

മൊറാദാബാദ് : ഗൂഗിള്‍ മാപ്പ് 'വഴി തെറ്റിച്ച'തോടെ നീറ്റ് പരീക്ഷ എഴുതാനാകാതെ വിദ്യാര്‍ഥികള്‍. ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷന്‍ കാണിച്ചതിനാല്‍ കൃത്യസമയത്ത് പരീക്ഷാകേന്ദത്തില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വൈകിയെത്തിയതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം നഷ്ടമായത്.
ആര്‍ എന്‍ ഇന്റര്‍ കോളജിലേക്ക് ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷനാണ് കാണിച്ചത് മാപ്പ് നോക്കി പോയതോടെ ശരിയായ സ്ഥലത്തെത്താന്‍ വൈകിയെന്നും പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലെന്നും സംഭല്‍ സ്വദേശിയായ ഫൈസാന്‍ അലി പറഞ്ഞു. 'ആര്‍ എന്‍ ഇന്റര്‍ കോളജിന്റെ ലൊക്കേഷന്‍ ഗൂഗിള്‍ മാപ്പില്‍ തെറ്റായാണ് കാണിച്ചത്. മാപ്പ് നോക്കി പോയ ഞങ്ങള്‍ മറ്റൊരു സ്ഥലത്താണ് എത്തിയത്. അവിടെ നിന്ന് തിരിച്ച് ശരിയായ പരീക്ഷാകേന്ദ്രത്തിലെത്തുമ്പോഴേക്കും റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാല്‍ പരീക്ഷാഹാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു', ഫൈസാന്‍ പ്രതികരിച്ചു.
മകന്‍ ഏറെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നവെന്നും ഈ സാങ്കേതിക പിഴവ് മകന്റെ ഒരു അക്കാദമിക് വര്‍ഷം തന്നെ നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും ഫൈസാന്റെ പിതാവ് ഇക്രാം പറഞ്ഞു. തന്റെ മകനില്‍ വലിയ പ്രതീക്ഷയാണ് കുടുംബത്തിനുണ്ടായിരുന്നതെന്നും സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഫൈസാന്റെ പിതാവ് ആവശ്യപ്പെട്ടു.
മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സമാനമായ അനുഭവം നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സാര്‍ഥക് എന്ന വിദ്യാര്‍ത്ഥിയാണ് ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷന്‍ കാണിച്ചതു കാരണം പരീക്ഷ എഴുതാനാകാതെ പോയ ഒരാള്‍. സമയം കഴിഞ്ഞതിനാല്‍ ഈ കുട്ടിക്കും പരീക്ഷാഹാളില്‍ പ്രവേശനം അനുവദിച്ചില്ല. സമാനമായ സാഹചര്യത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളുമായും അവരുടെ കുടുംബങ്ങളുമായും സംസാരിച്ചു. സാങ്കേതിക തകരാറുകള്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടം ഉണ്ടാകരുതെന്ന് അവര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Content Highlights: Google Maps Misleads NEET Candidates, Students Miss Exam After Failing to Reach Centre on Time