ആദ്യം കാമുകൻ, ഇപ്പോൾ അച്ഛൻ; പ്രതികാര കൊലകളുടെ നിഴൽ വീണ നടി വിഷ്ണുപ്രിയയുടെ ജീവിതം

മാനസികപ്രശ്നങ്ങളുള്ള ഭര്‍ത്താവിന്‍റെ ചികിത്സയ്ക്കായി നടി കൊടെെക്കനാലിലേക്ക് വരാറുണ്ടായിരുന്നു. അപ്പോഴാണ് പ്രഭാകരനെ പരിചയപ്പെടുന്നത്

ആദ്യം കാമുകൻ, ഇപ്പോൾ അച്ഛൻ; പ്രതികാര കൊലകളുടെ നിഴൽ വീണ നടി വിഷ്ണുപ്രിയയുടെ ജീവിതം
dot image

സൂര്യയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ മായാവി എന്ന ചിത്രം… 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഹിറ്റായി മാറിയ ഒരു ഗാനവും പെര്‍ഫോമന്‍സും ഉണ്ടായിരുന്നു. ശാരീരികവൈകല്യമുള്ള കഥാപാത്രമായി എത്തി അന്ന് പ്രേക്ഷകരുടെ മനസ് കവര്‍ന്നത് ഒരു യുവനടിയായിരുന്നു, പേര് വിഷ്ണുപ്രിയ. ഒരൊറ്റ പെര്‍ഫോമന്‍സിലൂടെ വിഷ്ണുപ്രിയ തമിഴ്‌നാട്ടിലെമ്പാടും ശ്രദ്ധ നേടി. പക്ഷെ പിന്നീടുള്ള വര്‍ഷങ്ങളില്‍ വിഷ്ണുപ്രിയയുടെ കരിയര്‍ വെള്ളിത്തിരയില്‍ തിളക്കത്തോടെ തുടര്‍ന്നില്ലെന്ന് മാത്രമല്ല, വര്‍ഷങ്ങള്‍ക്കിപ്പുറം ആ ജീവിതത്തിലേക്ക് കടന്നുവന്നത് കൊലപാതകങ്ങളുടെ ഇരുണ്ട നാളുകളുമായിരുന്നു.

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളെ വെല്ലുന്ന സംഭവങ്ങളാണ് വിഷ്ണുപ്രിയയുടെ ജീവിതത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സംഭവിച്ചത്. ഇന്ന് അച്ഛനായ സൂര്യ നാരായണനെ കൊടൈക്കനാലിലെ ബംഗ്ലാവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുമ്പോള്‍ 2018ല്‍ നടന്ന മറ്റൊരു കൊലപാതകത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാവുകയാണ്. വിഷ്ണുപ്രിയയ്ക്ക് അടുപ്പമുണ്ടായിരുന്ന പ്രഭാകരന്‍ എന്ന കാര്‍ ഡ്രൈവറെ കാറിനുള്ളില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത് അന്ന് സൃഷ്ടിച്ച കോളിളക്കം ചെറുതായിരുന്നില്ല. സൂര്യനാരായണന്റെ മരണം ഈ കൊലപാതകത്തിനോടുള്ള പ്രതികാരമാണോ എന്ന് വരെ ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്. വാടകക്കൊലയാളികള്‍ പ്രഭാകരനെ കൊലപ്പെടുത്തിയത് സൂര്യനാരായണന്റെ നിര്‍ദേശപ്രകാരമായിരുന്നു എന്നായിരുന്നു ഈ കേസിലെ പൊലീസ് കണ്ടെത്തല്‍.

Vishnupriya in Mayavi movie
മായാവി സിനിമയില്‍ വിഷ്ണുപ്രിയ

ആളില്ലാ കാറും കാട്ടില്‍ നിന്നും കണ്ടെത്തിയ മൃതദേഹവും

2018 ഓഗസ്റ്റ് 27നാണ് കൊടൈക്കനാലിലെ വനപ്രദേശത്ത് പ്രഭാകരന്റെ മൃതദേഹം കണ്ടെത്തുന്നത്. റോഡരികില്‍ ഏറെ നേരമായി ആളില്ലാത്ത ഒരു കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് പൊലീസില്‍ വിവരിമറിയിക്കുന്നത്. കാര്‍ സീറ്റില്‍ രക്തക്കറ കണ്ട പൊലീസ് പരിസരത്ത് അന്വേഷണം ആരംഭിച്ചു. കാറിന്റെ ഉടമ പ്രഭാകര്‍ എന്ന 29 വയസുകാരനാണെന്നും ഇയാളെ കാണാനില്ലെന്ന് കുടുംബം കുറച്ച് ദിവസം മുന്‍പ് പരാതി നല്‍കിയതായും പൊലീസിന് വിവരം ലഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്നിടത്ത് നിന്നും ഒരുപാട് ദൂരയല്ലാതെ കാട്ടില്‍ പ്രഭാകരന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു ഈ മൃതദേഹം.

പ്രഭാകരന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് കൊലപാതകം നടത്തിയവരെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചു. പ്രഭാകരന്‍ അന്ന് ഫോണിലൂടെ സംസാരിച്ചവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. സെന്തില്‍, മണികണ്ഠന്‍, സല്‍മാന്‍, ഇര്‍ഫാന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രഭാകരനെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് കണ്ടെത്തി. സെന്തിലും പ്രഭാകരനും തമ്മില്‍ പരിചയമുണ്ടായിരുന്നു. സെന്തിലാണ് പ്രഭാകരനെ വിളിച്ചുവരുത്തിയത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം പിന്നീട് എല്ലാവരും ചേര്‍ന്ന് പ്രഭാകരന്റെ കഴുത്തും അറുത്ത് മരണം ഉറപ്പുവരുത്തുകയായിരുന്നു.

