

മുംബൈ: മുംബൈയില്‍ ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ബദ്‌ലാപൂരിലെ മുംബൈ-വഡോദര ഹൈവേയിലാണ് സംഭവം. ഒരാളെ അതീവ ഗുരുതര പരിക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിഎംഡബ്ല്യു സെഡ് 4 എന്ന ആഡംബര കാറാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയം കാറിന് 250 കി.മീ വേഗത ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ കാറിന്റെ ഭാഗങ്ങള്‍ ചിന്നിച്ചിതറുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടയായിരുന്നു അപകടം. തിത്വാലയില്‍ നിന്ന് ബദ്‌ലാപൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന് പിന്നാലെ ഡിവൈഡറിന്‍ ഇടിച്ചുകയറുകയായിരുന്നു. നടന്നത് വലിയ അപകടമാണെന്നും മൃതദേഹാവശിഷ്ടങ്ങള്‍ മീറ്ററുകള്‍ക്കപ്പുറം ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ബദ്‌ലാപൂർ സ്വദേശികളായ യോഗേഷ് ദിഗേ, റികേബ ജകബ് എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ മൂന്നാമന്‍ ആനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ജന്മദിനാഘോഷം കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ബദ്‌ലാപൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോറന്‍സിക് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. വാഹനം ഓടിച്ചപ്പോള്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്നതിലടക്കം പരിശോധന നടക്കുന്നുണ്ട്.
Content Highlights: Two people were killed after a BMW crashed into a road divider in a tragic accident. Authorities have launched an investigation to determine the cause of the crash, while the incident has renewed concerns over road safety and responsible driving.