വൃക്കകളെ ബാധിക്കുന്ന മരുന്നുകള്‍; വേദന സംഹാരികളെക്കുറിച്ച് CDSCO യുടെ മുന്നറിയിപ്പ്

വൃക്കകളെ ബാധിക്കുന്ന വേദന സംഹാരികള്‍, അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു ആര്‍ക്കൊക്കെയാണ് അപകട സാധ്യതകള്‍. അറിയാം

വൃക്കകളെ ബാധിക്കുന്ന മരുന്നുകള്‍; വേദന സംഹാരികളെക്കുറിച്ച് CDSCO യുടെ മുന്നറിയിപ്പ്
dot image

തലവേദന, പല്ലുവേദന, ശരീരവേദന, നടുവേദന, ആര്‍ത്തവവേദന… വേദന വന്നാല്‍ ഉടന്‍ ഒരു പെയിന്‍കില്ലര്‍ കഴിച്ച് ആശ്വാസം നേടുന്ന ശീലം പലര്‍ക്കുമുണ്ട്. ചിലര്‍ ഡോക്ടര്‍ മുന്‍പ് നിര്‍ദേശിച്ച പഴയ മരുന്ന് തന്നെ വീണ്ടും കഴിക്കും. വേദന മാറിയാല്‍ പ്രശ്‌നവും തീര്‍ന്നുവെന്നാണ് കരുതുന്നതും. വേദന മാറുന്നുണ്ടെങ്കിലും ശരീരത്തിനുള്ളില്‍ മറ്റൊരു അപകടം പതുങ്ങിയിരിക്കുന്നുണ്ടെങ്കിലോ?.
പെയിന്‍കില്ലറുകളുടെ അമിതവും ആവര്‍ത്തിച്ചുള്ളതുമായ ഉപയോഗം കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ കേന്ദ്ര മരുന്ന് നിയന്ത്രണ ഏജന്‍സി (Central Drugs Standard Control Organisation) CDSCO നല്‍കിയിരിക്കുന്നത്. പ്രത്യേകിച്ച് NSAID (Nonsteroidal Anti-Inflammatory Drugs) വിഭാഗത്തില്‍പ്പെടുന്ന വേദനസംഹാരികള്‍ മെഡിക്കല്‍ നിര്‍ദേശമില്ലാതെ ആവര്‍ത്തിച്ചോ ദീര്‍ഘകാലമോ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.

painkillers that affect the kidneys

എല്ലാ പെയിന്‍കില്ലറുകളും ഒരുപോലെയല്ല

എല്ലാ വേദനസംഹാരികളും ഒരേ രീതിയില്‍ വൃക്കകളെ ബാധിക്കുന്നവയല്ല എന്നതും മനസിലാക്കേണ്ടത് പ്രധാനമാണ്. CDSCOയുടെ മുന്നറിയിപ്പില്‍ പ്രധാനമായും പറയുന്നത് NSAIDs അഥവാ Non-Steroidal Anti-Inflammatory Drugs എന്ന വിഭാഗത്തെക്കുറിച്ചാണ്. വേദനയും വീക്കവും കുറയ്ക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ഈ വിഭാഗത്തില്‍ ibuprofen, naproxen, diclofenac, mefenamic acid, celecoxib തുടങ്ങിയ മരുന്നുകള്‍ ഉള്‍പ്പെടുന്നു. ചില NSAID മരുന്നുകള്‍ വിവിധ രാജ്യങ്ങളില്‍ കുറിപ്പടിയില്ലാതെയും ലഭിക്കാമെങ്കിലും ഇന്ത്യയിലെ പല NSAID മരുന്നുകളും prescription only വിഭാഗത്തിലാണുള്ളത്.

വൃക്കയ്ക്ക് എന്താണ് സംഭവിക്കുന്നത്?

നമ്മുടെ വൃക്കകള്‍ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രക്തപ്രവാഹം വളരെ പ്രധാനമാണ്. NSAID മരുന്നുകള്‍ ശരീരത്തിലെ 'prostaglandin' എന്ന ചില രാസവസ്തുക്കളുടെ ഉത്പാദനം കുറയ്ക്കുന്നു. ഇവ കിഡ്‌നിയിലേക്കുള്ള രക്തപ്രവാഹം നിലനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നവയാണ്. അതുകൊണ്ട് NSAID മരുന്നുകള്‍ പ്രത്യേകിച്ച് കൂടിയ അളവിലും ആവര്‍ത്തിച്ചും ദീര്‍ഘകാലമായും ഉപയോഗിക്കുമ്പോള്‍ കിഡ്‌നിയിലേക്കുള്ള രക്തപ്രവാഹം കുറയുകയും acute kidney injury (AKI) ഉണ്ടാകുകയോ നേരത്തേയുള്ള ക്രോണിക് കിഡ്ണി ഡിസീസ് കൂടുതല്‍ മോശമാകുകയോ ചെയ്യാം.

painkillers that affect the kidneys

ആരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്?

എല്ലാവര്‍ക്കും ഒരേ തോതിലുള്ള അപകടസാധ്യതയല്ല. പ്രത്യേകിച്ച് താഴെ പറയുന്നവര്‍ പെയിന്‍കില്ലര്‍ സ്വയം ഒഴിവാക്കുന്നതിന് മുന്‍പ് ഡോക്ടറോട് ചോദിക്കേണ്ടതുണ്ട്.

