

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ആദ്യ ദിവസമായിരുന്ന ഇന്നലെ കമ്മിറ്റിയില്‍ അവതരിപ്പിച്ച തിരുത്തല്‍ രേഖ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ദുര്‍ബലമായ തിരുത്തല്‍ രേഖയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതിരിപ്പിച്ചതെന്നാണ് ഉയര്‍ന്ന വിമര്‍ശനം. സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ട് തെറ്റ് തിരുത്തല്‍ രേഖയായി കണക്കാക്കാനാകില്ല എന്ന വിമര്‍ശനവും പലരും ഉയര്‍ത്തി. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്ന വിമര്‍ശനങ്ങള്‍ പോലും ഒഴിവാക്കിയാണോ സംസ്ഥാന കമ്മിറ്റി മുന്നോട്ടുപോകുന്നതെന്നാണ് പ്രതിനിധികള്‍ ചോദിച്ചത്. പറ്റിയ പിഴവുകള്‍ എണ്ണിയെണ്ണി കേന്ദ്ര കമ്മിറ്റി പറഞ്ഞിരുന്നു. ആ ഗൗരവം പോലും ഈ തെറ്റ് തിരുത്തല്‍ രേഖയ്ക്ക് ഇല്ലാതെ പോയല്ലോ എന്നും പിന്നെന്തിന് ഈ കൂടിച്ചേരല്‍ എന്നും വിമര്‍ശനം ഉയര്‍ന്നു. കൊല്ലം, കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. തെറ്റ് തിരുത്തല്‍ രേഖ ഫലപ്രദമല്ലെന്ന് കേന്ദ്ര നേതാക്കളും അഭിപ്രായപ്പെട്ടു. ഗൗരവമായ ആശങ്കകള്‍ ചര്‍ച്ചകളില്‍ ഉയരുന്നുവെന്നും അതനുസരിച്ച് അന്തിമ രേഖയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്.
വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ നേതൃത്വത്തെ കടന്നാക്രമിക്കാനുള്ള അവസരവും പ്രതിനിധികള്‍ ഫലപ്രദമായി വിനിയോഗിച്ചു. രാഷ്ട്രീയ ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടി വലിയ പരാജയമാണെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു. സിപിഐഎം - ബിജെപി ഡീല്‍ ആരോപണം പ്രതിരോധിക്കാനായില്ലെന്നും സാമുദായിക സംഘടനകളോടുള്ള സമീപനത്തില്‍ വ്യക്തത ഉണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നേതൃത്വത്തിലെ ആര്‍ക്കെങ്കിലും എതിരെ പേരെടുത്ത് പറഞ്ഞുള്ള വിമര്‍ശനം ആരും നടത്തിയില്ല. ജില്ലാ സെക്രട്ടറിയേറ്റ് കൂടി വ്യക്തി കേന്ദ്രീകൃതമായ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നേരത്തെ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് കരുതുന്നത്.

