സിക്കിമില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു, പ്രദേശത്ത് കനത്ത ജാഗ്രത

തുടര്‍ച്ചയായ മഴ മണ്ണിടിച്ചിലിനും കല്ലും മണ്ണും അടക്കം ഒഴുകി എത്തുന്നതിനും കാരണമായേക്കാമെന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

സിക്കിമില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു, പ്രദേശത്ത് കനത്ത ജാഗ്രത
dot image

ഗ്യാങ്‌ടോക്ക്: മഴ തുടരുന്നതിനിടെ സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ റിംബി ഗ്രാമത്തിലാണ് വലിയ പാറക്കല്ലുകളും അവശിഷ്ടങ്ങളും വഹിച്ചുകൊണ്ടുള്ള മണ്ണിടിച്ചിലുണ്ടായത്. ഇതിനെത്തുടര്‍ന്ന് പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സ്ഥലത്ത് റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

യുക്സോം-താഷിഡിംഗ് മണ്ഡലത്തിലെ റിംബിയെയും ഖേചുപെരിയെയും ബന്ധിപ്പിക്കുന്ന റോഡ് മണ്ണിടിച്ചിലില്‍ പൂര്‍ണമായും തടസ്സപ്പെട്ടതോടെ ഈ പാതയിലെ വാഹനഗതാഗതം നിലച്ചിരിക്കുകയാണ്. പ്രദേശത്തെ ഭൂപ്രകൃതിയുടെ അസ്ഥിരത തുടരുന്നത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കനത്ത മഴ തുടര്‍ന്നാല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമോ എന്നാണ് ആശങ്ക. സിക്കിമിലും സമീപത്തുള്ള ഡാര്‍ജിലിംഗ് മലനിരകളിലും പലയിടങ്ങളിലായി മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. തുടര്‍ച്ചയായ മഴ മണ്ണിടിച്ചിലിനും കല്ലും മണ്ണും അടക്കം ഒഴുകി എത്തുന്നതിനും കാരണമായേക്കാമെന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ മഴയും അസ്ഥിരമായ ഭൂപ്രകൃതിയും മണ്ണിടിച്ചില്‍ ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണമാക്കുന്നുണ്ട്. സമീപപ്രദേശങ്ങളിലേക്കുള്ള ഗതാഗതത്തെയും പ്രവേശനത്തെയും കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്.

Also Read:

വ്യാഴാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ തബകോഷിയിലെ രംഗഭങ് പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന താല്‍ക്കാലിക കോസ്വേ പാലത്തിന് കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ദുധിയിലെ ബാലസോണ്‍ പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന ഹ്യൂം പൈപ്പ് പാലവും ഒലിച്ചുപോയി. മിറിക്കിനും സിലിഗുരിക്കും ഇടയില്‍ സഞ്ചരിക്കുന്ന ആറ് ടണ്ണിലധികം ഭാരമുള്ള വാഹനങ്ങള്‍ (പ്രധാനമായും ചരക്ക് വാഹനങ്ങള്‍) ഈ പാലമാണ് ഉപയോഗിച്ചിരുന്നത്. ഈ നാശനഷ്ടം മൂലം ബന്ധപ്പെട്ട പാതകളിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടെന്നും, അടിയന്തര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

മിറിക്കിലെ പൈല ഗാവോണ്‍-ലാബാര്‍ബോട്ട് മേഖലയിലുണ്ടായ വന്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 'രംഗ്ഭാംഗ് ഖോല'യില്‍ 30-40 അടി താഴ്ചയുള്ള ഒരു പ്രകൃതിദത്ത അണക്കെട്ട് രൂപപ്പെട്ടതാണ് തബകോഷിയിലെ ഗതാഗത തടസ്സത്തിന് കാരണമായത്. കെട്ടിക്കിടക്കുന്ന വെള്ളം ഈ തടസ്സം ഭേദിച്ച് താഴേക്ക് കുത്തിയൊലിച്ചെത്തിയാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ന്നിരുന്നു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, പഹില ഗാവോണ്‍ സ്‌കൂള്‍ ദാര-II ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ലാബാര്‍ബോട്ട് ലോവര്‍ പാല്‍സാര്‍ ഗാവോണിലെ 33 കുടുംബങ്ങളിലായി 124 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Content Highlights: Heavy rain has triggered a major landslide in Rimbi village of West Sikkim, with large rocks and debris blocking the road connecting Rimbi and Khecheopalri. Vehicle movement along the route has stopped, while two nearby houses are reportedly facing risk. Continued rainfall has raised concerns about further landslides, with similar incidents also reported in parts of Sikkim and the Darjeeling hills.

dot image
To advertise here,contact us
dot image