ഇൻഡിഗോയ്‌ക്കെതിരെ നടപടിയുമായി കേന്ദ്രം; 10 ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് ഉത്തരവ്; സിഇഒയെ വിളിച്ചുവരുത്തി

ഇൻഡിഗോയുടെ സിഇഒ അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിന് പിന്നാലെയാണ് 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്

ഇൻഡിഗോയ്‌ക്കെതിരെ നടപടിയുമായി കേന്ദ്രം; 10 ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് ഉത്തരവ്; സിഇഒയെ വിളിച്ചുവരുത്തി
dot image

ന്യൂ ഡൽഹി: യാത്രക്കാരെ പെരുവഴിയിലാക്കിയ പ്രതിസന്ധിക്ക് പിന്നാലെ ഇന്ഡിഗോയ്‌ക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. കമ്പനിയുടെ 10 ശതമാനം സർവീസുകൾ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സർവീസുകൾ പൂർവസ്ഥിതിയിലാക്കാൻ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇൻഡിഗോയുടെ ശൈത്യകാല ഷെഡ്യൂളിനെ ഇത് ബാധിക്കും.

ഇൻഡിഗോയുടെ സിഇഒ അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിന് പിന്നാലെയാണ് 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്. സർവീസുകളിൽ സ്ഥിരത ഉണ്ടാകാനും ഇനിയും റദ്ദാക്കലുകൾ ഇല്ലാതെയിരിക്കാനും വെട്ടിക്കുറയ്ക്കൽ അത്യാവശ്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ദിവസേന 2,200ത്തോളം സർവീസുകൾ നടത്തുന്ന ഇൻഡിഗോയ്ക്ക് ഏകദേശം 200 ഓളം വിമാന സർവീസുകൾ നിർത്തിവെക്കേണ്ടിവരും. കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ടിക്കറ്റ് പരിധി നടപ്പിലാക്കാനും ഇൻഡിഗോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ ദിവസം ഇൻഡിഗോ പ്രതിസന്ധിയിൽ വിശദീകരണം നൽകിയിരുന്നു. സാങ്കേതിക പ്രശ്നം, കാലാവസ്ഥ, ശൈത്യകാല സമയക്രമം, പൈലറ്റുമാരുടെ പുതിയ വ്യവസ്ഥ എന്നിവ പ്രതിസന്ധിക്ക് കാരണമായി എന്നാണ് ഇൻഡിഗോ സിഇഒ നൽകിയ മറുപടിയിൽ ഉള്ളത്. എന്നാൽ ഈ മറുപടി വ്യോമയാന മന്ത്രാലയം തള്ളിയതായും സൂചനകളുണ്ടായിരുന്നു.

പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ആഴ്ചയിൽ മാത്രം റദ്ദാക്കപ്പെട്ടത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ വ്യവസ്ഥ ഡിജിസിഎ തത്കാലത്തേക്ക് പിൻവലിച്ചിരുന്നു.

Content Highlights: centre cuts 10% services of indigo due to operational crisis

dot image
To advertise here,contact us
dot image