2025 ൽ മോദി നടത്തിയ വിദേശ യാത്രകളും ലോക രാജ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ സ്വാധീനവും

പ്രതിരോധം മെച്ചപ്പെടുത്തുന്നതിനോടൊപ്പം, സാമ്പത്തികം, വിദേശനയം എന്നീ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോയ വർഷം കൂടിയാണ് 2025

2025 ൽ മോദി നടത്തിയ വിദേശ യാത്രകളും ലോക രാജ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ സ്വാധീനവും
dot image

2025 എന്ന വർഷം പ്രതിരോധ മേഖലയിൽ നമ്മുടെ രാജ്യം കൊണ്ടുവന്ന വൻ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നാം കണ്ടതാണ്. തദ്ദേശീയമായി നിർമ്മിച്ച മിസൈലുകൾ മുതൽ അന്തർവാഹിനികൾ വരെ പുത്തൻ പ്രതിരോധ ആയുധങ്ങൾ ഇന്ത്യയുടെ ആവനാഴിയിലേക്ക് ചേർത്ത് വെച്ചപ്പോൾ ലോക രാജ്യങ്ങളും വളരെ ശ്രദ്ധയോടെ ആണ് ആ മുന്നേറ്റത്തെ നിരീക്ഷിച്ചത്. പ്രതിരോധം മെച്ചപ്പെടുത്തിയെങ്കിലും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ചില വിള്ളലുകള്‍ നേരിട്ട വര്‍ഷം കൂടിയായിരുന്നു 2025. ഇതിനിടയിലും തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി അന്താരാഷ്ട്ര ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Modi with India flag

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങൾ സന്ദർശിച്ച് വ്യാപാര ബന്ധം, സാമ്പത്തിക നയം എന്നിവയെ കുറിച്ചായിരുന്നു മോദി പ്രധാനമായും ചര്‍ച്ച നടത്തിയത്.

സന്ദർശനങ്ങളിലൂടെ വിവിധ മേഖലകളിലെ ഇന്ത്യയുടെ സ്വാധീനം മറ്റു രാജ്യങ്ങളെയും ബോധ്യപ്പെടുത്തി കൊടുക്കുക എന്നതുകൂടിയായിരുന്നു മോദിയുടെ ഉദ്ദേശം. മോദി നടത്തിയ ആ വിദേശ സന്ദർശനങ്ങളും അവയുടെ സ്വാധീനവും എങ്ങനെ ആയിരുന്നു എന്ന് നമുക്ക് നോക്കാം.

ഫെബ്രുവരി

2025 ലെ മോദിയുടെ ആദ്യ വിദേശ സന്ദർശനം ഫ്രാൻസിലേക്കായിരുന്നു. ഫെബ്രുവരി 10 മുതൽ 12 വരെ നീണ്ടു നിന്ന യാത്രയിൽ നയതന്ത്ര ബന്ധം, സാങ്കേതികവിദ്യ, പ്രതിരോധം, നിര്‍മിതബുദ്ധി എന്നിവയിൽ കൂടുതൽ കെട്ടുറപ്പുണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയിൽ മോദി അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും പ്രതിരോധ സാങ്കേതികവിദ്യയിലും ഉഭയകക്ഷി സഹകരണത്തിനും ഊന്നൽ നൽകികൊണ്ടായിരുന്നു അവർ ആ ചർച്ച അവസാനിപ്പിച്ചത്.

അമേരിക്കൻ പ്രസിഡന്റായി ട്രംപ് വീണ്ടും അധികാരമേറ്റതിനു ശേഷം ഉള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനം നടന്നത് ഈ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെയാണ്. തുളസി ഗബ്ബാർഡ്, എലോൺ മസ്‌ക്, വിവേക് ​​രാമസ്വാമി എന്നിവരുമായും അന്ന് മോദി കൂടിക്കാഴ്ച് നടത്തി. 2025 മുതൽ 2035 വരെയുള്ള യുഎസ്-ഇന്ത്യ പ്രധാന പ്രതിരോധ പങ്കാളിത്തത്തിനായുള്ള 10 വർഷം നീണ്ടു നിൽക്കുന്ന പദ്ധതികളും ട്രംപും മോദിയും ചേർന്ന് പ്രഖ്യാപിച്ചു.

മാർച്ച്

ഇന്ത്യയും ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രമായ മൗറീഷ്യസും തമ്മിലുള്ള സവിശേഷവും ചരിത്രപരവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിനായി മാർച്ച് 11 നാണ് അവിടേക്ക് മോദി സന്ദര്‍ശനം നടത്തുന്നത്. മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി

അദ്ദേഹം പങ്കെടുത്തു. സമുദ്ര സുരക്ഷാ സഹകരണവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രങ്ങളും യാത്രയിൽ ഒപ്പുവച്ചു. അത് കഴിഞ്ഞുള്ള മാസം ഏപ്രിൽ 3 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ തായ്‌ലൻഡും ശ്രീലങ്കയും സന്ദർശിച്ച മോദി BIMSTEC അതായത് The Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation പോലുള്ള ഏഴ് രാജ്യങ്ങളുടെ ഒരു അന്താരാഷ്ട്ര സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ ഊന്നൽ നൽകണമെന്നാണ് എടുത്തു പറഞ്ഞത്. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുമായി സ്ഥിരമായ ഉരസലുകള്‍ ഉണ്ടാകുന്നതിനാലാകണം അയല്‍പക്ക സൗഹൃദം നിലനിർത്താനായി മോദി ഈ ശ്രമം നടത്തിയത്.

