

ന്യൂ ഡൽഹി: രാജ്യത്തെ എൽപിജി ക്ഷാമം റെയിൽവേയെയും ബാധിക്കുന്നതായി റിപ്പോർട്ട്. ട്രെയിനുകളിലെ ഭക്ഷണവിതരണം താത്കാലികമായി നിർത്തിവെക്കാനായി റെയിൽവേ തീരുമാനിച്ചേക്കും എന്നാണ് വിവരം. ഭക്ഷണം ഉൾപ്പെട്ട ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് റെയിൽവേ പണം തിരിച്ചുനൽകിയേക്കും.
സാഹചര്യം വളരെ മോശമാണെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. ഐആർസിടിസിയുടെത്തന്നെ അടുക്കളകളിൽ നിന്നാണ് ട്രെയിനുകളിൽ ഭക്ഷണം തയ്യാറാകുന്നത്. എൽപിജി ക്ഷാമം രൂക്ഷമായാൽ അറ്റകൈ ആയി ഭക്ഷണവിതരണം നിർത്തിവെച്ചേക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ യാത്രക്കാർ സ്വന്തം നിലയ്ക്ക് ഭക്ഷണം കയ്യിൽ കരുതേണ്ടിവരും.
എൽപിജി പ്രതിസന്ധി ഐആർസിടിസി അടുക്കളകളെ ബാധിച്ചുതുടങ്ങി എന്നും വിവരങ്ങളുണ്ട്. ദീർഘദൂര ട്രെയിനുകളെയാണ് ഇത് കൂടുതലായും ബാധിക്കുക. പല ട്രെയിനുകളിലെയും പാൻട്രി കാറുകളിൽ ചൂടാക്കുന്ന സംവിധാനങ്ങള്‍ മാത്രമാണ് ഉള്ളത്. ഐആർസിടിസി അടുക്കളകളിൽ നിന്നാണ് ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്നത്.
രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായത് മൂലം കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വ്യവസായങ്ങളും ശ്മശാനങ്ങളടക്കമുള്ള ഉപഭോക്താക്കള്‍ക്കാണ് ഈ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ ഒഴിവാക്കാന്‍ ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി 25 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധിയാണ് 25 ദിവസം. കൂടുതല്‍ എല്‍പിജി ഉല്‍പ്പാദനം നടത്താനും ഗാര്‍ഹിക എല്‍പിജി ഉപയോഗത്തിനായി അധിക ഉല്‍പ്പാദനം ഉപയോഗിക്കാനും എണ്ണ ശുദ്ധീകരണശാലകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights: Reports indicate that the ongoing LPG shortage in India is beginning to affect Indian Railways operations. Due to limited availability of cooking gas used in pantry cars and railway kitchens, authorities are considering temporarily suspending food distribution services on trains