

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന ആവശ്യത്തിനു പിന്നാലെ രണ്ട് ഡിമാന്റുകള്‍ കൂടി മുന്നോട്ട് വച്ച് കോക്രോച്ച് ജനത പാര്‍ട്ടി. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കണമെന്നും എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും എസ്‌ഐആറുമായി ബന്ധപ്പെട്ട ഫയല്‍ കോടതി മേല്‍നോട്ടത്തില്‍ വിളിപ്പിക്കണമെന്നും ആവശ്യമുന്നയിച്ചു. 2023 ലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന രീതി തിരികെ കൊണ്ടുവരണമെന്നും ഭേദഗതി പിന്‍വലിക്കണമെന്നും സിജെപി വക്താവ് അഭിജീത് ദീപ്‌കെ പറഞ്ഞു. എസ്‌ഐആര്‍ വിഷയത്തില്‍ ഗ്യാനേഷ് കുമാറിന് ആരാണ് അധികാരം നല്‍കിയതെന്നും വാര്‍ത്താസമ്മേളനത്തില്‍ സിജെപി ചോദിച്ചു.
48 മണിക്കൂര്‍ സമയം നല്‍കുകയാണ്. അത് അന്ത്യശാസനമായി എടുത്ത് രാജിവയ്ക്കണമെന്നാണ് അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടിരിക്കുന്നത്. ജന്തര്‍ മന്ദര്‍ രണ്ടാം സമരമെന്ന നിലയിലേക്ക് ഈ സമരവും പോകുമെന്നാണ് അഭിജീത് ദീപ്‌കെ വ്യക്തമാക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ വഞ്ചകനും ദേശവിരുദ്ധനുമാണ് ഗ്യാനേഷ് കുമാര്‍ എന്നുള്ള അതിരൂക്ഷ വിമര്‍ശനമാണ് സിജെപി ഉന്നയിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനെയും സിജെപി പരിഹസിച്ചു. ചാറ്റ്ജിപിടി ഉപയോഗിച്ച് വാര്‍ത്ത കുറിപ്പ് അയക്കുന്നത് നിര്‍ത്തൂ എന്നാണ് പരിഹാസം. എസ്‌ഐആറിനു സുപ്രീം കോടതി നിയമപരിരക്ഷ നല്‍കിയത് ദൗര്‍ഭാഗ്യകരമാണ്. പശ്ചിമ ബംഗാളില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ എസ്‌ഐആര്‍ നടന്നു എന്നാണ് സുപ്രീം കോടതി പറഞ്ഞത്. എന്നാലിപ്പോള്‍ ക്രമക്കേട് പുറത്ത് വന്ന സാഹചര്യത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ പുനര്‍ചിന്തനം നടത്തണമെന്നും സിജെപി പറഞ്ഞു.
'ഗ്യാനേഷ് കുമാര്‍ എന്താണ് ചെയ്യുന്നത് ? അധികാരം ദുരുപയോഗം ചെയ്യുന്നു. വോട്ട് വെട്ടി ഒരു കൂട്ടരെ സഹായിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നില്ല.' രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് മനസിലാക്കിയ ബിജെപി അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ പ്രതിപക്ഷ പാര്‍ട്ടികളെ അപ്രസക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും സിജെപി ആരോപിച്ചു. പിണറായി വിജയന്‍, എം കെ സ്റ്റാലിന്‍, മമത ബാനര്‍ജി എന്നിവരെ എസ്ഐആറിലൂടെയാണ് അധികാരത്തില്‍ നിന്നും പുറത്താക്കിയതെന്നും സിജെപി അഭിപ്രായപ്പെട്ടു. അതേസമയം രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്താനുള്ള ആഹ്വാനവും നല്‍കിയിട്ടുണ്ട്.
Content Highlights: Cockroach Janta Party demands CEC Gyanesh Kumar's resignation, a freeze on SIR and upcoming elections, and announces nationwide protests if he does not step down within 48 hours