9/11ന് മുൻപ് ഇന്ത്യയിൽ ആക്രമണത്തിന് ബിൻ ലാദൻ പദ്ധതിയിട്ടെന്ന് CIA റിപ്പോർട്ട്

1998ലെ സിഐഎയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടാണ് ഇത് സാധൂകരിക്കുന്ന വിവരം പുറത്ത് കൊണ്ടുവന്നത്

9/11ന് മുൻപ് ഇന്ത്യയിൽ ആക്രമണത്തിന് ബിൻ ലാദൻ പദ്ധതിയിട്ടെന്ന് CIA റിപ്പോർട്ട്
dot image

ന്യൂഡല്‍ഹി: 2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ അല്‍-ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍ ആലോചിച്ചിരുന്നതായി വിവരം. 1998ലെ സിഐഎയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടാണ് ഇത് സാധൂകരിക്കുന്ന വിവരം പുറത്ത് കൊണ്ടുവന്നത്. 2001 സെപ്റ്റംബര്‍ 11-ലെ ആക്രമണങ്ങളുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സിഐഎ പ്രസിഡന്റിന് നല്‍കിയിരുന്ന രഹസ്യ റിപ്പോര്‍ട്ടുകളുടെ വലിയ ശേഖരത്തിന്റെ ഭാഗമായാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ്ജ് ഡബ്ല്യു ബുഷ് എന്നിവര്‍ക്കായി തയ്യാറാക്കിയ ഡസന്‍ കണക്കിന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളിലായി ഉള്‍പ്പെട്ട നൂറിലധികം പേജുകളാണ് സിഐഎ പുറത്തുവിട്ടത്.

1998 ഓഗസ്റ്റ് 28-ലെ 'ബിന്‍ ലാദന്റെ ഭീകര ശൃംഖല ഇപ്പോഴും ഒരു ഭീഷണിയാണ്' എന്ന തലക്കെട്ടുള്ള പ്രസിഡന്റിനുള്ള ദൈനംദിന റിപ്പോര്‍ട്ടില്‍, ഒസാമ ബിന്‍ ലാദന്‍ ആക്രമണങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരുന്നു. ഈജിപ്ത്, അറേബ്യന്‍ ഉപദ്വീപ് ( കുവൈറ്റ്, സൗദി അറേബ്യ, യമന്‍), ഇന്ത്യ, പാകിസ്ഥാന്‍, ഉഗാണ്ട, ഒരുപക്ഷേ നൈജീരിയ എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ ബിന്‍ ലാദന്‍ പദ്ധതിയിടുന്നതായി ആ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ എവിടെയാണ് ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്നത് എന്ന കാര്യം വ്യക്തമാക്കുന്നില്ല. കൃത്യമായ തീയതിയെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. കൂടാതെ റിപ്പോര്‍ട്ടിന്റെ ഉറവിടവും രേഖയില്‍ രഹസ്യമാണ്. ആക്രമണങ്ങള്‍ നടത്തുന്നതിനായി കുറഞ്ഞത് 60 രാജ്യങ്ങളിലെങ്കിലുമുള്ള വ്യക്തികളുടെയും സഖ്യകക്ഷികളായ ഗ്രൂപ്പുകളുടെയും ഒരു ശൃംഖലയെ ആശ്രയിക്കാന്‍ ഒസാമ ബിന്‍ ലാദന് കഴിയുമായിരുന്നു എന്നും റിപ്പോർട്ടില്‍ പറയുന്നു.

അമേരിക്കയ്ക്കും യുകെക്കുമെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ ഒസാമ ബിന്‍ ലാദന്‍ പരിശോധിച്ചുകൊണ്ടിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കൃത്യമായ ലക്ഷ്യസ്ഥാനങ്ങളോ സമയമോ സൂചിപ്പിച്ചിരുന്നില്ല. തിരാനയിലും ഒരുപക്ഷേ ബാക്കുയിലും ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറെടുക്കുകയായിരുന്ന ലാദന്റെ അനുയായികളെ പിടികൂടുന്നതില്‍ യുഎസ് ഉദ്യോഗസ്ഥര്‍ സഹായിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഒസാമ ബിന്‍ ലാദന്‍ ശൃംഖല കെട്ടിപ്പടുത്തിരുന്നു. ഇത് ആ പ്രദേശങ്ങളിലെ യുഎസ് താല്‍പ്പര്യങ്ങളെ ലാദന്‍ ലക്ഷ്യമിട്ടേക്കാം എന്ന റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കിയതായാണ് സിഐഎ അറിയിച്ചത്.

അഫ്ഗാനിസ്ഥാനില്‍ തമ്പടിച്ചിരുന്ന ഒസാമ ബിന്‍ ലാദനും മറ്റ് ഭീകരവാദി നേതാക്കളും യുഎസ് മിസൈല്‍ ആക്രമണങ്ങളെ അതിജീവിച്ചതായും അവരുടെ ആശയവിനിമയ ശൃംഖല തകരാതെ തുടരുന്നതായും സിഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചില ക്യാമ്പുകളില്‍ പരിശീലനം പുനരാരംഭിച്ചപ്പോള്‍ മറ്റു ചില ക്യാമ്പുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. കെനിയയിലും ടാന്‍സാനിയയിലുമുള്ള രണ്ട് യുഎസ് എംബസികള്‍ക്ക് നേരെ നടന്ന ബോംബാക്രമണങ്ങളെത്തുടര്‍ന്ന്, 1998 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനിലെയും സുഡാനിലെയും അല്‍-ഖ്വയ്ദ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Content Highlights: A 1998 CIA intelligence report reportedly contains information indicating that Al-Qaeda founder Osama bin Laden had considered attacks in India years before the September 11, 2001 attacks in the US. The material was released as part of a larger collection of intelligence reports prepared for former US presidents Bill Clinton and George W Bush, ahead of the 25th anniversary of the 9/11 attacks.

dot image
To advertise here,contact us
dot image