

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് മദ്യത്തിന്റെ ഗന്ധവുമായാണ് പാര്‍ലമെന്റില്‍ എത്തിയതെന്ന് ആരോപണമുന്നയിച്ച് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന് മുഖ്യമന്ത്രിക്ക് പ്രതിബദ്ധതയില്ലേയെന്നും അദ്ദേഹം ചോദിച്ചു. സംഗ്രൂരില്‍ നടന്ന 'ഇന്‍സാഫ് റാലി'യെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. പഞ്ചാബിലെ ലഹരിമരുന്ന് വ്യാപനം തടയുന്നതില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഡല്‍ഹിയില്‍ നിന്നാണ് പഞ്ചാബ് ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ പ്രധാന പ്രശ്നമായി ലഹരി മാറിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പഞ്ചാബിന് സംസ്ഥാനത്തിനകത്തുനിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ആവശ്യം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിക്ക് ഡല്‍ഹിയുടെ ഇടപെടലില്ലാതെ ഭരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും. 'പഞ്ചാബ് ഭഗവന്ത് മനിലും ആം ആദ്മി പാര്‍ട്ടിയിലും വിശ്വാസമര്‍പ്പിച്ചു. ലഹരിമരുന്ന് ഇല്ലാതാക്കുമെന്നായിരുന്നു അവരുടെ വാഗ്ദാനം. എന്നാല്‍ എവിടെയാണ് അവര്‍ ലഹരി ഇല്ലാതാക്കിയത്? പഞ്ചാബിന്റെ ഏത് ഭാഗത്തുനിന്നാണ് ലഹരി തുടച്ചുനീക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്?', രാഹുല്‍ ചോദിച്ചു.

പഞ്ചാബില്‍ ലഹരിമരുന്ന് വ്യാപിക്കുന്നതായി വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അന്ന് ബിജെപിയും ശിരോമണി അകാലിദളും അത് അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്ന് പഞ്ചാബിനെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ഒന്നുമറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ ഇന്ന് ലഹരി സംസ്ഥാനത്തെ വലിയ പ്രശ്നമായി മാറി.
പാര്‍ലമെന്റിലെ അനുഭവങ്ങള്‍ പരാമര്‍ശിച്ചാണ് ഭഗവന്ത് മന്നിനെതിരെ രാഹുല്‍ ഗാന്ധി മദ്യപാന ആരോപണം ഉന്നയിച്ചത്. ലോക്സഭയില്‍ തനിക്കൊപ്പം ഇരുന്നിരുന്ന മന് തമാശകള്‍ പറയാറുണ്ടായിരുന്നുവെന്നും രാവിലെ 11 മണിയാകുമ്പോഴേക്കും അദ്ദേഹത്തില്‍ നിന്ന് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. മദ്യപിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. അതില്‍ തനിക്ക് എതിര്‍പ്പില്ല. എന്നാല്‍ ലഹരിവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കേണ്ട മുഖ്യമന്ത്രി എന്നും മദ്യലഹരിയിലാണ്. പഞ്ചാബിന്റെ പ്രശ്നങ്ങള്‍ മനസിലാക്കി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന നേതാവിനെയാണ് സംസ്ഥാനത്തിന് ആവശ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlights: Rahul Gandhi has accused Punjab Chief Minister Bhagwant Mann of attending Parliament smelling of alcohol, questioning his commitment to tackling drug abuse in the state. Speaking at an Insaaf rally in Sangrur, he also criticised the AAP government over the growing drug menace in Punjab