

ഒരു വർഷം തികയും മുൻപേ അമ്മയുടെ പുതിയ ഭരണസമിതി പടിയിറങ്ങുകയാണ്. ശ്വേത മേനോന്റെ നേതൃത്വത്തിൽ 2025 ഓഗസ്റ്റിലാണ് മലയാളത്തിലെ സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെടുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമുണ്ടായ ചൂടേറിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും മോഹൻലാല്‍ അടക്കം നേതൃത്വത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരുടെയും രാജിക്കുമെല്ലാം ശേഷമായിരുന്നു പുതിയ ഭരണസമിതിയുടെ വരവ്.
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവിധ തരത്തിലുള്ള പ്രതിസന്ധികൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഘട്ടത്തിൽ തന്നെ അമ്മയുടെ ഏറ്റവും ഉയർന്ന ഭരണകസേരയിലേക്ക് ശ്വേത മേനോൻ എത്തുന്നതിനെ വലിയ പ്രാധാന്യത്തോടെയാണ് നിരവധി പേർ കണ്ടത്. അതേസമയം, സംഘടനയിൽ കാലങ്ങളായി തുടരുന്ന പ്രശ്‌നങ്ങൾക്കെല്ലാമുള്ള ഒറ്റവാക്ക് മറുപടിയായി ഇതിനെ കാണാനാകില്ലെന്ന് ചൂണ്ടിക്കാണിക്കുന്നവരും ഏറെയായിരുന്നു.
ശ്വേത മേനോനൊപ്പം ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷററായി ഉണ്ണി ശിവപാൽ, ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ, വൈസ് പ്രസിഡന്റുമാരായി ലക്ഷ്മിപ്രിയ, ജയൻ ചേർത്തല എന്നിവരായിരുന്നു ഭരണസമിതിയിൽ ഉണ്ടായിരുന്നു. പുതിയ ഭരണസമിതി അധികാരമേറ്റെടുക്കുന്ന ഘട്ടത്തിലും തെരഞ്ഞെടുപ്പ് വേളയിലുമെല്ലാം വിവിധ തരത്തിലുള്ള പൊട്ടിത്തെറികളും എതിർ സ്ഥാനാർത്ഥിക്ക് എതിരെയുള്ള ക്യാംപെയ്‌നുകളും പരസ്യമായ വിഴുപ്പലക്കലുകളും ഉണ്ടായിരുന്നു.
അമ്മയിൽ പലതും പുകയുന്നുണ്ട് എന്ന് ഒളിഞ്ഞും തെളിഞ്ഞും ചില കോണുകളിൽ നിന്ന് ആരോപണങ്ങൾ ഉയർന്നെങ്കിലും 2026ലാണ് പരസ്യമായ പേരെടുത്ത് പറഞ്ഞ് തന്നെയുള്ള ആരോപണങ്ങൾ ഉയരുന്നത്. അമ്മയിൽ പൊട്ടിത്തെറിയ്ക്ക് കാരണമായത് പ്രധാനമായും നാല് കാര്യങ്ങളാണ്.
ട്രഷറർ ഉണ്ണി ശിവപാൽ മാനസികമായി പീഡിപ്പിക്കുകയും ഇതേകുറിച്ച് പരാതി ഉന്നയിച്ചപ്പോൾ നിയമവിരുദ്ധമായി ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു എന്ന അമ്മയുടെ ഓഫീസ് മാനേജറായ അതുല്യയുടെ പരാതിയാണ് ഇതിൽ ആദ്യത്തേത്. കൃത്യമായ കൂടിയാലോചനകളോ നിയമപരമായ നടപടികളോ പൂർത്തിയാക്കാതെ ഓഫീസ് മാനജറെ ഭരണസമിതിയിലെ ഒരു വിഭാഗം പുറത്താക്കിയത് അംഗീകാരിക്കാനാകില്ലെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോം അടക്കമുള്ളവർ പരസ്യമായി പ്രതികിരച്ചു. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റുമാരെയും റബ്ബർ സ്റ്റാമ്പുകളാക്കി ജനറൽ സെക്രട്ടറിയ്ക്കും ട്രഷറർക്കും സകല അധികാരങ്ങളും നൽകുന്ന രീതിയിലാണ് അമ്മയുടെ ഭരണഘടന എന്നാണ് ടിനി ടോം പറഞ്ഞത്. ഉണ്ണി ശിവപാലിനെ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി ട്രഷറർ സ്ഥാനത്ത് നിന്നും താൽക്കാലികമായി നീക്കുകയും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയും ചെയ്തു.
