

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് അഞ്ച് മെഡലുകള്‍. വുഷുവില്‍ വെള്ളിയും റോവിങ്ങിലും ഷൂട്ടിങ്ങിലും വെങ്കലവും നേടി. അത്‌ലിറ്റക്സിൽ ഒരു വെള്ളിയും ഒരു വെങ്കലവും.
ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പതിനേഴായി. ഒരു സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവുമുള്ള ഇന്ത്യ ഇപ്പോൾ പതിമൂന്നാം സ്ഥാനത്താണ്.
വുഷുവില്‍ വെള്ളി നേടി റോഷിബിനാ ദേവിയാണ് ഇന്നത്തെ മെഡൽ വേട്ട സ്റ്റാർട്ട് ചെയ്‌തത്. വനിതകളുടെ 60 കിലോ വിഭാഗത്തിലാണ് നേട്ടം.
റോവിങ്ങില്‍ ഇന്ത്യയുടെ സത്‌നം സിങ്ങും സല്‍മാന്‍ ഖാനുമാണ് വെങ്കലം നേടിയത്. ഷൂട്ടിങ്ങില്‍ സ്‌കീറ്റ് വിഭാഗത്തിൽ പരിനാസ് ധലിവാളും അനഞ്ജീത് സിങ്ങുമടങ്ങിയ മിക്സഡ് ടീം വെങ്കലം നേടി.
അത്‌ലറ്റിക്‌സിൽ വനിതകളുടെ പതിനായിരം മീറ്റര്‍ ഫൈനലിൽ സീമാ കുമാരി വെങ്കലം നേടി. 32 മിനുട്ട് 50.05 സെക്കന്റിൽ ഫിനിഷ് ചെയ്താണ് നേട്ടം. 2010ന് ശേഷം വനിതാ 10,000 മീറ്ററിൽ ഏഷ്യൻ ഗെയിംസിൽ ഇതാദ്യമാണ് മെഡൽ നേടുന്നത്.
മിക്‌സഡ് ടീമിന്റെ 4*400 റിലേ ഫൈനലിൽ ഇന്ത്യ വെള്ളി നേടി. 3 മിനുട്ട് 14.46 സെക്കന്റിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
മലയാളി താരം ടിഎസ് മനു, എംആർ പൂവമ്മ, വിശാൽ തെന്നരശു, വിത്യ രാംരാജ് എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ സംഘമാണ് വെള്ളി മെഡൽ നേടിയത്. ഹീറ്റ്‌സിൽ മറ്റൊരു മലയാളി , അൻസ ബാബുവും മത്സരിച്ചിരുന്നു.
കനോ സ്പ്രിന്റിൽ മലയാളി ജോഡിയായ പാർവതി -പ്രസന്ന സഖ്യം മിക്സഡ് കയാക്ക് ഡബിൾ 500 മീറ്ററിൽ സെമി ഫൈനലിൽ കടന്നു. ദക്ഷിണകൊറിയയെ 8–2നാണ് കീഴടക്കി ഹോക്കി ടീമും മൂന്നാം ജയത്തോടെ പ്രതീക്ഷ കാത്തു.
അത്‌ലറ്റിക്‌സിൽ നൂറ് മീറ്ററിൽ ദേശീയ റെക്കോർഡ് ജേതാവ് ഗുരീന്ദർ വീർ സിങും, അനിമേഷ് കുജൂറും സെമിയിലെത്തി.
content highlights: