

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു എംഎല്‍എയ്‌ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി കോടതി. കുറ്റമാണെന്ന് അറിഞ്ഞുകൊണ്ട് ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങിയെന്ന് കോടതി നിരീക്ഷിച്ചു. വ്യാജരേഖ ചമച്ചത് ആന്റണി രാജുവാണെന്നും നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധിപ്പകര്‍പ്പില്‍ പറയുന്നു.
'കോടതി ഉത്തരവില്ലാതെയാണ് കെ എസ് ജോസ് തൊണ്ടിമുതല്‍ കൈമാറിയത്. തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത്. പ്രതികളുടെ പ്രവൃത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂര്‍വം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്', കോടതി വിധിപ്പകര്‍പ്പില്‍ പറയുന്നു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും അന്ന് നീതിന്യായ വ്യവസ്ഥയുടെ പരാജയമുണ്ടായെന്നും കോടതി നിരീക്ഷിച്ചു.
മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് എംഎല്‍എയ്‌ക്കെതിരെ കോടതി വിധിച്ചത്. കേസെടുത്ത് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കേസില്‍ വിധി വന്നത്. ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കല്‍ വകുപ്പിന് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളായിരുന്നു ആന്റണി രാജുവിനെതിരെ തെളിഞ്ഞത്. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടുണ്ട്.
ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തി തൊണ്ടിമുതല്‍ പുറത്തെടുത്ത് അതില്‍ കൃത്രിമത്വം വരുത്തിയെന്നും അങ്ങനെ ഹൈക്കോടതിയിലെ കേസ് പ്രതിക്ക് അനുകൂലമാക്കിയെന്നും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്. ഇതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാവും.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയാണ് പിടിയിലായത്. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്നു സര്‍വലിയുടെ അടിവസ്ത്രം.
Content Highlights: The court made strong and serious remarks against Antony Raju during the hearing of the Underwear evidence tampering case