

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ഡി കെ ശിവകുമാർ-സിദ്ധരാമയ്യ തർക്കത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ. ഇരുവരെയും മെയ് മാസം പകുതിയോടെ ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും എന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ അഞ്ച് വർഷം തുടരും എന്ന് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെയാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്താൻ രാഹുൽ ഒരുങ്ങുന്നത്.
നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണപ്രദേശത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാഹുൽ ഗാന്ധി ഇരുവരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കർണാടകയിലെ അധികാരത്തർക്കം പരിഹരിക്കണമെന്ന് അടുത്തിടെ രാഹുലും ഖർഗെയും നിലപാടെടുത്തിരുന്നു. പിന്നാലെയാണ് കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും മെയ് പകുതിയോടെ ഡൽഹിയിലേക്ക് വിളിപ്പിക്കാൻ തീരുമാനമായത്.
മാർച്ച് മാസം നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ്, ബജറ്റ് തിരക്കുകൾ കാരണം കൂടിക്കാഴ്ച നീട്ടുകയായിരുന്നു. എന്നാൽ കർണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് മുൻപായിത്തന്നെ ആശയക്കുഴപ്പം അവസാനിപ്പിക്കാനാണ് നേതാക്കളുടെ പദ്ധതി.
തർക്കം അവസാനിപ്പിക്കാൻ രണ്ട് സാധ്യതകളാണ് കോൺഗ്രസ് പരീക്ഷിക്കുന്നത്. സിദ്ധരാമയ്യയെ മാറ്റേണ്ടിവന്നാൽ, അദ്ദേഹം നിർദേശിക്കുന്ന ആളുകളെ മന്ത്രിസഭയിലേക്ക് എടുക്കുകയും, അദ്ദേഹത്തിന് പാർട്ടിയിലെ പ്രധാന പദവി നൽകുകയും ചെയ്യുന്നതാണ് ഒന്ന്. സിദ്ധരാമയ്യ തുടരട്ടെ എന്ന തീരുമാനമാണ് ഉണ്ടാകുന്നതെങ്കിൽ, ശിവകുമാർ നിർദേശിക്കുന്ന ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിക്കും. മാത്രമല്ല, 2028ൽ അധികാരത്തിൽ വരികയാണെങ്കിൽ ശിവകുമാറിന് മുഖ്യമന്ത്രി പദം ഉറപ്പ് നൽകുകയും ചെയ്യും.
കർണാടകയിൽ സിദ്ധരാമയ്യയും ഡികെ ശിവകുമാറും രണ്ടരവർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാനായിരുന്നു ധാരണ. സിദ്ധരാമയ്യ രണ്ടരവർഷം പൂർത്തിയാക്കിയതിനാൽ ഡികെ ശിവകുമാർ പക്ഷത്തെ എംഎൽഎമാർ നേതൃമാറ്റത്തിനായി സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇത് തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. സിദ്ധരാമയ്യ തന്നെ അഞ്ച് വർഷം പൂർത്തിയാകുമെന്നാണ് ഹൈക്കമാൻഡ് അറിയിച്ചത്. പിന്നാലെ ഡി കെ ശിവകുമാർ-സിദ്ധരാമയ്യ പക്ഷ നേതാക്കൾ പലപ്പോഴുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.
Content Highlights: Rahul Gandhi is likely to intervene in the ongoing leadership dispute between DK Shivakumar and Siddaramaiah over the Karnataka Chief Minister post. Both leaders are expected to be summoned to Delhi by mid-May as the Congress high command attempts to resolve the issue and maintain party unity.