ഏപ്രിൽ

ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയുടെ പ്രധാന കേന്ദ്രമായ സൗദി അറേബ്യയിലേക്ക് ഏപ്രിൽ 22 നു ആണ് മോദി സന്ദർശനം നടത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ചർച്ചയിൽ ഊർജ്ജം, വ്യാപാരം, പ്രാദേശിക സുരക്ഷാ വിഷയങ്ങൾ എന്നിവയിൽ സഹകരണം മെച്ചപ്പെടുത്താൻ ആണ് തീരുമാനം ആയത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ചർച്ച അവസാനിപ്പിക്കാതെ മോദി സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Modi with Saudi Sulthan

ജൂൺ

ജൂൺ 15 ന് സൈപ്രസ് എന്ന രാജ്യത്ത് 20 വർഷത്തിനിടെ എത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആയി മാറിയ മോദി പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവർത്തനം, പ്രാദേശിക സുരക്ഷ, എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള അഞ്ച് വർഷത്തെ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. തുർക്കി എന്ന സൈപ്രസിന്റെ അയൽ രാജ്യത്തിന് ഇന്ത്യയുടെ ആ ഇടപെടൽ ഇഷ്ടപ്പെട്ടതേയില്ല. ഗ്രീസ്-സൈപ്രസ്- അർമേനിയ ത്രിരാഷ്‌ട്രങ്ങളുമായുള്ള ഇന്ത്യയുടെ ഇടപെടൽ തുർക്കിയെ കൂടുതൽ അസ്വസ്ഥരാക്കുകയും ചെയ്തിരുന്നു. കാനഡയിൽ G7 ഉച്ചകോടിക്കായും യൂറോപ്യൻ രാജ്യമായ ക്രോയേഷ്യയിൽ കാർഷിക സഹകരണം, ശാസ്ത്ര-സാങ്കേതിക പങ്കാളിത്തം എന്നിവയിൽ ചർച്ച ചെയ്യാനായി മോദി എത്തിയതും കഴിഞ്ഞ ജൂണിൽ തന്നെയായിരുന്നു.

ജൂലൈ

ജൂലൈ മാസത്തിൽ ആഫ്രിക്ക, കരീബിയൻ, ലാറ്റിൻ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന പര്യടനം ആണ് മോദി നടത്തിയത്. ആഫ്രിക്കൻ രാജ്യങ്ങളായ നമീബിയ, ഘാന, കരിബീയൻ ദ്വീപ് രാജ്യം ട്രിനിഡാഡ് & ടൊബാഗോ, കൂടാതെ അര്ജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കും യാത്ര നടത്തിയ മോദി ഇന്ത്യയും ഈ രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. ബ്രിക്‌സില്‍ ഇന്ത്യയുടെ നേതൃത്വത്തെ ഉയർത്തിക്കാട്ടുക കൂടിയായിരുന്നു ഈ യാത്രകളുടെ ഉദ്ദേശം എന്നാണ് റിപ്പോർട്ട് ഉള്ളത്.

ഇന്ത്യയുടെ വ്യാപാര നയതന്ത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ജൂലൈ 23 , 24 തീയതികളില്‍ പ്രധാനമന്ത്രി മോദി നടത്തിയ യുണൈറ്റഡ് കിംഗ്ഡം സന്ദർശനം. ഉഭയകക്ഷി വ്യാപാരവും നിക്ഷേപ പ്രവാഹവും ഗണ്യമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ-യുണൈറ്റഡ് കിംഗ്ഡം സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (സിഇടിഎ) ഒപ്പുവച്ചു. താരിഫ്, വിപണി പ്രവേശനം, നിക്ഷേപ സംരക്ഷണം എന്നീ സാമ്പത്തിക ബന്ധങ്ങളിലെ ഒരു ചരിത്ര നീക്കമായിട്ടാണ് ഈ കരാറിനെ അന്ന് രേഖപ്പെടുത്തിയതും. ആഗോള, പ്രാദേശിക സുരക്ഷാ വിഷയങ്ങളും പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കെയർ സ്റ്റാർമറും ചർച്ച ചെയ്തു.

