താരപദവി മാത്രമല്ല വിജയ്‌യെ അധികാരത്തിലെത്തിച്ചത്; ഈ സംഘമാണ് ടിവികെയുടെ നട്ടെല്ല്

വിജയ്‌യുടെ വിജയത്തിന് പിന്നിലെ അഞ്ചംഗങ്ങളില്‍ പ്രധാനിയാണ് എന്‍ ആനന്ദ് എന്ന ബുസി ആനന്ദ്

താരപദവി മാത്രമല്ല വിജയ്‌യെ അധികാരത്തിലെത്തിച്ചത്; ഈ സംഘമാണ് ടിവികെയുടെ നട്ടെല്ല്
dot image

ചെന്നൈ: നടന്‍ വിജയ് എന്ന പേരും അദ്ദേഹത്തിന്റെ താരപദവിയും മാത്രമാണ് തമിഴ്‌നാട്ടില്‍ ടിവികെ നേടിയ വമ്പന്‍ വിജയത്തിന് പിന്നിലെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ രൂപീകരിച്ചിട്ട് വെറും രണ്ടുവര്‍ഷം മാത്രമാകുന്ന ഒരു പാര്‍ട്ടിക്ക് തമിഴ്‌നാട്ടിലുണ്ടായ അപ്രതീക്ഷിത വിജയത്തിന് പിന്നില്‍ ഒരു വമ്പന്‍ സംഘം തന്നെയുണ്ടെന്നതാണ് വാസ്തവം.

വിജയ് ആരാധകനായിരുന്ന പാര്‍ട്ടിയുടെ പ്രധാന സംഘാടകനായ നേതാവ്, മുന്‍ ഐആര്‍എസ് ഓഫീസര്‍, ബിജെപിയുടെ സമൂഹമാധ്യമങ്ങളിലെ തന്ത്രങ്ങള്‍ പയറ്റിത്തെളിഞ്ഞ സോഷ്യല്‍മീഡിയ തന്ത്രജ്ഞന്‍, ഇതിനൊപ്പം തന്നെ അനുഭവപാരമ്പര്യമുള്ള രാഷ്ട്രീയ നേതാക്കള്‍ എന്നിവരാണവർ. ഈ സംഘം അഹോരാത്രം ടിവികെയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ വമ്പന്‍ വിജയം.

വിജയ്ക്ക് നിലവില്‍ തന്നെ വലിയൊരു ഓണ്‍ലൈന്‍ ആര്‍മിയുണ്ട്. ആരാധകരുടെ ആ വിശ്വാസ്യത തെരഞ്ഞെടുപ്പില്‍ വലിയ ശക്തയായി മാറി. വിജയ്ക്ക് രൂപം നല്‍കേണ്ടിയിരുന്നത് വ്യക്തമായ ഒരു പാര്‍ട്ടി ഘടനയായിരുന്നു. ടിവികെയുടെ അടിത്തട്ടുമുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് എന്‍ ആനന്ദ്, അരുണ്‍രാജ്, സിടിആര്‍ നിര്‍മല്‍ കുമാര്‍, ആദവ് അര്‍ജുന, കെ സെങ്കോട്ടയ്യന്‍ എന്നിവരടങ്ങിയ സംഘമാണ്.

വിജയ്‌യുടെ വിജയത്തിന് പിന്നിലെ അഞ്ചംഗങ്ങളില്‍ പ്രധാനിയാണ് എന്‍ ആനന്ദ് എന്ന ബുസി ആനന്ദ്. പുതുച്ചേരിയിലെ ബുസി മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി വിജയിച്ചതോടെയാണ് ബുസി എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്. വിജയ്‌യുടെ കടുത്ത ആരാധകനായ അദ്ദേഹമാണ് വിജയ്‌യുടെ ഫാന്‍ ക്ലബായ വിജയ് മക്കള്‍ ഇയക്കം ഇന്നത്തെ ടിവികെയാക്കി മാറ്റിയത്. നിലവില്‍ ടി നഗര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച അദ്ദേഹം, വിജയ് ടിവികെ പ്രഖ്യാപിക്കുമ്പോള്‍ നിറകണ്ണുകളോടെ വേദിയില്‍ ഉണ്ടായിരുന്നു.

