രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും, പുതിയ എസ്‌ഐടിയെ നയിക്കുന്നത് മലയാളി

കഴിഞ്ഞ ആഴ്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് എസ്‌ഐടി പുനസംഘടിപ്പിക്കണമെന്ന് സുപ്രീംകോടതി അറിയിച്ചത്

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും, പുതിയ എസ്‌ഐടിയെ നയിക്കുന്നത് മലയാളി
dot image

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണവും ഫൊറന്‍സിക് ഓഡിറ്റും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്. പുനസംഘടിപ്പിച്ച എസ്‌ഐടിയുടെ വിശദാംശങ്ങള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ആര്‍ജെഡി എംപി സുധാകര്‍ സിങ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. എന്നാല്‍ സംഭാവനാ തട്ടിപ്പ് കേസ് രാഷ്ട്രീയവല്‍കരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ ആഴ്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് എസ്‌ഐടി പുനസംഘടിപ്പിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. ഗുരുതരമായ വിഷയമായാണ് സുപ്രീം കോടതി കേസിനെ നിരീക്ഷിക്കുന്നത്. സംഭാവനാ കൊള്ളയിലെ അന്വേഷണ പുരോഗതിയും എസ്‌ഐടി ഇന്ന് സുപ്രീം കോടതിയില്‍ നല്‍കും. കാണിക്ക എണ്ണുന്നതിന് അടക്കം നിയോഗിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തു എന്ന കാര്യമാണ് എസ്‌ഐടി സുപ്രീം കോടതിയെ അറിയിക്കുക. കൂടാതെ പ്രതികളുടെ സാമ്പത്തിക ഇടപാടുകളേയും ഭൂമി ഇടപാടുകളേയും സംബന്ധിച്ച വിശദാംശങ്ങളും എസ്‌ഐടി ഇന്ന് സുപ്രീം കോടതിയില്‍ നല്‍കും.

അയോധ്യ രാമഷേത്ര സംഭാവന കൊള്ളയില്‍ മലയാളി ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആണ് പുതിയ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ഐജി എസ് കിരണ്‍ എസ്‌ഐടിക്ക് നേതൃത്വം നല്‍കും. ഡിഐജി സോമന്‍ വര്‍മ, എസ്പി ഡോ. ഗൗരവ് ഗ്രോവര്‍ എന്നിവരാണ് എസ്‌ഐടി അംഗങ്ങള്‍. തട്ടിപ്പ് കേസ് മാത്രം അന്വേഷിക്കാനാണ് പുതിയ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. നേരത്തെ നിയമിച്ച എസ്‌ഐടി കേസില്‍ വിശാലമായ അന്വേഷണം ആണ് നടത്തുന്നത്. ഇതിനകം തന്നെ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ വഴിപാട് തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍, സംഭാവന രജിസ്റ്ററുകള്‍, പണം കൈകാര്യം ചെയ്യുന്ന രീതികള്‍, സാമ്പത്തിക രേഖകള്‍ എന്നിവ പരിശോധിച്ചുകൊണ്ട് മുന്‍ എസ്‌ഐടി വിപുലമായ അന്വേഷണം നടത്തിയിരുന്നു. ക്ഷേത്രത്തിലെ നിരവധി ജീവനക്കാരെ ചോദ്യം ചെയ്ത സംഘം, വഴിപാട് തുക എണ്ണുന്നതിലും നിക്ഷേപിക്കുന്നതിലും ക്രമക്കേടുകള്‍ നടന്നതായി സൂചിപ്പിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും, വകമാറ്റിയ പണം ഉപയോഗിച്ച് വാങ്ങിയെന്ന് കരുതപ്പെടുന്ന വാഹനങ്ങള്‍, നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍, മറ്റ് ആസ്തികള്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തു. വിവിധയിടങ്ങളില്‍ പരിശോധനകള്‍ നടത്തിയതിനൊപ്പം, ഡിജിറ്റല്‍ തെളിവുകളും സാമ്പത്തിക ഇടപാടുകളും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തു.

മോഷണവുമായി ബന്ധപ്പെട്ട കേസുകളിലെ ക്രിമിനല്‍ അന്വേഷണങ്ങളും സാങ്കേതിക പരിശോധനകളും പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. പുതുതായി രൂപീകരിച്ച സംഘം അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യും.

Content Highlights: The Supreme Court will hear a batch of petitions seeking a CBI investigation and forensic audit into the Ayodhya Ram Temple donation case. The Uttar Pradesh government and the reconstituted SIT are expected to present updates on the probe, including arrests and findings related to financial and land transactions.

dot image
To advertise here,contact us
dot image