Modi with UK PM

തൊട്ടടുത്ത ദിവസങ്ങളിൽ മാലിദ്വീപിലേക്ക് നടത്തിയ മോദിയുടെ സന്ദർശനവും ചർച്ച ചെയ്യപ്പെട്ടിരുന്നു. മാലിദ്വീപുമായി ഉണ്ടായിരുന്ന മുൻകാല സംഘർഷങ്ങൾക്ക് ശേഷം ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഈ സന്ദർശനം നിർണായകമായിരുന്നു എന്നാണ് റിപോർട്ടുകൾ ഉണ്ടായിരുന്നത്. ഇന്ത്യയും മാലിദ്വീപും സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുകയും യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സാമ്പത്തിക സഹകരണം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, മത്സ്യകൃഷി, കാലാവസ്ഥാ പ്രവർത്തനം എന്നിവ ഉൾക്കൊള്ളുന്ന ഒന്നിലധികം ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ക്രെഡിറ്റ്, നിക്ഷേപ ഉടമ്പടികൾ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായ പാക്കേജും ഇന്ത്യ മാലിദ്വീപിന്‌ മുന്നിലേക്ക് നീട്ടി.

ഓഗസ്റ്റ്

സാങ്കേതിക സഹകരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളികളിൽ ഒന്നാണ് ജപ്പാൻ. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായുള്ള പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രി മോദിയുടെ ജപ്പാൻ സന്ദർശനം നടക്കുന്നത്. ഇന്തോ-പസഫിക് മേഖലയിലെ പ്രാദേശിക സുരക്ഷയായിരുന്നു അന്നത്തെ അവരുടെ പ്രധാന ചർച്ചാവിഷയം. ജപ്പാന് ശേഷം എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പിന്നീട് പ്രധാനമന്ത്രി തിരിച്ചത് ചൈനയിലേക്കാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും പ്രധാനമായും ആഭ്യന്തര വികസന ലക്ഷ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എതിരാളികളല്ല, പങ്കാളികളാണെന്നും ഇരു നേതാക്കളും സമ്മതിക്കുകയായിരുന്നു. ലോകം ശ്രദ്ധയോടെ വീക്ഷിച്ച മറ്റൊരു ഇന്ത്യൻ വിദേശ പങ്കാളിത്ത ചർച്ചയായിരുന്നു അത്.

നവംബർ

ഇന്ത്യയുടെ വികസനപരവും സാംസ്കാരികവുമായ ബന്ധത്തെ അടിവരയിടുന്ന പ്രധാന ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യാനായി ഭൂട്ടാനിലേക്ക് ഉള്ള മോദിയുടെ യാത്രയും ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി എത്തിയതും ഇക്കഴിഞ്ഞ നവംബറിൽ ആണ്.

Modi in Jordan, Ethiopia and Oman

ഡിസംബർ

ഈ വർഷം അവസാനമായി പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും മോദി നടത്തിയ ത്രിരാഷ്ട്ര സന്ദർശനം ലോകരാജ്യങ്ങള്‍ ഉറ്റുനോക്കിയതായിരുന്നു. ഡിസംബർ 15 മുതൽ 18 വരെ ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച മോദിയുടെ രാഷ്ട്രതലന്മാരുമായുള്ള 'കാർ നയതന്ത്രവും' സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു. ജോർദാന്‍ സന്ദര്‍ശനത്തില്‍

പുനരുപയോഗ ഊർജ്ജം, വാട്ടര്‍ മാനേജ്മെന്റ്, സാംസ്കാരിക വിനിമയം, ഡിജിറ്റൽ പരിഹാരങ്ങൾ എന്നിവ സംബന്ധിച്ച കരാറുകളിൽ മോദി ഒപ്പുവച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 5 ബില്യൺ യുഎസ് ഡോളറായി ഉയർത്താൻ നേതാക്കൾ തീരുമാനം എടുക്കുകയും ചെയ്തു.

ശേഷം എത്യോപ്യയിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് എത്യോപ്യയുടെ പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ സമ്മാനിച്ചത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തത്തെ അടിവരയിടുന്ന നിമിഷമായി മാറുകയും ചെയ്തു.

കൂടാതെ യാത്രയുടെ അവസാന ഭാഗം ഒമാൻ സന്ദർശിച്ച്, ഒമാൻ സുൽത്താനുമായുള്ള ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച മോദിയെ ഒമാന്റെ ഓർഡർ ഓഫ് ഒമാൻ ബഹുമതി നൽകി ആ രാജ്യം ആദരിക്കുകയും ചെയ്തു. വിദേശയാത്രകള്‍ക്ക് പേരുകേട്ട നരേന്ദ്ര മോദി 2025ലും പതിവ് തെറ്റിച്ചില്ലെന്ന് വേണം പറയാന്‍. പല യാത്രകളും ലക്ഷ്യം കണ്ടെങ്കിലും പലതും കടലാസില്‍ മാത്രമായി ഒതുങ്ങിപ്പോവുകയായിരുന്നു.

Content Highlights : PM Modi’s 2025 foreign visits

dot image
To advertise here,contact us
dot image