'സമരം തുടരും', മൂന്നാം ദിനവും ആളിക്കത്തി പ്രതിഷേധം, രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്തി മടങ്ങി

ഡല്‍ഹിയില്‍ തുടരണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്ക് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്

'സമരം തുടരും', മൂന്നാം ദിനവും ആളിക്കത്തി പ്രതിഷേധം, രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്തി മടങ്ങി
dot image

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന കാഴ്ചയാണ് ഇന്ന് രാജ്യ തലസ്ഥാനത്ത് കണ്ടത്. ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായാണ് രാജ്ഘട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സമരം ഇന്നത്തേക്ക് അവസാനിപ്പിച്ചത്.

സമാധാന സമരമായിരിക്കും ഇന്ന് നടത്തുകയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സമരം തുടരുമെന്നും ഗ്യാനേഷ് കുമാറിന്റെ രാജി ഇല്ലാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ തുടരണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്ക് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മമത ബാനര്‍ജിയെയും ഉദ്ധവ് താക്കറെയെയും തേജസ്വി യാദവിനെയും ഉള്‍പ്പെടെ നാളെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്.

സമരം തുടരുമെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചവരോട് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാളെയും സമരം ശക്തമായി തുടരുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു. രാജ്ഘട്ടില്‍ വന്ന് പ്രാര്‍ത്ഥനയോടെയാണ് എംപിമാര്‍ മടങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ഒത്താശചെയ്യുന്ന കേന്ദ്രസര്‍ക്കാരുമാണ് രാജ്യത്തുള്ളതെന്നും കൊടിക്കുന്നില്‍ സുരേഷ് വിമർശിച്ചു.

എല്ലാ ദിവസവും ഇതുപോലെ സമാധാനപരമായ പ്രതിഷേധം നടത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് പി സന്തോഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇതിന് സമ്മതിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തുടര്‍ ദിവസങ്ങളിലും സമരം തുടരുമെന്നും പി സന്തോഷ് കുമാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഒരുക്കിയ ഉച്ചഭക്ഷണത്തിന് ശേഷം ബസിലാണ് എംപിമാര്‍ രാജ്ഘട്ടിലെത്തിയത്. ഹിമാചല്‍ മുഖ്യമന്ത്രി സുക്വിന്ദര്‍ സിംഗ് സുഘുവും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇന്ന് പ്രതിഷേധത്തിന് ഒപ്പം ചേര്‍ന്നിരുന്നു. മൂന്ന് ബസുകളിലായായിരുന്നു യാത്ര. ബസിന് ചുറ്റും ആയിരക്കണക്കിന് പ്രവര്‍ത്തകരും അനുഗമിച്ചു. വഴിയിലുടനീളം വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും പ്രതിഷേധക്കാരെ തടഞ്ഞില്ല. ഗാന്ധി സ്മൃതിമണ്ഡപത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കം പ്രാര്‍ത്ഥന നടത്തി. പ്രവര്‍ത്തകരെ അകത്തേക്ക് കടത്തിവിടാന്‍ പൊലീസ് തയ്യാറായില്ല. എംപിമാര്‍ക്ക് മാത്രം രാജ്ഘട്ടിനുള്ളിലേക്ക് പോകാനാണ് അനുമതി നല്‍കിയത്.

Content Highlights: Opposition parties intensified their protest in the capital demanding the resignation of Chief Election Commissioner Gyanesh Kumar. The INDIA bloc jointly held a march to Rajghat and concluded the protest after offering floral tributes at the Gandhi memorial.

dot image
To advertise here,contact us
dot image