ചരിത്രത്തിലില്ലാത്ത വിധം തോല്‍വി ഏറ്റ് വാങ്ങിയതിന് പിന്നാലെ തിരുത്തി തിരിച്ചു വരാനുള്ള ശ്രമത്തിലാണ് സിപിഐഎം. പരമ്പരാഗത രീതിയില്‍ നിന്ന് വ്യതിചലിച്ച് തോല്‍വിയുടെ കാരണം ബ്രാഞ്ച് തലം മുതല്‍ അന്വേഷിച്ചിറങ്ങിയ സിപിഐഎം താഴെ തട്ട് മുതല്‍ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങളും സ്വയംവിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് ചര്‍ച്ച ചെയ്യാനായി കോഴിക്കോട് ഒത്തുകൂടിയിരിക്കുകയാണ്
വെള്ളാപ്പള്ളിയോട് സ്വീകരിച്ച സമീപനത്തിലും നേതൃത്വത്തിനെതിരെ പ്രതിനിധികള്‍ രൂക്ഷവിമര്‍ശനം നടത്തി. വെള്ളാപ്പള്ളിയെ ചുമന്നത് പാര്‍ട്ടിക്ക് നാണക്കേടായെന്നും സംസ്ഥാന നേതൃത്വത്തിന് ഗുരുതരമായ വീഴ്ചകള്‍ പറ്റിയെന്നുമാണ് അംഗങ്ങളുടെ കുറ്റപ്പെടുത്തല്‍. മലബാറില്‍ അത് വലിയ തിരിച്ചടികളുണ്ടാക്കിയെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികരിക്കാന്‍ ഉത്തരവാദിത്തം ഉണ്ടായിരുന്ന പലരുടെയും മൗനം അന്നത്തെ പ്രതിപക്ഷത്തിന് വലിയ ആയുധമായെന്നും വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയും ജനങ്ങളും തമ്മില്‍ അകന്നു. അടിത്തട്ടിലെ വിഷയങ്ങള്‍ കേള്‍ക്കാനുള്ള മനസ്സില്ലാത്തവരായി നേതാക്കള്‍ മാറുന്നു. നേതാക്കളുടെ പുച്ഛവും അവഗണയും പാര്‍ട്ടി പ്രവര്‍ത്തകരെ പോലും വല്ലാതെ മടുപ്പിക്കുന്നു എന്നും അംഗങ്ങള്‍ തുറന്നടിച്ചു. ജന വിശ്വാസം വീണ്ടെടുക്കാന്‍ ആത്മാര്‍ത്ഥ ശ്രമം ഉണ്ടാകണമെന്നും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പിലും ഭാരവാഹിത്വത്തിലുമെല്ലാം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമ്പോള്‍ പലര്‍ക്കും പല നീതി എന്ന ഗൗരവമായ വിമര്‍ശനവും വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ചിലര്‍ പാര്‍ലമെന്ററി സ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രം പാര്‍ട്ടിയില്‍ നില്‍ക്കുന്നെന്നും എല്ലാം തങ്ങളുടെ അവകാശമെന്ന മട്ടില്‍ കരുതുന്നു എന്നുമുള്ള രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നു. തളിപ്പറമ്പിലേയും പയ്യന്നൂരിലേയും തോല്‍വി പാര്‍ട്ടി ഒരേ നിലയില്‍ തന്നെ കാണുമ്പോഴും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുന്ന രേഖയില്‍ തളിപ്പറമ്പിലെ തോല്‍വി ഇല്ല എന്നതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പയ്യന്നൂരിലെ തോല്‍വി മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്‍വിയില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരുന്നത്. സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയായിരുന്നു തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി.

എംഎല്‍എയെ എന്തിന് സെക്രട്ടറിയാക്കി എന്നായിരുന്നു തിരുവനന്തപുരത്ത് വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കി നിലനിര്‍ത്തിയതിനതിരായി പ്രതിനിധികള്‍ ഉയര്‍ത്തിയ ചോദ്യം. വി ജോയിയുടെ പ്രവര്‍ത്തനത്തില്‍ പ്രതിനിധികള്‍ക്ക് അതൃപ്തി ഇല്ലെങ്കിലും എംഎല്‍എ ആയിരിക്കുന്നൊരാളെ സെക്രട്ടറി ആയി തുടരാന്‍ അനുവദിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നത്. