്നു ഇവരുടെ രീതി. സംഘത്തിലെ രണ്ടുപേർ ആദ്യം യഥാർത്ഥ കറൻസി കാണിച്ച് വ്യാജനോട്ട് വാങ്ങാൻ താല്പര്യമുള്ളവരുടെ വിശ്വാസം നേടിയെടുക്കും. പണം കൈമാറാൻ ഇടപാടുകാർ എത്തുന്ന സമയത്ത് സംഘത്തിലെ മറ്റുള്ളവർ പൊലീസ് ഉദ്യോഗസ്ഥരായി വേഷമിട്ട് അവിടെയെത്തും. വ്യാജ പൊലീസ് തിരിച്ചറിയൽ കാർഡുകൾ, വാക്കി-ടോക്കികൾ, ഡമ്മി പിസ്റ്റൾ എന്നിവ ഉപയോഗിച്ച് ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയും നിയമനടപടി സ്വീകരിക്കുമെന്ന് ഭയപ്പെടുത്തി ഇവരുടെ പക്കലുള്ള യഥാർത്ഥ പണവുമായി കടന്നുകളയുകയും ചെയ്യും. ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങളിലായി അഞ്ച് ലക്ഷം രൂപ ഇവർ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഘത്തിലെ മറ്റ് അംഗങ്ങളായ ജല്ലി വെങ്കിടേഷ്, കുഞ്ച ബാലരാജു, കമ്പസതി ശ്രീനിവാസ് എന്നീ മൂന്നുപേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും, കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Content Highlights: Telangana Police arrested four people in a fake currency racket and seized counterfeit notes worth ₹6.78 crore. The gang allegedly used fake police IDs and uniforms to rob people who came to exchange real cash for counterfeit currency

dot image
To advertise here,contact us
dot image