

ലോക കേരളസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാർഹമാണെന്ന് ബഹ്‌റൈൻ നവകേരള. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും കേരളത്തിന്റെ വികസന ചർച്ചകളിൽ നേരിട്ട് അവതരിപ്പിക്കാൻ സാധിച്ചിരുന്ന പ്രധാന വേദിയാണ് ഇല്ലാതാകുന്നത്. പ്രവാസികളുടെ ജനാധിപത്യപരമായ അവകാശങ്ങളെ നിഷേധിക്കുന്ന ഈ തീരുമാനത്തിൽ സംഘടന ശക്തമായ അമർഷം രേഖപ്പെടുത്തി.
2018-ൽ ആരംഭിച്ച ലോക കേരളസഭ പ്രവാസി സമൂഹത്തിന്റെ ക്ഷേമം, തൊഴിൽ, നിക്ഷേപം, പുനരധിവാസം തുടങ്ങിയ വിഷകളിൽ നിർണായകമായ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളോ പോരായ്മകളോ ഉണ്ടെങ്കിൽ അവ തിരുത്തി മുന്നോട്ടുപോകുകയാണ് വേണ്ടത്. അത് പരിഹരിക്കുന്നതിന് പകരം പ്രവാസികൾക്കായി നിലകൊള്ളുന്ന ഒരു വേദി തന്നെ പൂർണമായി ഇല്ലാതാക്കുന്നത് ശരിയായ നടപടിയല്ല.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവരുടെ അഭിപ്രായങ്ങൾ കേൾക്കാനും പ്രശ്നങ്ങൾ ഉന്നയിക്കാനും സംസ്ഥാനത്തിന്റെ നയരൂപീകരണത്തിൽ പങ്കാളികളാകാനും സാധിക്കുന്ന ഇത്തരം ജനാധിപത്യ സംവിധാനങ്ങൾ തുടരേണ്ടത് അനിവാര്യമാണ്. പ്രവാസികളുടെ സാമ്പത്തിക സഹായവും സംഭാവനകളും മാത്രം ലക്ഷ്യമിടാതെ, അവരുടെ അവകാശങ്ങൾക്കും സാമൂഹിക സുരക്ഷയ്ക്കും അർഹമായ പരിഗണന നൽകണം.
ലോക കേരളസഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് പ്രവാസി സമൂഹം ആഗ്രഹിക്കുന്നത്. അതിനാൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി സഭയുടെ പ്രവർത്തനം തുടരേണ്ടതുണ്ട്. പ്രവാസി സംഘടനകളുമായും ജനപ്രതിനിധികളുമായും കൃത്യമായ ചർച്ചകൾ നടത്തി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും നവകേരള ഭാരവാഹികൾ ആവശ്യപ്പെട്ടു.
Content Highlights: Bahrain Navakerala has opposed the Kerala government’s decision to dissolve the Loka Kerala Sabha, calling for the platform to be continued with necessary reforms. The organisation said the forum provided a platform for expatriate Malayalis to raise concerns and participate in discussions on Kerala’s development.