അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം

അദാനിക്കെതിരായ വാര്‍ത്തയുടെ പേരില്‍ അപകീർത്തി കേസിൽ ഏഴ് ദിവസമായി രവി നായര്‍ ഗുജറാത്തില്‍ ജയിലിലാണ്

അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം
dot image

അഹമ്മദാബാദ്: അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം. ഗുജറാത്ത് ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അദാനിക്കെതിരായ വാര്‍ത്തയുടെ പേരിലുള്ള അപകീർത്തി കേസിൽ ഏഴ് ദിവസമായി രവി നായര്‍ ഗുജറാത്തില്‍ ജയിലിലാണ്. രവി നായര്‍ നാളെ ജയില്‍ മോചിതനാകും.

സമന്‍സോ മുന്‍കൂര്‍ നോട്ടീസോ നല്‍കാതെയാണ് തനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടി രവി നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി തയ്യാറായിരുന്നില്ല. അതേസമയം അദാനി എന്റര്‍പ്രൈസസിന് മറുപടി നല്‍കാന്‍ ഹൈക്കോടതി കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് എം കെ തക്കീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതായിരുന്നു നടപടി. ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനൊപ്പം തന്നെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയില്‍ രവി നായര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഗാന്ധി നഗര്‍ സെഷന്‍സ് കോടതി രവി നായര്‍ക്ക് ജാമ്യം അനുവദിച്ചത്.

ദി വാഷിങ്ടണ്‍ പോസ്റ്റ് 2025 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനെ കുറിച്ച് രവി എക്‌സില്‍ പങ്കുവെച്ച കുറിപ്പാണ് കേസിനാധാരം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരെ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി അദാനി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ഏകദേശം 3.9 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ നിക്കം നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം.

രവി നായര്‍ക്കെതിരെ അദാനി എന്റര്‍പ്രൈസസ് ഗുജറാത്തിലെ മാന്‍സ മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സല്‍പ്പേരിന് കളങ്കം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചരണം ട്വിറ്റിലൂടെ രവി നായര്‍ നടത്തിയെന്നായിരുന്നു അദാനി എന്റര്‍പ്രൈസിന്റെ ആരോപണം. ട്വീറ്റുകളിലുണ്ടായിരുന്നത് ന്യായമായ വിമര്‍ശനമല്ലെന്നും മറിച്ച് പൊതുജനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ഇടയില്‍ കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ബോധപൂര്‍വം ചെയ്തതാണെന്നും അദാനി എന്റര്‍പ്രൈസസ് വാദിച്ചു. വിചാരണയ്‌ക്കൊടുവില്‍ രവി നായര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Content Highlights- A Gujarat court granted bail to journalist Ravi Nair in the criminal defamation case filed by the Adani Group

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us