അതേസമയം, പുതിയ ഭരണസമിതിക്കെതിരെ മുൻ ജോയിന്റ് സെക്രട്ടറി ബാബുരാജ് രംഗത്ത് വന്നിരുന്നു. കടുത്ത ഗൂഢാലോചനകളാണ് നടക്കുന്നതെന്നും സംഘടന ഭരണപരമായ അരാജകത്വത്തിലേക്കാണ് നീങ്ങുന്നത് എന്നുമായിരുന്നു ബാബുരാജിന്റെ പ്രതികരണം. എന്നാൽ ബാബുരാജ് അടക്കമുള്ള മുൻ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ശ്വേത മേനോനെ പുറത്താക്കാനുള്ള ചരടുവലികളാണ് നടക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അമ്മയിലെ വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സുതാര്യമല്ലെന്ന് ആരോപണവും ഇതേ സമയത്ത് തന്നെ ഉയർന്നു. നിലവിലെ ട്രഷറർക്കും മുൻ ട്രഷറർക്കുമാർക്കുമെതിരെ ആരോപണങ്ങൾ ഉയർന്നു. ഇപ്പോൾ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിലും കണക്കുകളിലെ കൃത്യതയില്ലായ്മ ഒരു കാരണമായി എതിർപക്ഷം ഉയർത്തിയിരുന്നു. എന്നാൽ തങ്ങൾ ഭരണത്തിലേറിയത് മുതലുള്ള എല്ലാ കണക്കിനും കൃത്യമായ രേഖകളുണ്ടെന്നും അവ യോഗത്തിൽ അവതരിപ്പിക്കാനുള്ള അവസരം പോലും നൽകിയില്ല എന്നുമാണ് ശ്വേത മേനോന്റെ പ്രതികരണം.
ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അൻസിബ ഹസൻ രാജിവെച്ചതും അവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുമാണ് പിന്നീട് അമ്മയെ പിടിച്ചുകുലുക്കിയത്. ടിനി ടോമിനെതിരെയായിരുന്നു അൻസിബ പരസ്യമായി രംഗത്ത് വന്നത്. ടിനി ടോമും സംഘടനയിലുള്ള മറ്റ് ചിലരും തന്നെ കുറിച്ച് അപവാദങ്ങൾ പറഞ്ഞുപരത്തു എന്നായിരുന്നു അൻസിബ പരാതി നൽകിയത്. ജിഹാദി എന്ന് പരാമർശിക്കുന്നു, മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നു എന്ന് കള്ളക്കഥയുണ്ടാക്കുന്നു എന്നിങ്ങനെയാണ് നടി പറഞ്ഞത്. തനിക്കെതിരെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ വ്യാജ പരാതി നൽകിയെന്നും അതിന്റെ മറവിൽ പൊലീസിനെ ഉപയോഗിച്ച് തന്നെ മാനസികമായി ഉപദ്രവിച്ചുവെന്നും അൻസിബ പറഞ്ഞിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു അൻസിബ ഇക്കാര്യങ്ങൾ പറഞ്ഞത്. തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ പ്രസിഡന്റെ ശ്വേത മേനോന് പരാതിപ്പെട്ടെങ്കിലും യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്നാണ് അൻസിബ പറഞ്ഞത്. അതേസമയം, അൻസിബയുടെ ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോമും ലക്ഷ്മിപ്രിയയും രംഗത്തുവന്നു.
അമ്മയിലെ അംഗങ്ങളുടെ കുടുംബസംഗമ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അടുത്ത ഊരാക്കുടുക്കായത്. ഫെബ്രുവരിയില്‍ നടന്ന ഈ പരിപാടിയ്ക്ക് 75 ലക്ഷത്തിന്റെ സ്‌പോൺസർഷിപ്പ് നൽകിയത് വെണ്ണല തെെക്കാട്ട് മഹാദേവ ടെംമ്പിള്‍ ട്രസ്റ്റായിരുന്നു. ദല്ലാൾ നന്ദകുമാറാണ് ഈ ട്രസ്റ്റിന്‍റെ ചെയര്‍മാന്‍. അമ്മയുടെ പരിപാടികൾക്ക് മതസ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പ് സ്വീകരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് അൻസിബ പ്രതികരിച്ചിരുന്നു. അമ്മയ്ക്കുള്ളിലും താൻ ഇതേകുറിച്ച് അഭിപ്രായം ഉന്നയിച്ചെങ്കിലും ആരും ചെവികൊള്ളാൻ തയ്യാറായില്ലെന്നും ഇതിന്റെ കൂടി പേരിൽ തന്നെ ക്രൂശിക്കാനാണ് പലരും മുന്നോട്ടുവന്നതെന്നും അൻസിബ പിന്നീട് മാധ്യമങ്ങളോട് പറയുകയായിരുന്നു.
ഈ പ്രശ്‌നങ്ങളുടെയെല്ലാം ആകെ തുകയായി ഇപ്പോൾ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള 17 അംഗ ഭരണസമിതി രാജിവെച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് സംഘടനയിലെ അംഗത്വം കൂടി ഉപേക്ഷിച്ചു എന്ന ഖേദകരമായ കാര്യവും സംഭവിച്ചു. നിലവിൽ അഡ് ഹോക് കമ്മിറ്റിയ്ക്കാണ് ഭരണചുമതല നൽകിയിരിക്കുന്നത്. അവരുടെ നേതൃത്വത്തിലായിരിക്കും പുതിയ ഭരണസമിതിയ്ക്കായുള്ള തെരഞ്ഞെടുപ്പും മറ്റും നടക്കുക.
Content Highlights: What happened in AMMA that lead to shwetha Menon lead executive committes resignation