

മുംബൈ: മധ്യപ്രദേശ് സര്‍ക്കാരിനെ പരിഹസിച്ച് കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. മധ്യപ്രദേശ് മുഖ്യമന്ത്രിയായ താന്‍ രാജിവയ്ക്കുന്നു എന്ന തലക്കെട്ടോടെ പരിഹാസരൂപേണയുള്ള ഒരു 'രാജിക്കത്ത്' പങ്കുവച്ചാണ് സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അണുബാധ മൂലം ബാലാഘാട്ട് പ്രദേശത്തുള്ള ഗോത്രവിഭാഗത്തിലെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ സിജെപി പ്രവര്‍ത്തകരെ ചില ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദീപ്‌കെയുടെ ഈ നീക്കം.
'മുഖ്യമന്ത്രി സ്ഥാനം ഞാന്‍ രാജിവയ്ക്കുന്നു. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഞാന്‍ നന്ദി പറയുന്നു, ആ അവസരം ഉപയോഗിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടുപോയി', എന്നാണ് 'രാജിക്കത്ത്' പങ്കുവച്ച് അഭിജിത് എക്‌സില്‍ കുറിച്ചത്.
മുപ്പത് കുഞ്ഞുങ്ങളുടെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ മനസാക്ഷി അനുവദിക്കുന്നില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ കൃത്യമായ ചികിത്സ കുഞ്ഞുങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍, ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കുറച്ച് പേരെയെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നു. കുട്ടികളുടെ മരണത്തില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയില്‍ പോലും, അവര്‍ക്ക് വലിയ വില കല്‍പ്പിക്കാത്തതായി തോന്നി. അതിനാല്‍ കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്വം ഉന്നതതലത്തില്‍ തന്നെ ഏറ്റെടുക്കണമെന്നാണ് മനസിലാക്കുന്നത് എന്നതടക്കം പറഞ്ഞുകൊണ്ടാണ് തന്റെ 'മുഖ്യമന്ത്രി' സ്ഥാനം രാജിവയ്ക്കുന്നതായി പ്രതീകാത്മക രാജിക്കത്തിലൂടെ ദീപ്‌കെ പറഞ്ഞത്.
രാജിക്കത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ പോരായ്മകള്‍ ഒന്നൊന്നായി അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. സാഗര്‍ മദ്യദുരന്തം, ബാലാഘട്ട് അണുബാധ മരണങ്ങള്‍ എന്നീ വിഷയങ്ങളിലും അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍യാദവിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും ദീപ്‌കെ രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്. ദീപ്‌കെയുടെ പോസ്റ്റില്‍ പ്രതികരിച്ച് സിജെപി വക്താവ് അശുതോഷ് റാങ്കയും രംഗത്തെത്തി. ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുകയാണോ ദീപ്‌കെ എന്നായിരുന്നു റാങ്കയുടെ ചോദ്യം.
Content Highlights: Dipke released a symbolic resignation letter stating that he was resigning from the chief minister post. The move was presented as a criticism of the Madhya Pradesh government.