

ന്യൂഡല്‍ഹി: 2022ന് ശേഷം ആദ്യമായി ഇന്ത്യയില്‍ നിന്ന് വീണ്ടും ഗോതമ്പ് ഇറക്കുമതി ആരംഭിച്ച് ബംഗ്ലാദേശ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുള്ള വിതരണ തടസ്സങ്ങള്‍ ഗോതമ്പിന്റെ വില ഉയരാന്‍ കാരണമായതോടെയാണ് ഇറക്കുമതി പുനരാരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഗോതമ്പിന്റെ വിലയില്‍ 17 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ആഭ്യന്തര അരിവില എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയതോടെ കൂടുതല്‍ ആളുകള്‍ ഗോതമ്പ് ഉപയോഗിക്കുന്നതിലേക്ക് മാറിയതാണ് ആവശ്യകത വര്‍ധിപ്പിച്ചത്.
ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, ബംഗ്ലാദേശി ട്രേഡര്‍മാര്‍ ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷം ടണ്ണിലധികം ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിനാണ് കരാർ നല്‍കിയിരിക്കുന്നത്. ടണ്ണിന് 306 മുതല്‍ 326 രൂപ വരെയാണ് വില. റെയില്‍മാര്‍ഗമാണ് ഗോതമ്പ് ബംഗ്ലാദേശിലെത്തിക്കുക. നാല് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ ആദ്യ ഗോതമ്പ് ഇറക്കുമതിയാണിത്.
ബംഗ്ലാദേശിലെ പ്രധാന ഭക്ഷ്യധാന്യം അരിയാണ്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ധാന്യം ഗോതമ്പാണ്. ബംഗ്ലാദേശ് പ്രതിവര്‍ഷം ഏകദേശം 10 ലക്ഷം ടണ്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്. ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ രാജ്യത്തിന് 70 ലക്ഷം ടണ്‍ അധികമായി ഇറക്കുമതി ചെയ്യേണ്ടിവരുന്നുണ്ട്. പ്രധാനമായും ബംഗ്ലാദേശിലേക്ക് ഗോതമ്പ് എത്തിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചില വര്‍ഷങ്ങളില്‍ ബംഗ്ലാദേശിന്റെ മൊത്തം ഗോതമ്പ് ഇറക്കുമതിയുടെ പകുതിയിലധികവും ഇന്ത്യയില്‍ നിന്നായിരുന്നു. 2020-21ല്‍ ഇന്ത്യ 11 ലക്ഷത്തിലധികം ടണ്‍ ഗോതമ്പ് ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്തിരുന്നു.
എന്നാല്‍ 2022ല്‍ ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഗോതമ്പ് വ്യാപാരം തടസ്സപ്പെട്ടു. 2022ല്‍ റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതോടെ ലോകത്തെ രണ്ട് പ്രധാന ഗോതമ്പ് കയറ്റുമതി രാജ്യങ്ങളായ റഷ്യയിലും യുക്രെയ്നിലും നിന്നുള്ള വിതരണം തടസ്സപ്പെട്ടു. ഇതോടെ ആ വര്‍ഷം ഇന്ത്യ പ്രധാന ഗോതമ്പ് കയറ്റുമതി രാജ്യമായി മാറുകയും ചെയ്തു.
അതേസമയം, 2021-22 വിളവെടുപ്പ് വര്‍ഷത്തില്‍ ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 2.5 ശതമാനം കുറഞ്ഞ് 10.684 കോടി ടണ്ണായിരുന്നു. മുന്‍ വര്‍ഷം ഇത് 10.959 കോടി ടണ്ണായിരുന്നു. ആ വര്‍ഷമുണ്ടായ ഉഷ്ണതരംഗമാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പ്രതീക്ഷിച്ചതിലും കുറഞ്ഞ വിളവും ആഗോള ആവശ്യകതയിലെ വര്‍ധനയും കാരണം ഇന്ത്യയില്‍ ഗോതമ്പിന്റെ വില 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായി 2022ല്‍ ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിതരണം നിലച്ചതോടെ ബംഗ്ലാദേശിന് അര്‍ജന്റീന, കാനഡ, റഷ്യ, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ടിവന്നു.
Content Highlights: Bangladesh resumes wheat imports from india after four years