

കുവൈറ്റില്‍ ലഹരിമരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃത കഞ്ചാവ് കൃഷി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.
ലഹരി വിരുദ്ധ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീടിനുള്ളില്‍ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിരുന്ന കഞ്ചാവ് കൃഷി കണ്ടെത്തിയത്. മണ്ണും വളവും കൃത്രിമ വെളിച്ചവും ഉപയോഗിച്ച് ഒരുക്കിയ തോട്ടത്തില്‍ നിന്ന് എഴുപതോളം ചെടികള്‍ പൊലീസ് പിടിച്ചെടുത്തു. വില്‍പ്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന ഏകദേശം ഒരു കിലോ കഞ്ചാവും പ്രതികളുടെ പക്കല്‍ ഉണ്ടായിരുന്ന തോക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുതിയ മയക്കുമരുന്ന് നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റകൃത്യമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. കുറ്റം തെളിയുന്ന പക്ഷം പ്രതികള്‍ക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനിടെ, ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ മറ്റൊരു പരിശോധനയില്‍ 17 കുപ്പി വിദേശ മദ്യവുമായി ഒരു അറബ് വംശജന്‍ പിടിയിലായി.
വിദേശത്ത് നിന്ന് മദ്യം എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍.പിടിച്ചെടുത്ത ലഹരിവസ്തുക്കളും മദ്യവും തുടര്‍നടപടികള്‍ക്കായി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷനു കൈമാറി. വരും ദിവസങ്ങളിലം ശക്തമായ പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights: Kuwait has launched a strong crackdown on drug mafias, resulting in the arrest of four individuals. Authorities are stepping up efforts to combat narcotics trafficking and ensure public safety.