3 മില്യണ്‍ കാഴ്ചക്കാരുമായി 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' ട്രെയ്ലര്‍

ചിത്രം സെപ്റ്റംബര്‍ 18ന് തിയേറ്ററുകളില്‍

3 മില്യണ്‍ കാഴ്ചക്കാരുമായി 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' ട്രെയ്ലര്‍
dot image

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്യുന്ന 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ യൂട്യൂബില്‍ 30 ലക്ഷം കാഴ്ചക്കാരെ പിന്നിട്ട ട്രെയ്ലര്‍, യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബര്‍ 18ന് ആണ്. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്.

കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേള്‍വി ശക്തി ലഭിക്കുന്നതായിരുന്നു നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ മുന്നോട്ട് വെച്ച കൗതുകം. ഈ ആശയത്തെ കൂടുതല്‍ രസകരവും ആകാംഷ നിറഞ്ഞതുമായ രീതിയില്‍ വികസിപ്പിച്ചാണ് ട്രെയ്ലര്‍ എത്തിയത്. സൂപ്പര്‍ ഹിയറിങ് ശക്തി ലഭിച്ച കഥാപാത്രത്തിന്റെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്ന കാര്യങ്ങളിലേക്കും ട്രെയ്ലര്‍ സൂചനകള്‍ നല്‍കുന്നുണ്ട്.

കഥാപാത്രത്തിന് ലഭിച്ചിരിക്കുന്ന അസാധാരണമായ കഴിവിന് പിന്നിലെ രഹസ്യങ്ങളും അതിലൂടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായി ട്രെയ്ലര്‍ അവതരിപ്പിക്കുന്നത്. സംഗീത് പ്രതാപിന്റെ പ്രകടനത്തിനൊപ്പം ഷറഫുദ്ദീന്റെ കഥാപാത്രത്തിനും അഖില അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിനും ചിത്രത്തില്‍ നിര്‍ണായക പ്രാധാന്യമുണ്ടെന്ന് ട്രെയ്ലര്‍ വ്യക്തമാക്കുന്നു. സംഗീതും ഷറഫുദ്ദീനും ഒന്നിക്കുന്ന രംഗങ്ങളിലെ രസകരമായ കെമിസ്ട്രിയും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാകുമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്.

അസാധാരണമായ കേള്‍വി ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. കോമഡി, കൗതുകം, ത്രില്ലര്‍ സ്വഭാവം എന്നിവ ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഇതിനോടകം വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രം കാത്തിരിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതിക പൂര്‍ണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബല്‍ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം ദി പ്ലോട്ട് പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം - അഖില്‍ സേവ്യര്‍, എഡിറ്റര്‍- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രങ്ങള്‍- ആരതി ഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്‌സ്- പ്രൊമൈസ് വി എഫ് എക്‌സ്, മാര്‍ജ്ജാര വിഎഫ്എക്‌സ്, അസ്സോസിയേറ്റ് ഡയറക്ടര്‍-മുബീന്‍ റാഫി, പ്രോജക്ട് ഡിസൈനര്‍- അമൃത മോഹന്‍,അസ്സോസിയേറ്റ് ക്യാമറാമാന്‍- വിശോക് കളത്തില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, അസിസ്റ്റന്റ് ഡിറക്ടര്‍സ് - ആല്‍ബിന്‍ ഷാജി, ഷഫീഖ്, ഡിസൈന്‍സ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷന്‍ - ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്സ്‌ക്യൂറ, പിആര്‍ഒ - ശബരി.

Content Highlights: 'It's a Medical Miracle' trailer hits 3 million views; film releases in theaters on September 18.

dot image
To advertise here,contact us
dot image