

10 യുഎസ് കമ്പനികള്‍ക്ക് കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. അമേരിക്കന്‍ പ്രതിരോധ-റെയര്‍ എര്‍ത്ത് ഖനന മേഖലകളുമായി ബന്ധപ്പെട്ട കമ്പനികളെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചില ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു മറുപടിയായാണ് ഈ നടപടി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു മാസം മുമ്പ് ബെയ്ജിങില്‍ സന്ദര്‍ശനം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും പരസ്പര തീരുവകള്‍ കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയിരുന്നുവെങ്കിലും, സാങ്കേതികവിദ്യയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്പരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഈ മാസം അമേരിക്ക 80 കമ്പനികളെയും അവയുടെ അനുബന്ധ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയ പുതിയ കരിമ്പട്ടിക പുറത്തിറക്കിയിരുന്നു. ചൈനീസ് സൈന്യത്തെ സഹായിക്കുന്ന സ്ഥാപനങ്ങളാണിവയെന്ന് അമേരിക്ക ആരോപിച്ചു.
ഈ പട്ടികയില്‍ ടെക് ഭീമന്മാരായ അലിബാബ, ബൈഡു, കൂടാതെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ BYD എന്നിവയും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചൈന പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ ''ചൈനീസ് മിലിറ്ററി എന്റര്‍പ്രൈസ് ലിസ്റ്റ്'' എന്ന പേരിലുള്ള പട്ടികയില്‍ കമ്പനികളെ ചേര്‍ത്തത് ഗുരുതരമായ നടപടിയാണെന്നും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനായാണ് ചൈന പുതിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പട്ടികയില്‍ ഉള്‍പ്പെട്ട 10 കമ്പനികളില്‍ യുഎസ് സൈന്യവുമായി എയറോസ്‌പേസ് പ്രതിരോധ കരാറുകളുള്ള Aveox, സൈനിക വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന
ഓഷ്‌കോഷ് ഡിഫന്‍സ് എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ റെയര്‍ എര്‍ത്ത് ഉല്‍പാദകരായ എംപി മെറ്റീരിയല്‍സും യുഎസ്എ റെയര്‍ എര്‍ത്തും പട്ടികയിലുണ്ട്.
ഈ സ്ഥാപനങ്ങള്‍ക്ക് ''ഡ്യുവല്‍-യൂസ്'' (സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന) ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത് അമേരിക്ക നിരോധിച്ചിരിക്കുകയാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ബന്ധപ്പെട്ട കയറ്റുമതി പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
ചൈനയില്‍ നിന്നുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഈ കമ്പനികള്‍ക്ക് കൈമാറുകയോ നല്‍കുകയോ ചെയ്യുന്ന ഏതെങ്കിലും രാജ്യങ്ങളിലെയോ പ്രദേശങ്ങളിലെയോ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ നിരോധനം ബാധകമാണെന്നും അമേരിക്ക പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ചൈനയുടെ ധനമന്ത്രാലയം പൊതുമേഖലാ വാങ്ങല്‍ ഏജന്‍സികള്‍ക്ക് 46 അമേരിക്കന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.ബോയിങിന്റെ പ്രതിരോധ വിഭാഗം ഉള്‍പ്പെടെയുള്ള കമ്പനികളും ഇതില്‍പ്പെടുന്നു.
എന്നാല്‍ അമേരിക്കന്‍ നിക്ഷേപമുള്ളതും ചൈനയില്‍ പ്രവര്‍ത്തിക്കുന്നതുമായ കമ്പനികള്‍ക്ക് ഈ വിലക്കില്‍ നിന്ന് ഒഴിവ് നല്‍കിയിട്ടുണ്ട്. ഈ നടപടികള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
തായ്വാനിലേക്ക് അമേരിക്ക ആയുധങ്ങള്‍ വില്‍ക്കുന്നതിനെ തുടര്‍ന്ന്, ഈ സ്ഥാപനങ്ങളിലൊന്നിനെ ചൈന 2024ലും 2025ലും നേരത്തെ തന്നെ ഉപരോധിച്ചിരുന്നു.
ബെയ്ജിങ് തായ്വാനെ സ്വന്തം പ്രദേശത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. ആവശ്യമെങ്കില്‍ ബലം പ്രയോഗിച്ച് നിയന്ത്രണം ഏറ്റെടുക്കാനുള്ള സാധ്യതയും ചൈന കണക്കാക്കുന്നുണ്ട്. അതേസമയം, ചൈനയുടെ സമ്മര്‍ദത്തെ നേരിടാന്‍ തായ്വാന്‍ അമേരിക്കയുടെ പിന്തുണയെ ആശ്രയിക്കുകയാണ്.
അതേസമയം, തായ്വാനിലേക്കുള്ള 14 ബില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജ് ഇപ്പോള്‍ പരിഗണനയിലാണെന്ന് അമേരിക്ക അറിയിച്ചിട്ടുമുണ്ട്. മേയില്‍ ഷി ജിന്‍പിംഗുമായുള്ള ട്രംപ് കൂടിക്കാഴ്ചയ്ക്കുശേഷം, അമേരിക്ക-ചൈന ബന്ധം ശക്തമാണെന്ന രീതിയിലുള്ള കാര്യങ്ങളാണ് പുറത്തേക്ക് വന്നത്. കഴിഞ്ഞ ആഴ്ച ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിയില്‍, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ചൈന നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന് ട്രംപ് ഷി ജിന്‍പിംഗിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
Content Highlights: China announced export restrictions on 10 US defense and rare earth companies and banned government procurement from dozens of American firms, escalating trade and security tensions with Washington