അരുണ്‍രാജ് എന്ന എംബിബിഎസ് ബിരുദമുള്ള മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും ടിവികെയുടെ ശക്തരായ നേതാക്കളിലൊരാളാണ്. ടിവികെയുടെ ഭരണപരമായ കാര്യങ്ങളില്‍ കൈകടത്തുന്നത് അദ്ദേഹമാണ്. നികുതി പരിശോധനകളിലും അന്വേഷണങ്ങളിലും സാന്നിധ്യമായിരുന്ന അദ്ദേഹം സര്‍വീസില്‍ നിന്നും വിആര്‍എസ് എടുത്താണ് ടിവികെയുടെ ഭാഗമായത്. ഡിഎംകെയുടെ കടുത്ത വിമര്‍ശകനായ അദ്ദേഹം തിരുചെന്തൂരില്‍ നിന്നും ജനവിധി തേടി വിജയിച്ചു.

ടിവികെയുടെ സോഷ്യല്‍മീഡിയ വിദഗ്ധനാണ് സിടിആര്‍ നിര്‍മല്‍ കുമാര്‍. തമിഴ്‌നാട്ടില്‍ ബിജെപിയുടെ ഡിജിറ്റല്‍ സാന്നിധ്യത്തിന് ചുക്കാന്‍ പിടിച്ച സിടിആര്‍, 2025ലാണ് ടിവികെയില്‍ എത്തുന്നത്. അണ്ണാമലൈയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിജെപിയില്‍ നിന്നും പുറത്തുവരികയായിരുന്നു അദ്ദേഹം. ടിവികെയില്‍ സര്‍വേകള്‍, ബൂത്ത് തലത്തിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ വിശകലനം ചെയ്യുക എന്നിവയായിരുന്നു ഉത്തരവാദിത്വങ്ങൾ. 30ശതമാനം വോട്ട് ടിവികെ നേടുമെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. 35ശതമാനം വോട്ട് നേടി ടിവികെ അധികാരം ഉറപ്പിക്കുമ്പോള്‍ തിരുപരന്‍കുന്‍ട്രത്തില്‍ നിന്നും അദ്ദേഹം മത്സരിച്ച് വിജയിച്ചിട്ടുണ്ട്. വിജയ്‌യുടെ പ്രചാരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം സിടിആറിന്റേതായിരുന്നു.

ഇന്ത്യയുടെ ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിന്റെ മകനായ ആദവ് അര്‍ജുനയാണ് സംഘത്തിലെ പ്രബലനായ മറ്റൊരു നേതാവ്. ഡിഎംകെയില്‍ 2021ല്‍ ചേര്‍ന്ന അദ്ദേഹം ഉദയനിധി സ്റ്റാലിനുമായി ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് എതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന അദ്ദേഹം വില്ലിവാക്കത്ത് നിന്നും ജനവിധി തേടി നിയമസഭയിലെത്തുകയാണ്.

വലിയ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ടിവികെയ്ക്ക് അനുഭവസമ്പത്ത് കൊണ്ട് എല്ലാ മാര്‍ഗനിര്‍ദേശവും നല്‍കിയത് പ്രമുഖ നേതാവായ കെ എ സെങ്കോട്ടയ്യനാണ്. എംജിആറിനും ജയലളിതയ്ക്കുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഒമ്പത് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്. ജയലളിതയുടെ മരണശേഷം തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം. എടപ്പാടി പളനി സ്വാമി ശശികലയെ പിന്തുണച്ചതോടെയാണ് സെങ്കോട്ടയ്യന്‍ എഐഎഡിഎംകെ വിട്ടത്. 2025ല്‍ ടിവികെയുടെ ഭാഗമായ അദ്ദേഹം വിജയ്‌യെ മുന്നോട്ട് നയിച്ചു. ഗോപിച്ചെട്ടിപ്പാളയത്ത് നിന്ന് ജനവിധി തേടി അദ്ദേഹവും വിജയിച്ചിട്ടുണ്ട്.

Content Highlights: Vijay’s political success is credited not only to his star power but also to a strong core team within the TVK party. The group is seen as a key factor behind his rise

dot image
To advertise here,contact us
dot image