  • നേരത്തേ കിഡ്‌നി രോഗമുള്ളവര്‍
  • പ്രായമായവര്‍
  • പ്രമേഹമുള്ളവര്‍
  • ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍
  • ഹൃദയസംബന്ധമായ അസുഖമുള്ളവര്‍
  • ഹൃദയസ്തംഭനത്തിന് മരുന്ന് കഴിക്കുന്നവര്‍
  • ശരീരത്തില്‍ വെള്ളം കുറയുന്ന അവസ്ഥയുള്ളവര്‍
  • ചിലതരം ബിപി മരുന്നുകളോ diuretics അഥവാ വെള്ളം കുറയ്ക്കുന്ന മരുന്നുകളോ കഴിക്കുന്നവര്‍
  • പ്രത്യേകിച്ച് ഛര്‍ദ്ദിയോ വയറിളക്കമോ മൂലം ശരീരത്തില്‍ വെള്ളം കുറവായിരിക്കുമ്പോള്‍ NSAID കഴിക്കുന്നത് കൂടുതല്‍ അപകടസാധ്യത ഉണ്ടാക്കാം.
painkillers that affect the kidneys

ഗുളിക കഴിച്ചാല്‍ വൃക്ക തകരുമെന്നാണോ?

ആരോഗ്യമുള്ള ഒരാള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ശരിയായ അളവില്‍… ആവശ്യമായ ചെറിയ കാലയളവില്‍ മരുന്ന് ഉപയോഗിക്കുന്നത് ദീര്‍ഘകാലം സ്വയം മരുന്ന് കഴിക്കുന്നതുപോലെയല്ല. പ്രശ്‌നം പ്രധാനമായും അനാവശ്യമായ മരുന്ന് ഉപയോഗം, കൂടിയ ഡോസ്, ആവര്‍ത്തിച്ചുള്ള ഉപയോഗം, ദീര്‍ഘകാല ഉപയോഗം, നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. NSAID മരുന്നുകളുടെ അപകടസാധ്യത വ്യക്തിയുടെ ആരോഗ്യസ്ഥിതിയെയും മറ്റ് മരുന്നുകളുടെ ഉപയോഗത്തെയും ആശ്രയിച്ചിരിക്കും.

മുന്‍പ് എപ്പോഴോ ഡോക്ടര്‍ കുറിച്ച മരുന്ന് പിന്നീട് കഴിക്കാമോ?

മുമ്പ് ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് ഇപ്പോഴത്തെ അതേ വേദനയ്ക്കും ഉപയോഗിക്കാമെന്ന് കരുതുന്നത് ശരിയല്ല. കാരണം ഇപ്പോഴത്തെ ആരോഗ്യസ്ഥിതി, കഴിക്കുന്ന മറ്റ് മരുന്നുകള്‍, കിഡ്‌നിയുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ മാറിയിട്ടുണ്ടാവും. അതുകൊണ്ട് പഴയ കുറിപ്പടി നോക്കി സ്വയം ചികിത്സ നടത്തുന്ന് ഒഴിവാക്കുന്നതാണ് സുരക്ഷിതം.

painkillers that affect the kidneys

പെയിന്‍കില്ലറിന് മാത്രമല്ല ആന്റിബയോട്ടിക്കിനും മുന്നറിയിപ്പ്

CDSCOയുടെ പുതിയ നിര്‍ദേശം പെയിന്‍കില്ലറുകളില്‍ മാത്രം ഒതുങ്ങുന്നില്ല. ആന്റിബയോട്ടിക്കുകള്‍ സ്വയം കഴിക്കുന്നതിനെതിരെയും മുന്നറിയിപ്പുണ്ട്. ജലദോഷം, സാധാരണ വൈറല്‍ പനി തുടങ്ങിയ മിക്ക ഗുരുതരമല്ലാത്ത വൈറല്‍ അണുബാധയ്ക്കും ആന്റിബയോട്ടിക് ആവശ്യമില്ല. തെറ്റായ രീതിയില്‍ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് antibiotic resistance എന്ന വലിയ ആരോഗ്യപ്രശ്‌നത്തിനും കാരണമാകാം. അതുകൊണ്ട് പനി വന്നാല്‍ ഒരു ആന്റിബയോട്ടിക്, വേദന വന്നാല്‍ ഒരു പെയിന്‍ കില്ലര്‍ എന്ന രീതിയിലുള്ള സ്വയം ചികിത്സ ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രധാന നിര്‍ദേശം.

വൃക്കയെ സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാം

  • പെയിന്‍കില്ലര്‍ പൂര്‍ണമായി ഒഴിവാക്കണം എന്നല്ല ഇതിന്റെ അര്‍ഥം. ആവശ്യമുള്ളപ്പോള്‍ ശരിയായ മരുന്ന്, ശരിയായ ഡോസ്, ശരിയായ കാലയളവ് എന്നതാണ് പ്രധാനം.
  • ചെറിയ വേദന വന്നാല്‍ ഉടന്‍ സ്വയം പെയിന്‍കില്ലര്‍ കഴിക്കരുത്
  • ഡോക്ടര്‍ മുന്‍പ് നല്‍കിയ ചീട്ട് നോക്കി മരുന്ന് വീണ്ടും തുടങ്ങരുത്
  • ഒരേ സമയം ഒന്നിലധികം പെയിന്‍കില്ലര്‍ കഴിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക
  • വൃക്ക രോഗം, പ്രമേഹം, ബ്ലഡ് പ്രഷന്‍ ഹൃദ്രോഗം തുടങ്ങിയവയുണ്ടെങ്കില്‍ മരുന്ന് കഴിക്കുന്നതിന് മുന്‍പ് ഡോക്ടറോട് പറയുക
  • വേദന പതിവായി വരുകയാണെങ്കില്‍ ഓരോ തവണയും ഗുളിക കഴിക്കുന്നതിന് പകരം അതിന്റെ കാരണം കണ്ടെത്തുക

Content Highlights :Painkillers that affect the kidneys: how they work and who is at risk. Let's find out.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image