ഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും

വിമാന ഇന്ധനമായ എടിഎഫിന് വില കൂടിയ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസുമടക്കം ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചത്

ഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും
dot image

ന്യൂഡല്‍ഹി: ഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും. നിരക്ക് വര്‍ദ്ധനവ് ഒക്ടോബര്‍ 9 (നാളെ) മുതല്‍ പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യയ്ക്ക് പുറമേ ആകാശ എയറും നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന ഇന്ധനമായ എടിഎഫിന് വില കൂടിയ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസുമടക്കം ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചത്. സെക്ടറിനും റൂട്ട് കാറ്റഗറിക്കും അനുസരിച്ച് സര്‍ചാര്‍ജില്‍ മാറ്റമുണ്ടാകും. ആഭ്യന്തര യാത്രയ്ക്കുള്ള സര്‍ചാര്‍ജ് നാനൂറ് രൂപയ്ക്കും 1200 രൂപയ്ക്കും ഇടയിലാകും. 500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കും ഇന്ധന സര്‍ചാര്‍ജ് 400 രൂപയാണ്. അതേസമയം ആയിരം കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 600 രൂപ, 1500 കിലോമീറ്ററിന് 850 രൂപ, 2000 കിലോമീറ്ററിന് 1200 രൂപ എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുക. വിദേശയാത്രകളില്‍ പശ്ചിമേഷ്യന്‍ യാത്രയ്ക്ക് 55 ഡോളര്‍, യൂറോപ്പ് 135 ഡോളര്‍, ഓസ്‌ട്രേലിയ 210 ഡോളര്‍, വടക്കന്‍ അമേരിക്ക 215 ഡോളര്‍ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് ഇന്‍ഡിഗോ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചത്. ആഭ്യന്തര സര്‍വീസുകളില്‍ 375 രൂപ മുതല്‍ 1,300 രൂപ വരെ ഇന്ധന ചാര്‍ജ് സെസ് ഇനത്തില്‍ വര്‍ധനവ് ഉണ്ടാകും. അന്താരാഷ്ട്ര സര്‍വീസുകളില്‍ 11,000 മുതല്‍ 10,000 വരെ ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പ്രശ്നങ്ങളെത്തുടര്‍ന്ന് എടിഎഫ് വിലയില്‍ വലിയ ചാഞ്ചാട്ടം അനുഭവപ്പെടുന്നതായി സമീപ മാസങ്ങളില്‍ ഇന്‍ഡിഗോ അറിയിച്ചിരുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികം വര്‍ധനവുണ്ടായതോടെ, എടിഎഫ് ചെലവ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നിലെത്തിയിരിക്കുകയാണ്.


കഴിഞ്ഞ സെപ്റ്റംബറില്‍ കൈക്കുഞ്ഞുങ്ങളുമായുള്ള യാത്ര, കൂടെ മുതിര്‍ന്നവരില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍, അധിക ലഗേജ് എന്നിവയുള്‍പ്പെടെയുള്ള വിവിധ അനുബന്ധ സേവനങ്ങളുടെ നിരക്ക് വിമാനക്കമ്പനി വര്‍ധിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ പുതിയ വര്‍ധനവും വരുന്നത്. ആഭ്യന്തര വിമാനയാത്രകളില്‍, കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നതിനുള്ള നിരക്ക് 2,200 രൂപയില്‍ നിന്ന് 3,000 രൂപയായി ഉയര്‍ത്തി. അന്താരാഷ്ട്ര വിമാനയാത്രകളില്‍ ഈ നിരക്ക് വ്യത്യസ്തമാണ്. ആഭ്യന്തര വിമാനയാത്രകളില്‍ കൂടെ മുതിര്‍ന്നവരില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള നിരക്ക് 5,999 രൂപയായും അന്താരാഷ്ട്ര യാത്രകളില്‍ ഇത് 12,999 രൂപയായും ഇന്‍ഡിഗോയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 'ഫാസ്റ്റ്-ഫോര്‍വേഡ്' സേവനത്തിന് 650 രൂപയും യാത്രാ സര്‍ട്ടിഫിക്കറ്റിന് 300 രൂപയും കമ്പനി ഈടാക്കുന്നുണ്ടെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

Content Highlights: Air India has increased its fuel surcharge following a similar move by IndiGo. The surcharge revision is expected to affect flight ticket prices, with the airlines adjusting fares amid changes in aviation fuel costs.

dot image
To advertise here,contact us
dot image