റോഡിലൂടെ പാഞ്ഞത് 250km വേഗതയില്‍, BMW ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്ന് തരിപ്പണമായി; 2 പേര്‍ക്ക് ദാരുണാന്ത്യം

ആരാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല

റോഡിലൂടെ പാഞ്ഞത് 250km വേഗതയില്‍, BMW ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്ന് തരിപ്പണമായി; 2 പേര്‍ക്ക് ദാരുണാന്ത്യം
dot image

മുംബൈ: മുംബൈയിലെ ബദ്‌ലാപൂരില്‍ BMW Z4 ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്ന് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മുംബൈ - വഡോദര ഹൈവേയിലാണ് സംഭവം. അപകടം സംഭവിക്കുമ്പോള്‍ കാര്‍ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാറിന്റെ ഭാഗങ്ങള്‍ ഊരി തെറിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തിത്വാലയില്‍ നിന്നും ബദ്‌ലാപൂരിലേക്ക് പോകുന്നതിനിടിയിലാണ് അപകടമുണ്ടായത്.

ഡ്രൈവര്‍ക്ക് നിയന്ത്രണം വിട്ടതോടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന ബദ്‌ലാപൂര്‍ സ്വദേശികളായ 26കാരന്‍ യോഗേഷ് ദിഗേ, 24കാരിയായ റികേബ ജാക്കാപ് എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു യാത്രികനായ ആനന്ദിനെ ഗുരുതര പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് മൂവരും അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് ഫോറന്‍സിക്ക് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Mumbai accident

ഡിവൈഡറില്‍ ഇടിച്ച കാര്‍ നിരവധി തവണ മലക്കംമറിയുകയും ഇതിന്റെ ഭാഗങ്ങള്‍ ചിതറിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടന്ന പ്രദേശത്ത് നിന്നും കുറച്ചധികം ദൂരത്തേക്ക് കാറിന്റെയും മൃതദേഹങ്ങളുടെയും ഭാഗങ്ങളും തെറിച്ചുപോയതായി ദൃക്‌സാക്ഷികളും പറയുന്നു. കാറിനുള്ളിലെ ദൃശ്യങ്ങളെന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ സ്പീഡോമീറ്ററില്‍ 251കിലോമീറ്റര്‍ വേഗതയെന്നാണ് കാണിക്കുന്നത്. ഈ ദൃശ്യങ്ങളുടെ ആധികാരികതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ആരാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അപകടം നടന്ന ഹൈവേയുടെ ഭാഗം നിർമ്മാണപ്രവർത്തികള്‍ തുടരുന്നതിനാല്‍ പൊതു ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നില്ല. പിന്നെ ഇവര്‍ എങ്ങനെ ഈ വഴിയിലേക്ക് വന്നുവെന്നും അന്വേഷിക്കുന്നുണ്ട്.

Content Highlights: A BMW reportedly travelling at around 250 kmph crashed into a road divider and was severely damaged. The high-speed collision resulted in the deaths of two occupants

dot image
To advertise here,contact us
dot image