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആണ് വിമര്‍ശനമുയര്‍ത്തിയത്. എന്തു മാനദണ്ഡത്തിലാണ് വി ജോയിയെ സെക്രട്ടറിയാക്കിയതെന്നും തിരുവനന്തപുരത്ത് പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആരും ഇല്ലേ എന്നും ചോദ്യമുണ്ടായി. മറ്റെവിടെയും ജനപ്രതിനിധിയായി ഇരിക്കുന്ന ആരും ജില്ലാ സെക്രട്ടറി പദവിയില്‍ തുടരുന്നില്ല. അവിടെ മാത്രം എന്താണ് ഇളവെന്നും പ്രതിനിധികള്‍ ചോദിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ നവംബറിന് മുമ്പ് പാര്‍ട്ടിക്ക് മുമ്പില്‍ സ്വത്ത് വെളിപ്പെടുത്തണം എന്ന തീരുമാനവും വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായിട്ടുണ്ട്. പിന്നാലെ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കും ഇത് ബാധകമാകും. അംഗത്വം പുതുക്കുമ്പോള്‍ സ്വത്തില്‍ പാര്‍ട്ടി പരിശോധന നടത്തും. നേതാക്കള്‍ വായ്പ എടുക്കുമ്പോഴും മുന്‍കൂട്ടി പാര്‍ട്ടി അറിയിക്കണം എന്നാണ് നിര്‍ദേശം. ഏതെങ്കിലും സംരഭങ്ങള്‍ ആരംഭിക്കുകയാണെങ്കിലും പാര്‍ട്ടിയെ അറിയിക്കണം. പാര്‍ട്ടിയിലെ സാമ്പത്തിക തട്ടിപ്പുകള്‍ തടയാനാണ് ഇത്തരം ഒരു തിരുത്തല്‍ എന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിതരണം ചെയ്ത തെറ്റ് തിരുത്തല്‍ രേഖയുടെ കരട് വൈകീട്ട് പിരിയുന്നതിന് മുമ്പ് അംഗങ്ങളില്‍ നിന്ന് തിരിച്ചുവാങ്ങി. സമ്മളേന പ്രതിനിധികള്‍ അവരുടെ താമസസ്ഥലങ്ങളിലേക്ക് രേഖയുമായി പോയാല്‍ അത് മാധ്യമങ്ങള്‍ക്കും മറ്റും ചോര്‍ന്നുകിട്ടാന്‍ സാധ്യത ഉണ്ടെന്ന് പറഞ്ഞാണ് എല്ലാവരില്‍ നിന്നും രേഖ വൈകിട്ടോടെ തിരിച്ചുവാങ്ങിയത്. മാധ്യമങ്ങള്‍ക്ക് ചര്‍ച്ചകളും മറ്റും ചോര്‍ന്ന് കിട്ടാതിരിക്കാന്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ സിപിഐഎം സ്വീകരിച്ചിരുന്നു. പ്രതിനിധികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിനടക്കം നേരത്തെ സമ്മത പത്രം വാങ്ങിയിരുന്നു. സമ്മേളന നഗരിയില്‍ ചര്‍ച്ചകള്‍ അടക്കം പ്രധാന അജണ്ടകള്‍ നടക്കുമ്പേള്‍ കടുത്ത മാധ്യമ നിയന്ത്രണം പാര്‍ട്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചരിത്രത്തിലില്ലാത്ത വിധം തോല്‍വി ഏറ്റ് വാങ്ങിയതിന് പിന്നാലെ തിരുത്തി തിരിച്ചു വരാനുള്ള ശ്രമത്തിലാണ് സിപിഐഎം. പരമ്പരാഗത രീതിയില്‍ നിന്ന് വ്യതിചലിച്ച് തോല്‍വിയുടെ കാരണം ബ്രാഞ്ച് തലം മുതല്‍ അന്വേഷിച്ചിറങ്ങിയ സിപിഐഎം താഴെ തട്ട് മുതല്‍ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങളും സ്വയംവിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് ചര്‍ച്ച ചെയ്യാനായി കോഴിക്കോട് ഒത്തുകൂടിയിരിക്കുകയാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് ഒമ്പത് പിബി അംഗങ്ങളുടെ സാന്നിധ്യത്തില്‍ തിരുത്തലിനുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നത്. കൂടാതെ വര്‍ഗ ബഹുജന സംഘടനാ ഭാരവാഹികളും പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. തിരുത്തല്‍ രേഖ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതിനാല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് ചര്‍ച്ച ഉണ്ടാകില്ല. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് ഇന്നലെ വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം നിര്‍വഹിച്ചു. പാര്‍ട്ടിയുടെ തെറ്റ് തിരുത്തലിന് വഴിതെളിക്കേണ്ട തെറ്റ് തിരുത്തല്‍ രേഖ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ചു.
Content Highlights: The correction document presented by CPI(M) state secretary M V Govindan on the first day of the extended state committee reportedly came under extensive criticism. Delegates from Kollam, Kasaragod and Kannur questioned whether the document adequately addressed the shortcomings identified after the election setback. Central leaders also reportedly expressed concerns, while the leadership said changes would be made to the final document based on the discussions.