വീര്യം കുറഞ്ഞ മദ്യം; സർക്കാരിന്റെ നീക്കം സംശയാസ്പദമെന്ന് സിറോ മലബാർ സഭ, നയം പാളിപ്പോയെന്ന് ഓർത്തഡോക്‌സ് സഭ

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്നും പുതുതലമുറയെ ലഹരിയിലേക്ക് നയിക്കുന്ന തീരുമാനമാണെന്നും പാംപ്ലാനി

വീര്യം കുറഞ്ഞ മദ്യം; സർക്കാരിന്റെ നീക്കം സംശയാസ്പദമെന്ന് സിറോ മലബാർ സഭ, നയം പാളിപ്പോയെന്ന് ഓർത്തഡോക്‌സ് സഭ
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും സിറോ മലബാര്‍ സഭയും രംഗത്ത്. സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമെന്ന് സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ആരോപിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്നും പുതുതലമുറയെ ലഹരിയിലേക്ക് നയിക്കുന്ന തീരുമാനമാണെന്നും പാംപ്ലാനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ നയം പാളിപ്പോയെന്ന് ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം തലവന്‍ യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'മദ്യനയത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു അഭിപ്രായമേയുള്ളൂ. ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കണമെന്നുള്ളതാണ് ഞങ്ങളുടെ നിലപാട്. ചെറിയ മീനിനെ ഇട്ടുകൊടുത്ത് വലിയ മീനിനെ പിടിക്കുന്ന രീതിയായി പോകുമോ എന്ന് സംശയമുണ്ട്. വീര്യം കുറഞ്ഞ മദ്യം, വീര്യം കൂടിയ മദ്യം എന്നിങ്ങനെ രണ്ട് കാറ്റഗറി തിരിക്കുന്നത് എന്തിനാണ്', യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് ചോദിക്കുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മദ്യനയത്തെ എതിര്‍ത്ത ഭരണപക്ഷം ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് ശരിയല്ല.
സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വി എം സുധീരനെ പോലുള്ള നേതാക്കള്‍ ഇടപെട്ടാല്‍ ഇതെല്ലാം മാറ്റിയെടുക്കാന്‍ കഴിയും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ നയം തുടരണം. ഈ നയം പ്രഖ്യാപിക്കാന്‍ എന്താണ് പിന്നിലെന്ന് ജനത്തെ ബോധ്യപ്പെടുത്തണം. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത സര്‍ക്കാര്‍ ആണിത്. ജനങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്താലും എന്തെങ്കിലും ബ്ലാക്ക് സ്‌പോട്ട് ഉണ്ടെങ്കില്‍ അതിനെയാണ് കേന്ദ്രീകരിക്കുക. സര്‍ക്കാര്‍ ശ്രദ്ധിക്കണമായിരുന്നു. ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കിയാല്‍ നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി രണ്ടുദിവസം മുമ്പാണ് നിശ്ചയിച്ചത്.  നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി ഉപേക്ഷിച്ചു. ഇതാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന കേരളത്തില്‍ ആരംഭിക്കാന്‍ സാധ്യത തുറന്ന് 'ലോ ആല്‍ക്കഹോളിക് ബവ്‌റിജസ്' എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതി ഘടന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

0.5% മുതല്‍ 20 ശതമാനം വരെ വീര്യമുളള മദ്യമാണ് ഈ വിഭാഗത്തില്‍ വരുന്നത്. 0.5- 10 ശതമാനം വരെ വീര്യമുളള മദ്യത്തിന് 120%, 10-20% വരെ വീര്യമുളളവയ്ക്ക് 175% എന്നിങ്ങനെയാണ് നികുതി ഘടന. കഴിഞ്ഞ സര്‍ക്കാര്‍ 2022-23ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യവില്‍പ്പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തിരുന്നെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86% വീര്യമുളള മദ്യം വില്‍ക്കുന്ന അതേ നികുതി നല്‍കേണ്ടിയിരുന്നതിനാല്‍ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വിറ്റിരുന്നില്ല. പ്രമുഖ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനായി നികുതി ഘടന പരിഷ്‌കരണത്തിന് കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അത് നിരസിക്കുകയായിരുന്നു.

Content Highlights: Syro-Malabar Church Raises Concerns in Low-Alcohol Liquor Policy

dot image
To advertise here,contact us
dot image