

മുസാഫര്‍പൂര്‍: ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെയും വ്യാജ എഐ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച 25 കാരന്‍ പിടിയില്‍. മുസാഫര്‍പൂര്‍ പൊലീസാണ് വെള്ളിയാഴ്ച യുവാവിനെ അറസ്റ്റ് ചെയ്തത്. വാട്‌സ്ആപ്പിലൂടെയാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടിന് ലഭിച്ചത്. jansuraajbochacha എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും പേരും ശബ്ദവുമെല്ലാം ദുരുപയോഗം ചെയ്ത് എഐ ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്.
ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ചത് വഴി സാധാരണ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതി ശ്രമിച്ചതെന്നാണ് ആരോപണം. ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റുകളാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നതെന്ന് മുസാഫര്‍പൂര്‍ ഡിഎസ്പി ഹിമാന്‍ഷു കുമാറും വ്യക്തമാക്കുന്നു. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ സൈബര്‍ ഡിഎസ്പിയുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. പിന്നാലെ ഭഗ്വന്‍പൂര്‍ ബോചാചാ നിവാസിയായ നാഗേന്ദ്ര സാഹ്നി എന്നയാളുടെ മകനായ പ്രമോദ് കുമാര്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രമോദിനെതിരെ സൈബര്‍ കുറ്റകൃത്യം മാത്രമല്ല ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തികളും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് പൊലീസ് വിലയിരുത്തുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനിടയില്‍ ഇയാള്‍ പ്രശാന്ത് കിഷോർ നയിക്കുന്ന ജന്‍ സൂരജ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളാണ് പാർട്ടിയുടെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്തിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. ബിഹാറില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇയാള്‍ മത്സരിച്ചിരുന്നു.
Content Highlights: Man arrested for creating and spreading fake AI videos of Prime Minister and President