

ഡെഹ്‌റാഡൂണ്‍: പണം കൊടുത്താല്‍ ബിഹാറില്‍ നിന്നും വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കുമെന്ന വിവാദ പ്രസ്താവന നടത്തി ബിജെപി മന്ത്രിയുടെ ഭര്‍ത്താവ്. ഉത്തരാഖണ്ഡ് വനിതാ ശിശു ക്ഷേമ മന്ത്രി രേഖ ആര്യയുടെ ഭര്‍ത്താവ് ഗിര്‍ധരി ലാല്‍ സാഹുവാണ് വിവാദത്തിലായിരിക്കുന്നത്. അല്‍മോറയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു ഇയാളുടെ പ്രസ്താവന. സംഭവം വിവാദമായതോടെ സാഹു ഖേദപ്രകടനവുമായി രംഗത്തെത്തി.
ഉത്തരാഖണ്ഡില്‍ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ലെങ്കില്‍ ഞങ്ങള്‍ ബിഹാറില്‍ നിന്നും നിങ്ങള്‍ക്കായി ഒരു പെണ്‍കുട്ടിയെ കൊണ്ടുവരും. അവിടെ നിങ്ങള്‍ക്ക് 20,000 മുതല്‍ 25,000 രൂപയ്ക്ക് വരെ പെണ്‍കുട്ടികളെ ലഭിക്കും. എന്റെ കൂടെ വന്നാല്‍ ഞങ്ങള്‍ നിങ്ങളെ വിവാഹം കഴിപ്പിക്കാമെന്ന് സാഹു പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വിവാദമായതിന് പിന്നാലെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നാണ് സാഹുവിന്റെ വിശദീകരണം. ഒരു സുഹൃത്തിന്റെ വിവാഹത്തെ കുറിച്ചാണ് സംസാരിച്ചതെന്നും ആരെയെങ്കിലെയും തന്റെ പ്രസ്താവന മൂലം വേദനയുണ്ടായെങ്കില്‍ കൈക്കൂപ്പി ക്ഷമ ചോദിക്കുന്നുവെന്നും സാഹു പറഞ്ഞു. അതേസമയം ബിജെപി ഉത്തരാഖണ്ഡ് യൂണിറ്റ് സാഹുവിന്റെ പ്രസ്താവനയില്‍ അപലപിച്ചു. അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുകയും ചെയ്തു.
ഭാര്യ സംസ്ഥാനത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ സാഹു ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ ജ്യോതി റൗട്ടേല അഭിപ്രായപ്പെട്ടു.
Content Highlights:uttarakhand ministers husband statement on bihar women draws sharp political reactions