

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സണ്ണി അസ്‌ലാദേക്കര്‍ എന്ന പൈലറ്റിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്ന് സോളിലേക്കുള്ള ഫ്‌ളൈറ്റിന്റെ ക്യാപ്റ്റനായിരുന്നു. ഡല്‍ഹി വസന്ത് കുഞ്ചിലെ ഹോട്ടലില്‍ രണ്ടാമത്തെ ഫ്‌ളൈറ്റിന് ഇടയിലുള്ള വിശ്രമവേളയിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് എയര്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഹോട്ടലില്‍ പൈലറ്റിനെ ബോധരഹിതനായി കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഹൃദയാഘാതമാകാം മരണ കാരണമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സണ്ണി, രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇന്ന് പുലര്‍ച്ചെയും ഒരു ഫ്‌ളൈറ്റ് നിയന്ത്രിക്കാന്‍ അദ്ദേഹത്തിനെ ചുമതലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയാണ് ഹോട്ടിലില്‍ അദ്ദേഹം മുറിയെടുത്തത്.
വെള്ളിയാഴ്ച സണ്ണിയെ സഹോദൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇതോടെ അദ്ദേഹം ഹോട്ടൽ മാനേജരെ വിളിച്ച് കാര്യം അന്വേഷിച്ചു. മാനേജര്‍ റൂമിലെത്തുമ്പോള്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ട് തുറക്കാതിരുന്നതാടെ അദ്ദേഹം മാസ്റ്റര്‍ താക്കോല്‍ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ബോധരഹിതനായ നിലയില്‍ സണ്ണിയെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൈലറ്റിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Content Highlights: An Air India pilot passed away in a hotel in Delhi hours before his scheduled flight