

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയിലെ സാമൂഹിക നീതിയെ ഊന്നിപ്പറഞ്ഞ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിവിധ സമുദായങ്ങളിൽ നിന്നുള്ള നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്ന് പാർട്ടി കാലാകാലങ്ങളിൽ ഇക്കാര്യം തെളിയിച്ചിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഭാവിയിൽ കർണാടകയിൽ ദളിത് വിഭാഗത്തിൽ നിന്നൊരാൾ മുഖ്യമന്ത്രി ആകുകയാണെങ്കിൽ അത് കോൺഗ്രസ് പാർട്ടിയുടെ മാത്രം സഹായത്തോടെയായിരിക്കും എന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നും യോഗ്യതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിൽ ഇത്തരം അവസരങ്ങൾ കോൺഗ്രസ് പാർട്ടി മാത്രമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രബലരായ സമുദായങ്ങൾക്കപ്പുറമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്നതിനെക്കുറിച്ചും സിദ്ധരാമയ്യ സൂചിപ്പിച്ചു. ഇതിനെല്ലാം പാർട്ടി നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമാണ് താൻ നന്ദി പറയുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ സിദ്ധരാമയ്യ വ്യക്തമാക്കി.
കോൺഗ്രസ് സാമൂഹിക നീതിക്ക് പ്രതിജ്ഞാബദ്ധമായ പാർട്ടിയാണ്. ഈ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത വാക്കുകളിലൂടെ മാത്രമല്ല പ്രവൃത്തികളിലൂടെയും കോൺഗ്രസ് തെളിയിച്ചിട്ടുണ്ട്. കർണാടകയിൽ, വൊക്കലിംഗ, ലിംഗായത്ത്, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർ എല്ലാം കോൺഗ്രസ് പാർട്ടിയുടെ ഭാഗമായി മുഖ്യമന്ത്രിമാരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്കുകളിലൂടെ മാത്രമല്ല, പ്രവൃത്തിയിലൂടെയും സാമൂഹിക നീതി നടപ്പാക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും സിദ്ധരാമയ്യ പറഞ്ഞു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട തന്നെ തിരിച്ചറിഞ്ഞതും രണ്ടാം തവണയും മുഖ്യമന്ത്രിയാകാൻ അവസരം നൽകിയതും കോൺഗ്രസ് ആണ്. ഇതിന് പാർട്ടി നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറയുന്നുവെന്നും സ്വന്തം കാര്യം തന്നെ ഉദാഹരണമാക്കി സിദ്ധരാമയ്യ വ്യക്തമാക്കി.
Content Highlight : Siddaramaiah has said that a Dalit will become the Chief Minister tomorrow through the Congress party, asserting the party’s commitment to social justice and inclusive leadership.