വാടകക്കൊലയാണെന്ന് വ്യക്തമായ പൊലീസ് ആരാണ് ഈ കൊലയ്ക്ക് പിന്നിലെന്ന് അന്വേഷിച്ചു. ആ അന്വേഷണത്തിലാണ് വിഷ്ണുപ്രിയയുടെ അച്ഛന്‍ സൂര്യനാരായണനിലേക്ക് പൊലീസ് എത്തുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ വിഷ്ണുപ്രിയ പ്രഭാകരനുമായി തുടങ്ങിയ പ്രണയബന്ധമാണ് സൂര്യനാരായണനെ പ്രകോപിപ്പിച്ചത്.

Actress Vishnupriya's Father Suryanarayanan
വിഷ്ണുപ്രിയന്‍റെ അച്ഛനായ സൂര്യനാരായണന്‍

മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന വിഷ്ണുപ്രിയയുടെ ഭര്‍ത്താവായ രമേഷ് കൃഷ്ണന്‍ ആ സമയത്ത് കൊടൈക്കനാലില്‍ ചികിത്സയിലായിരുന്നു. സൂര്യനാരായണന്റെ ഇവിടെയുള്ള ബംഗ്ലാവിലേക്ക് ഭര്‍ത്താവിന്റെ ചികിത്സാവശ്യങ്ങള്‍ക്കായി വിഷ്ണുപ്രിയ വരാറുണ്ടായിരുന്നു. വിഷ്ണുപ്രിയയെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും കൊടൈക്കനാലിലേക്കും തിരിച്ചും കൊണ്ടുപോയിരുന്നത് പ്രഭാകരനായിരുന്നു. ഇരുവരും തമ്മില്‍ തുടങ്ങിയ പരിചയം പിന്നീട് പ്രണയമായി മാറി.

ഇതേകുറിച്ച് അറിഞ്ഞ സൂര്യനാരായണന്‍ മകളോട് പ്രഭാകരനുമായുള്ള ബന്ധത്തില്‍ നിന്നും പിന്തിരിയണമെന്ന് കടുപ്പിച്ച് തന്നെ പറഞ്ഞു. പക്ഷെ വിഷ്ണുപ്രിയ തയ്യാറായില്ല. പ്രഭാകരനെ വിവാഹം ചെയ്യുമെന്ന് കൂടി നടി അറിയിച്ചതോടെ സൂര്യനാരായണന് സഹിച്ചില്ല. അങ്ങനെയാണ് പ്രഭാകരനെ കൊല്ലാന്‍ സൂര്യനാരായണന്‍ തീരുമാനിച്ചത് എന്നാണ് പൊലീസ് കണ്ടെത്തിയത്. സൂര്യനാരായണന്‍ അഞ്ച് ലക്ഷം തനിക്ക് നല്‍കിയെന്നും പ്രഭാകരനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കണം എന്ന് ആവശ്യപ്പെട്ടു എന്നുമാണ് സെന്തിലിന്റെ മൊഴി. സൂര്യനാരായണനെ വൈകാതെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. നിലവില്‍ ഈ കേസിന്റെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. പ്രഭാകരന്റെ കൊലയ്ക്കുള്ള പ്രതികാരമാണോ സൂര്യനാരായണന്റെ കൊലപാതകമെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

സൂര്യനാരായണന്റെ കൊലപാതകം

2026 ഫെബ്രുവരി 22നാണ് സ്വന്തം ബംഗ്ലാവില്‍ സൂര്യനാരായണനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. സ്വിമ്മിംഗ് പൂളിനടുത്ത് മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാവിലെ ജോലിക്കാരെ കെട്ടിയിട്ട ശേഷമാണ് സൂര്യനാരായണനെ കൊലപ്പെടുത്തിയത് എന്നാണ് സൂചന. സൂര്യനാരായണന്‍ തന്റെ ബംഗ്ലാവ് വിനോദ സഞ്ചാരികള്‍ക്ക് താമസത്തിനായി നല്‍കാറുണ്ടായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം അഞ്ച് പേര്‍ ഇവിടെ താമസിക്കാനായി വന്നിരുന്നു. ഇവരായിരിക്കാം സൂര്യനാരായണനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. ബംഗ്ലാവിലെ ആഭരണങ്ങള്‍, സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ എന്നിവ മോഷണം പോയിട്ടുണ്ട്. വിനോദസഞ്ചാരികളെന്ന് പറഞ്ഞെത്തിയവര്‍ വാടകക്കൊലയാളികളാണോ അതോ പ്രഭാകരനുമായി ബന്ധപ്പെട്ടവരാണോ എന്നെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇരു കൊലപാതകളിലും വിഷ്ണുപ്രിയ പരസ്യപ്രതികരണം നടത്തിയിട്ടില്ല. നിലവില്‍ ചെന്നൈയിലാണ് നടി താമസിക്കുന്നത് എന്ന് മാത്രമാണ് വിവരം.

Content Highlights: Actress Vishnupriya's fathers murder : actress's lover's murder in 2018 is in discussion again. What happened to car driver Prabhakaran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us