

താജിർ അബുദാബി പദ്ധതിയിൽ ഉൾപ്പെട്ട് കെട്ടിടങ്ങളോ ഓഫീസോ ഇല്ലാതെ ബിസിനസ് നടത്തുന്നവർക്ക് ആശ്വാസ പ്രഖ്യാപനവുമായി സാമ്പത്തിക വികസന വകുപ്പ്. വ്യാപാര സ്ഥാപനങ്ങൾ ഓഫീസുകളില്ലാതെ പ്രവർത്തിപ്പിക്കുന്നതിനുള്ള കാലാവധി 2026-ൽ അവസാനിക്കുന്ന ലൈസൻസ് ഉടമകൾക്ക്, ഒരു വർഷം കൂടി ഇളവ് അനുവദിക്കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം പുതിയ വ്യാവസായിക ലൈസൻസുകൾക്കുള്ള കാലാവധി രണ്ട് വർഷത്തിൽ നിന്ന് മൂന്ന് വർഷമായും നിർമ്മാണ ഘട്ടത്തിലുള്ള ലൈസൻസുകളുടെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് നാല് വർഷമായും ഉയർത്തിയിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കുന്ന ഘട്ടത്തിലും നിർമ്മാണ ഘട്ടങ്ങളിലും നിക്ഷേപകർക്ക് കൂടുതൽ സൗകര്യവും വഴക്കവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
2017-ൽ ആരംഭിച്ച താജിർ അബുദാബി പദ്ധതിക്ക് വലിയ പിന്തുണയാണ് സംരംഭകരിൽ നിന്ന് ലഭിക്കുന്നത്. ലൈസൻസ് ലഭിക്കുന്ന സമയത്ത് വെറും 30 സാമ്പത്തിക പ്രവർത്തനങ്ങൾ മാത്രമുണ്ടായിരുന്നത് ഇപ്പോൾ 1,200-ലധികം മേഖലകളിലേക്ക് വിപുലീകരിച്ചിട്ടുണ്ട്. താജിർ അബുദാബി ലൈസൻസുകളിൽ 2025-ൽ 24 ശതമാനവും 2026-ൻ്റെ ആദ്യ പകുതിയിൽ എട്ട് ശതമാനവും വർദ്ധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
ചെറുകിട-ഇടത്തരം സംരംഭകരെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി പദ്ധതികളാണ് അധികൃതർ നടപ്പിലാക്കി വരുന്നത്. ലൈസൻസുകൾ പുതുക്കുന്നതിനോ റദ്ദാക്കുന്നതിനോ വരുത്തിയ താമസം കാരണം ലഭിച്ച പിഴകളിൽ നിന്ന് സ്ഥാപനങ്ങൾക്ക് ഇളവ് നൽകിയതും ഇതിൽ പെടുന്നു. ഈ പദ്ധതിയൂടെ 7,823 വാണിജ്യ-വ്യാവസായിക സ്ഥാപനങ്ങളാണ് ഇതിനകം പ്രയോജനം നേടിയത്.
മേഖലയിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും അബുദാബിയിലെ ബിസിനസ് രംഗം ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. നടപ്പുവർഷത്തിന്റെ ഒന്നാം പാദത്തിൽ മാത്രം അബുദാബിയിലെ സാമ്പത്തിക ലൈസൻസുകളിൽ 21 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തമാക്കുന്നത് വഴി കൂടുതൽ സംരംഭകരെ ആകർഷിക്കാൻ അബുദാബിക്ക് സാധിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
Content Highlights: Abu Dhabi authorities have introduced regulatory relief for eligible entrepreneurs, allowing certain businesses to continue operations without maintaining a physical office. The measure is aimed at simplifying business requirements for entrepreneurs.