

ചെന്നൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്‌നാട്ടില്‍ ഇപ്പോഴും തങ്ങള്‍ ഡിഎംകെയുടെ സഖ്യകക്ഷിയാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇരുപാര്‍ട്ടികളെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി കൈകോര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണത്തിന് അവസാനമായി. കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ ദീര്‍ഘകാലമായുള്ള വിശ്വസ്തമായ ബന്ധമാണ് ഉള്ളതെന്നും ആ ബന്ധത്തില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന ഗിരീഷ് ചോഡാന്‍കര്‍ വ്യക്തമാക്കി.
ചില കോണ്‍ഗ്രസ് നേതാക്കള്‍ ഡിഎംകെയെ പരോക്ഷമായി വിമര്‍ശിച്ചതും സംസ്ഥാന പദവി അലങ്കരിക്കുന്ന നേതാക്കള്‍ വിജയ്‌യെ പിന്തുണച്ച് രംഗത്തെത്തിയതും പല സംശയങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം ഇക്കഴിഞ്ഞ ഡിസംബറില്‍ എംകെ സ്റ്റാലിനെ സന്ദര്‍ശിച്ച് പിന്തുണ ഉറപ്പുനല്‍കിയിരുന്നു.
' ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ബന്ധമാണ് ഡിഎംകെയുമായി ഉള്ളത്. ഞങ്ങളുടെ ഏറ്റവും വിശ്വസ്തമായ സഖ്യകക്ഷിയാണ്. കോണ്‍ഗ്രസിന് സീറ്റ് വിഭജന ചര്‍ച്ചകള്‍ എത്രയും വേഗം തീരുമാനിക്കണമെന്നാണ് ആഗ്രഹം. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പെട്ടെന്ന് ആരംഭിക്കാം'- ഗിരീഷ് ചോഡാന്‍കര്‍ പറഞ്ഞു.
നിലവില്‍ കോണ്‍ഗ്രസിന് 17 എംഎല്‍എമാരാണുള്ളത്. വരുന്ന ഇലക്ഷനില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിലെ ചില നേതാക്കളുടെ ആവശ്യം. ഡിഎംകെ നല്‍കുന്ന സീറ്റില്‍ മത്സരിക്കാമെന്ന നിലപാടിലാണ് ചിലരെങ്കില്‍ 45 സീറ്റ് വരെ ചോദിച്ച് വാങ്ങണമെന്ന നിലപാടാണ് മറ്റ് ചില നേതാക്കള്‍ക്കുള്ളത്. വേറൊരു വിഭാഗത്തിന് ടിവികെയുമായി സഖ്യം വേണമെന്നാണ് ആവശ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Content Highlights: Congress reaffirmed its alliance with DMK in TamilNadu