REPORTER IMPACT: സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഉത്തേജക മരുന്ന് പരിശോധന നടത്താന്‍ കായിക വകുപ്പ് നീക്കം

പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന പ്രമുഖ സ്വകാര്യ അത്‌ലറ്റിക് ക്ലബ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളില്‍ നിര്‍ബന്ധിച്ച് ഉത്തേജക മരുന്ന് നല്‍കുന്നതായുള്ള പരാതി റിപ്പോര്‍ട്ടര്‍ ആണ് പുറത്തുകൊണ്ടുവന്നത്

REPORTER IMPACT: സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഉത്തേജക മരുന്ന് പരിശോധന നടത്താന്‍ കായിക വകുപ്പ് നീക്കം
dot image

പാലക്കാട്: സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഉത്തേജക മരുന്ന് പരിശോധന നടത്താന്‍ കായിക വകുപ്പ് നീക്കം. കായികോത്സവത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലകന്‍ നിര്‍ബന്ധിച്ച് ഉത്തേജക മരുന്ന് കുത്തിവെച്ചുവെന്ന പരാതിക്ക് പിന്നാലെയാണ് നടപടി. പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്‍ വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും പരിശീലകര്‍ ഉത്തേജക മരുന്നുകള്‍ നല്‍കുന്നുവെന്ന വിവരം ഗൗരവത്തോടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന പ്രമുഖ സ്വകാര്യ അത്‌ലറ്റിക് ക്ലബ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളില്‍ നിര്‍ബന്ധിച്ച് ഉത്തേജക മരുന്ന് നല്‍കുന്നതായുള്ള പരാതി റിപ്പോര്‍ട്ടര്‍ ആണ് പുറത്തുകൊണ്ടുവന്നത്. സ്‌കൂള്‍ കായികോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാണ് പരിശീലകന്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ നിര്‍ബന്ധിച്ച് മരുന്നു കുത്തിവെപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തിയിരുന്നു.

ടെസ്റ്റോസ്റ്റിറോണ്‍, വളര്‍ച്ചാ ഹോര്‍മോണുകള്‍ എന്നിവയാണ് കുത്തിവെച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അത്‌ലറ്റിക് ക്ലബ്ബിലെ 15 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് കഴിഞ്ഞ 2 വര്‍ഷമായി പരിശീലകന്റെ നേതൃത്വത്തില്‍ ഉത്തേജകമരുന്ന് കുത്തിവെച്ചെന്നാണ് വെളിപ്പെടുത്തല്‍. വന്‍ തുക വാങ്ങിയാണ് ഉത്തേജകമരുന്നുകള്‍ പരിശീലകന്‍ എത്തിക്കുന്നത്. പാര്‍ശ്വഫലങ്ങള്‍ കാരണം നിരവധി കായിക താരങ്ങള്‍ ക്ലബ് വിട്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്‌കൂള്‍ കായികോത്സവത്തില്‍ ഡോപ് ടെസ്റ്റ് നിര്‍ബന്ധമാക്കാത്തത് പരിശീലകന്‍ വ്യാപകമായി ദുരുപയോഗം ചെയ്തെന്നായിരുന്നു ആരോപണം.

Content Highlights: Kerala Sports Department is planning to conduct doping tests during the School Olympics as part of its sports monitoring measures

dot image
To advertise here,contact us
dot image