

വാഷിംഗ്ടണ്‍: വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് വ്യക്തമാക്കി ഡോണാള്‍ഡ് ട്രംപ്. മികച്ച ഭരണം എന്താണെന്ന് വെനസ്വേല ജനതയ്ക്ക് മനസിലാക്കി കൊടുക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത നീക്കമാണ് അമേരിക്ക നടത്തിയത്. ശരിയായ ഭരണക്കൈമാറ്റം നടക്കുന്നത് വരെ വെനസ്വേല യുഎസ് ഭരിക്കുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രത്യേക സൈനിക നടപടി നടത്തിയത്. വ്യോമ നാവിക സേന നടത്തിയ നീക്കം വിജയം കണ്ടു. വെനിസ്വേലയ്ക്ക് സമാധാനമാണ് ആവശ്യം. അമേരിക്കയില്‍ നിക്കോളാസ് മഡുറോയും ഭാര്യയും വിചാരണ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ക്രിമിനല്‍ സംഘത്തിന്റെ പ്രതിനിധിയാണ് മഡുറോ, അയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.
മഡുറോ ലഹരിസംഘങ്ങള്‍ക്ക് ഉള്‍പ്പെടെ സഹായം നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ വെനസ്വേലയില്‍ രണ്ടാമത്തെ വലിയ ആക്രമണം നടത്തും. കൂടാതെ അമേരിക്കന്‍ എണ്ണക്കമ്പനികളും ഊര്‍ജ്ജ പദ്ധതികളും വെനസ്വേലയില്‍ വരുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. മഡുറോ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് ശക്തമായ തെളിവുകള്‍ അമേരിക്കന്‍ കോടതികളിലുണ്ടെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
Content highlights: US President Donald Trump said the United States will run Venezuela